ദിലീപിനോടുള്ളതുപോലെ വെറുപ്പ് ജഗതി ശ്രീകുമാറിനോട് കാണിക്കുന്നില്ല... രണ്ടുപേരും താരങ്ങളല്ലേ?; ചർച്ചകൾ ഇങ്ങനെ!
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായി പുറത്തിറങ്ങിയശേഷം നടൻ ദിലീപിനോട് ഒരു വിഭാഗം പ്രേക്ഷകരും സിനിമാപ്രവർത്തകരുമെല്ലാം വെറുപ്പ് കാണിക്കുന്നുണ്ട്. ഇനിയുള്ള കാലത്ത് സിനിമയിൽ പഴയതുപോലെ ദിലീപിനെ ശോഭിക്കാൻ അനുവദിക്കില്ലെന്ന തരത്തിൽ വരെ പ്രതികരണങ്ങൾ വരുന്നുണ്ട്. ദിലിപീനോടുള്ള അമർഷം കാണിക്കാൻ ചിലർ നടന്റെ പുതിയ സിനിമ ഭഭബ ബഹിഷ്കരിച്ചിട്ടുണ്ട്.
ദിലീപ് കേസിൽ നിന്നും വിമുക്തി നേടി പുറത്ത് വന്നത് കാശ് എറിഞ്ഞ് നിയമം വിലക്ക് വാങ്ങിയിട്ടാണെന്നാണ് അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരുടെ പക്ഷം. തുടർന്നും ദിലീപിന്റെ സിനിമകൾ വിജയിപ്പിച്ചാൽ സമൂഹത്തിൽ വീണ്ടും തഴച്ച് വളരാൻ ദിലീപിനെ അത് സഹായിക്കുമെന്നും വീണ്ടും പലർക്കും മോശം അനുഭവങ്ങളുണ്ടാകുമെന്നും വിശ്വസിക്കുന്നവരുമുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന എന്ന കുറ്റമാണ് ദിലീപിന്റെ മേൽ ആരോപിക്കപ്പെട്ടിരുന്നത്. പക്ഷെ കോടതിയിൽ ആ കുറ്റം നടന് എതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്നതോടെയാണ് ദിലീപ് കേസിൽ നിന്നും കുറ്റവിമുക്തനായത്. അതേസമയം കൃത്യം ചെയ്ത ആദ്യത്തെ ആറ് പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.
ഭഭബ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമായപ്പോൾ സോഷ്യൽമീഡിയയിൽ ഒരു ചർച്ച നടന്നു. നടിയെ ആക്രമിച്ച കേസിൽ ഒരിക്കൽ പ്രതിയാക്കപ്പെട്ടു എന്നതുകൊണ്ട് ദിലീപിന്റെ സിനിമകൾ ബഹിഷ്കരിക്കുന്നവർ എന്തുകൊണ്ടാണ് വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയാക്കപ്പെട്ട നടൻ ജഗതി ശ്രീകുമാറിന്റെ സിനിമകൾ ബഹിഷ്കരിക്കാത്തത് എന്നതായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന ചോദ്യം.
1995 നവംമ്പര്‍ ഏഴിന് എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് വിതുര സ്വദേശിയായ പെണ്‍കുട്ടിയെ ജഗതി ശ്രീകുമാര്‍ മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഒന്നാം പ്രതി സുരേഷിനെയും ജഗതി ശ്രീകുമാറിനെയും കൂടാതെ മുന്‍ അഡ്വക്കറ്റ് ജനറലും മാണി കോണ്‍ഗ്രസ് നേതാവുമായ കെ സി പീറ്ററും കേസില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രത്യേക കോടതിയില്‍ വാദം നടന്നിരുന്ന കേസില്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നില്ല. പിന്നീട് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നുവത്രെ. വര്‍ഷങ്ങളോളം നീണ്ടുനിന്ന വാദവും സമ്മര്‍ദ്ദങ്ങളും കൊണ്ട് സഹികെട്ട് വാദത്തിന് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുക പോലും ചെയ്തിരുന്നു പെണ്‍കുട്ടി.

കേസിൽ രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രമുഖരുടെ ഇടപെടലുണ്ടാതായി അന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. കേസില്‍ എല്ലാവരും കുറ്റവിമുക്തരായതോടെ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടു. അവൾക്കൊപ്പമെന്ന് നിരന്തരം പറയുന്ന പലരും ജഗതിയുടെ കാര്യം വരുമ്പോൾ സ്വീകരിക്കുന്ന നിലപാട് മറ്റൊന്നാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അന്നൊന്നും സോഷ്യൽ മീഡിയ ഇല്ല.
എങ്ങനെ പ്രതികരിക്കും. അന്ന് പൊതുബോധവും കുറവാണ് എന്നാണ് ഒരു ഫേസ്ബുക്ക് യൂസർ കുറിച്ചത്. ജഗതിയുടെ പേരിൽ വിതുര കേസ് നിലനിൽക്കുന്ന സമയത്ത് റിലീസ് ചെയ്ത അരമന വീടും അഞ്ഞൂറേക്കറും എന്ന സിനിമയിൽ ജഗതിയുടെ ഇൻട്രോയിൽ ഭയങ്കര കൂവൽ ആയിരുന്നു. മൂന്നാല് സീൻ കഴിഞ്ഞപ്പോഴേക്കും കൂവാൻ വന്നവർ മറന്നുപോയി എന്നാണ് അന്നത്തെ ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് വിവരിച്ച് മറ്റൊരാൾ കുറിച്ചത്.
അതേസമയം മുൻകാലത്ത് ചെയ്ത കർമ്മത്തിന്റെ ഫലമാണ് ജഗതി ഇപ്പോൾ അനുഭവിക്കുന്നതെന്നും നിയമം നൽകാത്ത ശിക്ഷ ദൈവം നൽകിയെന്നും ചിലർ കുറിച്ചു. ദിലീപ് സിനിമ ബഹിഷ്കരിക്കാൻ ചിലർ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും ടിക്കറ്റ് ബുക്കിങിന്റെ കാര്യത്തിൽ ഭഭബ വൻ കുതിപ്പാണ് നടത്തുന്നത്. ഒട്ടുമിക്ക തിയേറ്ററുകളും ഹൗസ്ഫുള്ളാണ്.


Click it and Unblock the Notifications











