മണിയും ഞാനും കാരണം ഷൂട്ട് നിർത്തി; വിനയേട്ടൻ ദേഷ്യപ്പെട്ടു; സംഭവത്തെക്കുറിച്ച് ദിലീപ്
പഴയ ദിലീപിനെ ഓഫ് സ്ക്രീനിൽ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നടന്റ ആരാധകർ. രസികനായ, എപ്പോഴും തമാശകൾ പറയുന്ന ദിലീപിനെ ഇപ്പോൾ കാണാനേ ഇല്ലെന്ന് ആരാധകർക്ക് നാളുകളായി പരാതിയുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ പ്രൊമോഷൻ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദിലീപിനെ കണ്ട ശേഷം ഈ പരാതികൾ അവസാനിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപിനെ പഴയ പോലെ കാണാൻ സാധിക്കുന്നതെന്ന് ആരാധകർ പറയുന്നു. അതേസമയം വിവാദങ്ങൾ നടന് ചുറ്റും ഇപ്പോഴുമുണ്ട്. ദിലീപിനെ വിമർശിക്കുന്നവരും ഏറെയാണ്.
ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അന്തരിച്ച നടൻ കലാഭവൻ മണി. കോമഡി വേദികളിലൂടെ കരിയർ തുടങ്ങിയ ഇരുവരും എപ്പോഴും പരസ്പരം പിന്തുണ നൽകിയവരാണ്. ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് കലാഭവൻ മണി പഴയ അഭിമുഖങ്ങളിൽ വാചാലനായിട്ടുണ്ട്. മണിയുടെ മരണം ദിലീപിനെ ഏറെ വിഷമിപ്പിച്ചിരുന്നു. നിലവിലെ വിവാദങ്ങളിൽ തനിക്ക് വേണ്ടി സംസാരിക്കാൻ മണിയുണ്ടായേനെയെന്ന് മുമ്പൊരിക്കൽ ദിലീപ് പറഞ്ഞിട്ടുമുണ്ട്. കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ദിലീപിപ്പോൾ. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
മണി ഞങ്ങളുടെ ചങ്കൂറ്റമായിരുന്നു. മണിയെ ആദ്യം കാണുന്നത് ആലുവ പാലസിൽ വെച്ചാണ്. ഒരു ഷോയ്ക്ക് പോകവെ. പിന്നെ സിനിമയിൽ ശരിക്കും കാണുന്നത് സല്ലാപത്തിന്റെ സമയത്താണ്. ലോഹി സാർ പറഞ്ഞ് സിനിമയുടെ കഥ എനിക്ക് അറിയാം. ശ്രദ്ധേയ വേഷമാണ് മണിക്ക് എന്ന് ഞാനവനോട് പറഞ്ഞു. ആ സിനിമയോടെ ഞങ്ങൾ ഭയങ്കര അടുപ്പമായി. ഏകദേശം 2010 വരെ ഞാൻ പോയ എല്ലാ വിദേശ ഷോകളിലും മണിയുണ്ട്.

മണിയും നാദിർഷയും ഇല്ലാതെ ഞാനെങ്ങും പോയിട്ടില്ല. അത്രയും സാഹോദര്യ ബന്ധമായിരുന്നെന്ന് ദിലീപ് പറയുന്നു. ഷോയ്ക്കൊക്കെ പോകുമ്പോൾ മണി കഞ്ഞിയും ചോറുമൊക്കെ വെക്കും. മണി നമുക്ക് ഭക്ഷണം കുഴച്ച് വായിൽ തരും. അവൻ ഭയങ്കര കൈപ്പുണ്യമുള്ള ആളായിരുന്നു. നല്ല കഴിവുമുണ്ട്. മലയാള സിനിമ അവനെ ശരിക്കും ഉപയോഗിച്ചിട്ടില്ല. പെട്ടെന്ന് അവൻ വിട്ടുപോയി. ഇപ്പോഴും ഞങ്ങൾ ഷോ ചെയ്യുമ്പോൾ സ്റ്റേജിൽ മണിയുണ്ട് എന്ന ഫീൽ ഉണ്ടാക്കും. 2010 വരെ ഞങ്ങൾ ഒരുമിച്ച് തന്നെയായിരുന്നെന്നും ദിലീപ് വ്യക്തമാക്കി.
സംവിധായകൻ വിനയന്റെ സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയുണ്ടായ രസകരമായ സംഭവവും ദിലീപ് പങ്കുവെച്ചു. സിനിമയിൽ ഞാനും മണിയും കൂടി ഒരു ഷോട്ട് ചെയ്യുന്നതിന് മുമ്പ് ഒരു തമാശ പറഞ്ഞു. രണ്ട് പേരും ചിരി തുടങ്ങി. അവസാനം ഷൂട്ടിംഗ് നിർത്തി വെച്ചു. ഞങ്ങൾ ചിരി നിർത്തുന്നില്ല. അവസാനം വിനയേട്ടന് ഭ്രാന്തായി. നിങ്ങൾ എന്താണീ കാണിക്കുന്നതെന്ന് ചോദിച്ചു.

ക്യാമറ ഓഫ് ചെയ്യൂ, ഇവർ ചിരി നിർത്തട്ടെ എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ പിന്നെയും ചിരിച്ചെന്നും ദിലീപ് ഓർത്തു. പ്രണയനിലാവ്, വാർ ആന്റ് ലൗ തുടങ്ങിയ വിനയൻ ചിത്രങ്ങളിൽ ദിലീപും കലാഭവൻ മണിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2016 മാർച്ചിലാണ് കലാഭവൻ മണി മരണപ്പെട്ടത്.
പെട്ടെന്നുള്ള മരണം ഏവർക്കും ഞെട്ടലായിരുന്നു. നടൻ മരിച്ചിട്ട് ഏഴ് വർഷം പിന്നിട്ടെങ്കിലും പഴയ സിനിമകളിലൂടെ ഇന്നും മണി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. കരിമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങി ഒട്ടനവധി സിനിമകളിൽ കലാഭവൻ മണി ശ്രദ്ധേയ വേഷം ചെയ്തു. മലയാളത്തിന് പുറമെ മറുഭാഷകളിലും നിരവധി സിനിമകളിൽ കലാഭവൻ മണി അഭിനയിച്ചു.


Click it and Unblock the Notifications