മകൾക്ക് അവളുടെ ഫീലുണ്ടാവും; മീനൂട്ടി അന്ന് പഠിക്കുകയല്ലേ; അന്ന് പറഞ്ഞത് വളച്ചൊടിച്ചെന്ന് ദിലീപ്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയാണ് നടൻ ദിലീപ്. തിരിച്ച് വരവിലെ ആദ്യത്തെ സിനിമയായ വോയ്സ് ഓഫ് സത്യനാഥന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടനിപ്പോൾ. വിവാദങ്ങളിൽ നിന്നെല്ലാം അകന്ന് പഴയ സന്തോഷവാനും രസികനുമായ ദിലീപിനെയാണ് അഭിമുഖങ്ങളിൽ കാണുന്നത്. ഓൺലൈൻ, ടെലിവിഷൻ ചാനലുകളിൽ വലിയ ആഘോഷത്തോടെയാണ് ദിലീപിന്റെ അഭിമുഖങ്ങൾ നടക്കുന്നത്.
പഴയ ജനപ്രിയ നായകനെന്ന സ്ഥാനം ഇന്നും ദിലീപിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരാധകർ വാദിക്കുന്നു. കരിയറിലും ജീവിതത്തിലും ദിലീപിന് പുത്തനുണർവ് ലഭിച്ചെന്നാണ് അഭിമുഖങ്ങളിലെ നടന്റെ സംസാരം സൂചിപ്പിക്കുന്നത്. പ്രതിസന്ധികാലത്തും ഒപ്പം നിന്ന ആരാധകരും കുടുംബവുമാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്.
ദിലീപിനൊപ്പം എപ്പോഴും ശക്തമായി ഒപ്പം നിന്നത് മകൾ മീനാക്ഷിയാണ്. അച്ഛന്റെ എല്ലാ പ്രതിസന്ധി കാലങ്ങളിലും ആശ്വാസമായത് മീനാക്ഷിയാണ്. ദിലീപുമായി വലിയ ആത്മബന്ധം മകൾക്കുണ്ട്. ദിലീപിന്റെ രണ്ടാം വിവാഹത്തിനും മകൾ പിന്തുണ നൽകി. മകൾക്ക് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ദിലീപ് നേരത്തെ പല തവണ സംസാരിച്ചിട്ടുണ്ട്.

ശങ്കറിന്റെ ചിത്രം നിരസിക്കാൻ മകൾ മീനൂട്ടി ആവശ്യപ്പെട്ടതിനെക്കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദിലീപ് സംസാരിച്ചിരുന്നു. ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കിലേക്കാണ് ദിലീപിനെ ശങ്കർ പരിഗണിച്ചത്. ഈ സിനിമയിൽ അടിവസ്ത്രം ഇട്ട് നിൽക്കുന്ന സീൻ ഉണ്ടെന്നും സിനിമ ചെയ്താൽ താൻ മിണ്ടില്ലെന്ന് മീനാക്ഷി പറഞ്ഞതായും ദിലീപ് അന്ന് വെളിപ്പെടുത്തി.
ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് അന്ന് യഥാർത്ഥത്തിൽ നടന്നതെന്തെന്ന് ദിലീപ് തുറന്ന് പറഞ്ഞത്. ശങ്കർ സാർ തന്നെ വിളിച്ചിരുന്നു എന്നാണ് പറഞ്ഞത്. അന്ന് മകൾ അതിലേ പോകുന്നുണ്ടായിരുന്നു. അവൾ അന്ന് സ്കൂളിൽ പഠിക്കുകയാണല്ലോ. അവൾക്ക് അവളുടെ ഫീലുണ്ടാവും. സിനിമയിൽ അണ്ടർവെയർ ഇട്ട് നിൽക്കുന്ന സീനൊക്കെയുണ്ട്.

അവൾ ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ചിരിച്ച് പോയി. എന്റെ ഡേറ്റുകൾ ഒത്തു വരാത്തത് കൊണ്ടാണ് സിനിമ ചെയ്യാഞ്ഞത്. പക്ഷെ അന്ന് ഞാൻ പറഞ്ഞത് വളച്ചൊടിച്ചു. പിന്നെ അതിൽ എന്ത് പറയാനാണ്. ശങ്കർ സാർ ആ സിനിമയിലേക്ക് എന്നെ ചിന്തിച്ചു എന്നത് വലിയ കാര്യമാണെന്നും ദിലീപ് തുറന്ന് പറഞ്ഞു.
തന്റെ ഫാൻസിനെ സഹോദരങ്ങളെ പോലെയാണ് കാണുന്നതെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. ഞാനൊന്നും പറയാതെ തന്നെ അവർ എല്ലാം ചെയ്യുന്നു. അവരേറ്റവും കൂടുതൽ മുൻതൂക്കം കൊടുക്കുന്നത് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണെന്നും ദിലീപ് വ്യക്തമാക്കി.
അന്തരിച്ച നടൻ ഇന്നസെന്റുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും ദിലീപ് സംസാരിച്ചു. പാപ്പി അപ്പച്ചാ എന്ന സിനിമ കഴിഞ്ഞപ്പോഴേക്കും ഞാൻ അപ്പച്ചാ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്തും പറയാൻ പറ്റുന്ന ആളായിരുന്നു. ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണ്. സാഹിത്യകാരൻമാരോടൊപ്പവും സാധാരണക്കാർക്കൊപ്പവും പുള്ളി ഉണ്ടായിരുന്നു. കണ്ട് പഠിക്കേണ്ട ആളായിരുന്നു.
കൊവിഡ് വന്നപ്പോഴാണ് പുള്ളി വീണ് പോയത്. അതുവരെ അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ചെന്നും ദിലീപ് ഓർത്തു. മിമിക്രി ചെയ്യുന്ന കാലത്ത് ഇന്നസെന്റ് ചേട്ടന്റെ ശബ്ദത്തിലൂടെയാണ് തന്നെ ആളുകൾ അറിയാൻ തുടങ്ങിയതെന്നും ദിലീപ് ചൂണ്ടിക്കാട്ടി. റാഫിയാണ് വോയ്സ് ഓഫ് സത്യനാഥൻ സംവിധാനം ചെയ്തത്. റാഫി-ദിലീപ് കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications