'മഞ്ജുവിനെയും കാവ്യയെയും ആദ്യം കണ്ടത്; അന്ന് ഞങ്ങൾ കളിയാക്കി; ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞില്ല'
സിനിമയിലും ജീവിതത്തിലും പല ഘട്ടങ്ങൾ കണ്ട ദിലീപ് വിവാദങ്ങളുടെ നടുവിലാണെങ്കിലും അടുത്ത കാലത്തായി സിനിമയിൽ സജീവമായിട്ടുണ്ട്. കരിയറിൽ ശക്തമായ തിരിച്ച് വരവ് ദിലീപ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അടുത്തിടെയിറങ്ങിയ സിനിമകളിൽ പലതും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 'പവി കെയർ ടേക്കർ' ആണ് ദിലീപിന്റെ പുതിയ സിനിമ. സിനിമാ രംഗത്തേക്ക് ഒട്ടനവധി പുതുമുഖ നായികമാരെ കൊണ്ട് വരാൻ കഴിഞ്ഞ നടനാണ് ദിലീപ്.
മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ തുടങ്ങിയ നടിമാരെല്ലാം നായികയായി തുടക്കം കുറിക്കുന്നത് ദിലീപ് നായകനായ സിനിമകളിലൂടെയാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ദിലീപിപ്പോൾ. മുൻ ഭാര്യ മഞ്ജു വാര്യരെ ആദ്യമായി കണ്ടതിനെക്കുറിച്ചും ദിലീപ് സംസാരിച്ചു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം. മഞ്ജുവിനൊപ്പം സല്ലാപത്തിലാണ് ഞാൻ ആദ്യം വരുന്നത്. ആദ്യം കാണുന്നത് ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണ്. മഞ്ജുവിനെ ഒറ്റയ്ക്ക് കാണുമ്പോൾ നല്ല പൊക്കം തോന്നും.

ലോഹി സർ അറിയാത്ത മട്ടിൽ എന്നെ അടുത്തെത്തിക്കും. എനിക്കാണോ ഇവൾക്കാണോ പൊക്കമെന്ന് നോക്കുന്നതാണ്. ആ സിനിമയിൽ വെച്ചാണ് താനും മഞ്ജുവും നല്ല സുഹൃത്തുക്കളായി മാറിയതെന്ന് ദിലീപ് വ്യക്തമാക്കി. കാവ്യയെ ആദ്യം കാണുന്നത് 'പൂക്കാലം വരവായി' എന്ന സിനിമയുടെ സമയത്താണ്. കാവ്യ അഴകിയ രാവണനിൽ അഭിനയിക്കുമ്പോഴേക്കും ഞാൻ സിനിമയിലേക്ക് പൂർണമായും മാറി. നായികയായി വരുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിലാണ്.
കാവ്യയെ ഇടയ്ക്ക് ഒരിക്കൽ കണ്ടപ്പോൾ നായികയാവുകയാണെങ്കിൽ നമ്മളുടെ കൂടെ മതിയെന്ന് പറഞ്ഞ് കളിയാക്കിയൊട്ടെക്കെയുണ്ട്. ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയുക പോലും ഇല്ലായിരുന്നെന്ന് ദിലീപ് വ്യക്തമാക്കി. നവ്യയെ ഞാൻ ആദ്യം കാണുന്നത് സിബി സർ വീഡിയോ കാസറ്റിൽ ഇന്റർവ്യൂ ചെയ്തപ്പോഴാണ്. സിന്ധു പനയ്ക്കൽ ആണ് എന്റെയടുത്ത് വിളിച്ച് പറയുന്നത്. ഇങ്ങനെ ഒരു കുട്ടി വന്നിട്ടുണ്ട്.

കണ്ടിട്ട് എനിക്ക് തോന്നുന്നത് അവൾ കഴിവുള്ള കുട്ടിയാണെന്നാണ്. നിങ്ങളൊന്ന് കണ്ട് നോക്ക്, എന്നിട്ട് സാറോട് സംസാരിക്കെന്ന് പറഞ്ഞു. കാസറ്റിട്ട് നോക്കിയപ്പോൾ നവ്യയുടെ മോണോ ആക്ടും ഡാൻസും കണ്ടു. ഈ സിനിമയിൽ വന്നില്ലെങ്കിലും നവ്യ ഭാവിയിൽ നായികമായി മലയാള സിനിമയിൽ എന്തായാലും വരുമെന്ന് എനിക്ക് തോന്നി.
മഞ്ജുവിനെയും വിളിച്ച് ഞാൻ കാണിച്ചു. എടീ, നോക്കിയേ ഈ കുട്ടി നന്നായിട്ട് തോന്നുന്നില്ലേ എന്ന് ചോദിച്ചു. ശരിയാണെന്ന് മഞ്ജു. സിബി സാറെ വിളിച്ച് ആ കുട്ടി ഓക്കെയാണെന്ന് തോന്നുന്നെന്ന് പറഞ്ഞു. മഞ്ജുവും താനും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവ്യ 'ഇഷ്ടം' എന്ന സിനിമയിൽ നായികയായി വന്നതെന്നും ദിലീപ് ഓർത്തു.
കാവ്യ, നവ്യ എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്. 2017 ലാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹ ശേഷം കാവ്യ അഭിനയ രംഗം വിട്ടു. പിന്നെയും ആണ് കാവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദിലീപാണ് ചിത്രത്തിൽ നായകനായത്.


Click it and Unblock the Notifications