ആ കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ തുടങ്ങി, പ്രസവ വിവരം അറിയിച്ചപ്പോഴുണ്ടായ പ്രശ്നങ്ങൾ; ദിലീപും കേസും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വരാൻ ദിവസങ്ങൾ മാത്രം. എട്ടാം പ്രതി നടൻ ദിലീപിന് കുറ്റക്കാരനാണോ നിരപരാധിയാണോ എന്നറിയാൻ ഉറ്റ് നോക്കുകയാാണ് കേരള ജനത. എട്ടര വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വരുന്നത്. നടിയെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങളെടുക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ദിലീപ് ഈ ആരോപണം നിഷേധിക്കുന്നു. എട്ട് വർഷത്തിനുള്ളിൽ ദിലീപിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.
ജനപ്രിയ നായകനെന്ന സ്ഥാനം നഷ്ടപ്പെട്ടു. കരിയറിൽ തുടരെ പരാജയങ്ങൾ വന്നു. പൊതുജനങ്ങളിൽ നിന്നും വിമർശനങ്ങളും നേരിടേണ്ടി വന്നു. അതേസമയം ദിലീപിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഇവരുടെ വാദം. ആർ ശ്രീലേഖ ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നയാളാണ്. ദിലീപ് കുറ്റക്കാരാണെന്ന് പറയാൻ ആവശ്യത്തിന് തെളിവില്ലെന്നാണ് ശ്രീലേഖയുടെ വാദം. ദിലീപിന് ജയിലിൽ വിഐപി പരിഗണന കൊടുത്തെന്ന ആരോപണം ശ്രീലേഖയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

ദിലീപിന് അറിഞ്ഞ് കൊണ്ടോ അറിയാതെയോ ഈ കേസിൽ പങ്കില്ലെന്ന് ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നു. കുടുംബത്തിനടക്കം ഹരാസ്മെന്റുണ്ടായി. രണ്ടാമത്തെ കുട്ടി ജനിക്കുന്നതിന് മുമ്പ് തൊട്ട് അഞ്ച് വയസ് പ്രായമാകുന്നത് വരെ അതിനൊരു സ്വസ്ഥത കിട്ടിയിട്ടുണ്ടാകുമെന്ന് തോന്നുന്നുണ്ടോ. അതാെക്കെ ആലോചിച്ച് നോക്കുമ്പോൾ കഷ്ടം തോന്നാറുണ്ടെന്നാണ് ശ്രീലേഖ അന്ന് പറഞ്ഞത്.
ദിലീപ് കേസിലകപ്പെടുന്ന കാലത്ത് രണ്ടാമത്തെ മകൾ മഹാലക്ഷ്മി പിറന്നിട്ടില്ല. കേസിനും പ്രശ്നങ്ങൾക്കുമിടയിലാണ് കാവ്യ പ്രസവിക്കുന്നത്. അന്ന് ദിലീപിന് നേരെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുടരുകയാണ്. അന്ന് ഫിലിം ജേർണലിസ്റ്റായ ശ്രീദേവി ശ്രീധർ കാവ്യക്കും ദിലീപിനും മകൾ പിറന്നതിൽ അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു.

പോസ്റ്റിന് ബോളിവുഡ് താരങ്ങളുൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നു. നിങ്ങളുടെ ഫ്രണ്ടിന് പെൺകുഞ്ഞ് ജനിച്ചതിൽ എന്റെ ആശംസകൾ അറിയിക്കുക. അയാൾ ഒരു സ്ത്രീയോട് ചെയ്ത പ്രവൃത്തി മറ്റൊരു പുരുഷൻ മകളോട് ചെയ്യാൻ അനുവദിക്കില്ലെന്ന് മകൾക്ക് ഉറപ്പ് കൊടുക്കണം എന്നായിരുന്നു നടി തപ്സി പന്നുവിന്റെ പോസ്റ്റ്.
ഇയാൾ ഒരു നടിയെ ബലാത്സംഗം ചെയ്യിച്ചു എന്ന ആരോപണമുണ്ട്. ഒരു സ്ത്രീയായ നിങ്ങൾ അയാളെ പിന്തുണച്ചതിൽ ലജ്ജിക്കണം. നിങ്ങളെ ഞാൻ ബഹുമാനിച്ചിരുന്നു ശ്രീ, എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് നടി ശ്രിയ ശരൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നടി റായ് ലക്ഷ്മിയും അന്ന് ഈ മാധ്യമപ്രവർത്തകയെ വിമർശിച്ചു.


Click it and Unblock the Notifications











