ശുഭരാത്രി 100 ശതമാനം ഫാമിലി, 200 ശതമാനം ഫീല്‍ ഗുഡ്
ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ജൂലൈ അഞ്ചിന് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും അടുത്തിടെയാണ് ട്രെയിലര്‍ പുറത്ത് വന്നത്. തികച്ചുമൊരു ഫാമിലി എന്റര്‍ടെയിനറാണെന്ന സൂചന നല്‍കിയിരിക്കുന്ന സിനിമ ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിരിക്കുകയാണ്. യഥാര്‍ഥ കഥയും ജീവിച്ചിരുന്ന കഥാപാത്രങ്ങളുമാണ് സിനിമയ്ക്ക് ആസ്പദമായി വന്നിരിക്കുന്നത്.
അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ശുഭരാത്രിയില്‍ നിന്നും പുറത്ത് വന്ന ആദ്യ ചിത്രം മുതല്‍ ട്രെയിലര്‍ വരെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ കാഴ്ചയാണ് കണ്ട് വരുന്നത്. അടുത്ത ആഴ്ച റിലീസിനെത്തുന്നതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകള്‍ അവസാനിക്കും. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ശുഭരാത്രിയിലെ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ് ദിലീപ് എത്തിയിരിക്കുകയാണ്.

ദിലീപിന്റെ വാക്കുകളിങ്ങനെ..
മുഹമ്മദും കൃഷ്ണനും..! ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ ഇവരാണ്. യഥാക്രമം സിദ്ദിഖ് ഇക്കയും ഞാനും പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങള്‍ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങള്‍ അല്ല. ജീവിച്ചരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളീയ സമൂഹത്തില്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ആള്‍ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും.
സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ മുഹമ്മദിന്റേയും കൃഷ്ണന്റേയും കഥ ഉള്ളുലക്കുന്നതായിരിക്കും. അതെ, 100 ശതമാനം ഫാമിലി, 200 ശതമാനം ഫീല്‍ ഗുഡ് സിനിമ.


Click it and Unblock the Notifications











