ലാലിനെ ഹസ്തദാനം നൽകി സ്വീകരിച്ച് ദിലീപ്; നിലപാടുകളല്ലേ... വ്യക്തി വൈരാഗ്യമാവില്ല, അവർ സഹപ്രവർത്തകർ; ചർച്ച!
ശ്രീനിവാസന്റെ വേർപാടോടെ മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ബഹുമുഖപ്രതിഭയായിരുന്ന ഒരു വ്യക്തിത്വമാണ് തിരശീലയ്ക്ക് പിന്നിലേക്ക് മറയുന്നത്. മറ്റാർക്കും അദ്ദേഹത്തിന് പകരമാകാൻ കഴിയില്ല. മരണ വാർത്ത അറിഞ്ഞ് തെന്നിന്ത്യ ഒന്നാകെ കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകി എത്തിയിരുന്നു. എല്ലാ തിരക്കുകളും മാറ്റിവെച്ച് മോഹൻലാലും മമ്മൂട്ടിയും ദിലീപും തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ശ്രീനിവാസന് അരികിൽ ഇരുന്നു... വിമലയേയും മക്കളേയും ആശ്വസിപ്പിച്ചു.
കുടുംബത്തിലെ വേണ്ടപ്പെട്ട ആർക്കോ മരണം സംഭവിച്ചതുപോലൊരു ഹൃദയഭാരമാണ് ശ്രീനിവാസന്റെ വേർപാട് അറിഞ്ഞപ്പോൾ മുതൽ മലയാളികൾക്ക്. അത്രമേൽ പ്രിയങ്കരനായിരുന്നു അദ്ദേഹം മലയാളികൾക്ക്. സാധാരണക്കാരുടെ മനസ് അറിഞ്ഞ് കഥകളെഴുതിയ യഥാർത്ഥ സിനിമക്കാരൻ. തമിഴ് നടൻ സൂര്യ അടക്കമുള്ളവർ അനുശോചനമറിയിക്കാൻ നേരിട്ട് എത്തിയിരുന്നു.

സിനിമാക്കാർ മാത്രമല്ല നാനാഭാഗത്ത് നിന്നുള്ള സാധാരണക്കാരായ പ്രേക്ഷകരും ശ്രീനിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ ചർച്ചയാവുകയാണ്. നടന്റെ ഭൗതികദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോഴുള്ളതാണ് വീഡിയോ. മരണ വാർത്ത അറിഞ്ഞ് ആദ്യം ഓടി എത്തിയവരിൽ ഒരാൾ നടൻ ദിലീപായിരുന്നു.
പിന്നാലെ മമ്മൂട്ടിയും മോഹൻലാലും എത്തി. സംവിധായകനും നടനുമായ ലാലും ശ്രീനിവാസനെ അവസാനമായി കാണാനും ആദരാഞ്ജലി അർപ്പിക്കാനും എത്തിയിരുന്നു. ഭൗതികദേഹം കാണാനെത്തിയ ലാലിനെ ഹസ്തദാനം നൽകി സ്വീകരിച്ചത് ദിലീപാണ്. ആ രംഗങ്ങളുടെ വീഡിയോയാണ് വൈറലാകുന്നത്. നടിയെ ആക്രമിച്ച കേസും വിവാദവും ആരംഭിച്ചശേഷം ലാലും ദിലീപും ശത്രുതയിലാണെന്ന ധാരണയിലായിരുന്നു പ്രേക്ഷകർ.
അതുകൊണ്ട് കൂടിയാണ് പുതിയ വീഡിയോ ചർച്ചയായത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് കുറ്റവിമുക്തനാക്കപ്പെട്ടത്. മാത്രമല്ല കേസിന്റെ ആരംഭഘട്ടം മുതൽ ലാൽ അതിജീവിതയായ നടിക്കൊപ്പമാണ്. ആക്രമിക്കപ്പെട്ടശേഷം നടി ആദ്യം അഭയം തേടി ചെന്നതും ലാലിന്റെ വീട്ടിലേക്കാണ്. ലാലാണ് പോലീസ് അടക്കമുള്ളവരെ വിളിച്ചതും കേസും മറ്റുമായി നീങ്ങാൻ അതിജീവിതയ്ക്ക് ധൈര്യം കൊടുത്തതും.
അങ്ങനൊരാൾ എങ്ങനെയാണ് ദിലീപിനെ കാണുമ്പോൾ തന്നെ ഹസ്തദാനം നൽകുന്നതും സംസാരിച്ച് കാര്യങ്ങൾ പങ്കുവെക്കുന്നതുമെന്നെല്ലാമുള്ള സംശയവും ആളുകൾ കമന്റ് ബോക്സിൽ ഉയർത്തി. കുടിക്കാനായി വെള്ളം അടക്കം ലാലിന് എടുത്ത് നൽകിയതും ദിലീപാണ്. ദിലീപിന്റെ മറുപക്ഷത്ത് നിൽക്കുന്നൊരാളല്ലേ ലാൽ എന്ന ചോദ്യമാണ് ഏറെയും ഉയർന്നത്.

സന്ദേശം സിനിമയിൽ ശ്രീനിയേട്ടൻ എഴുതിയ ആ പഴയ ഡയലോഗാണ് ഇവരെ കാണുമ്പോൾ ഓർമ വരുന്നത്. പ്രഥമ ദൃഷ്ടിയാൽ അകൽച്ചയിലാണെങ്കിലും അവർ തമ്മിൽ ഉള്ള അന്തർധാര സജീവമാണ് എന്നാണ് ഒരാൾ കുറിച്ചത്. ഇവർക്കെല്ലാം വേണ്ടി കമന്റ് ബോക്സിൽ വന്ന് തല്ലുകൂടുന്നവരല്ലേ ശരിക്കും മണ്ടന്മാർ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഒരു വിഷയത്തിൽ അവനവന്റേതായ നിലപാട് സ്വീകരിച്ചുവെന്നേയുള്ളു.
വ്യക്തി വൈരാഗ്യമൊന്നും വെച്ച് പുലർത്തുന്നുണ്ടാവില്ല. അവർ സഹപ്രവർത്തകരല്ലേ എന്നാണ് വേറൊരാൾ കുറിച്ചത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ്. ലാലും ദിലീപും ഒരുമിച്ചുള്ള വീഡിയോ ഭാഗ്യലക്ഷ്മിക്ക് ഒരു തിരിച്ചടിയാണെന്ന് ദിലീപ് അനുകൂലികളും കമന്റ് ബോക്സിൽ കുറിച്ചു.
നടിയെ ആക്രമിച്ച കേസ് ഇനി സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണോ അത് തീർച്ചയായും അവിടെ അറിയിക്കുമെന്നാണ് വിധി കേട്ടശേഷം ലാൽ അടുത്തിടെ പ്രതികരിച്ച് പറഞ്ഞത്. കല്യാണരാമൻ, കിങ് ലയർ അടക്കം നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് ലാലും ദിലീപും.


Click it and Unblock the Notifications











