മീനാക്ഷിയെ പറ്റി പറയുമ്പോൾ മഹാലക്ഷ്മിയുടെ ആവശ്യം ഇതാണ്: മക്കളെ കുറിച്ച് ദിലീപ് പറയുന്നു
പ്രശസ്ത നടൻ ദിലീപ്, ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളുടെ കണ്ണിൽ നിന്ന് മാറി ചെന്നൈയിലാണ് താമസം. അത് കൊണ്ട് തന്നെ, നടന്റെ ഭാര്യ കാവ്യ മാധവനെയും, ഇളയ മകൾ മഹാലക്ഷ്മിയെയും അധികം പുറത്തു കാണാറില്ല. എന്നാൽ അടുത്തിടെ, പ്രിൻസ് ആൻഡ് ഫാമിലി എന്ന നടന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വിജയാഘോഷത്തിൽ മൂത്ത മകൾ മീനാക്ഷി പങ്കെടുത്തിരുന്നു. അടുത്തിടെ മെഡിക്കൽ പഠനം കഴിഞ്ഞിറങ്ങിയ താര പുത്രി, ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുകയാണ്.
എന്നാൽ തന്റെ സിനിമകളുടെ പ്രൊമോഷൻ അഭിമുഖങ്ങളിൽ എത്തുമ്പോൾ ദിലീപ് എന്നും മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. തന്റെ മൂത്ത മകളായ മീനാക്ഷി, വളരെ ശാന്ത സ്വഭാവക്കാരിയായെന്നും, അധികം സംസാരിക്കാറില്ലെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇളയ മകൾ മഹാലക്ഷ്മി അവളുടെ അമ്മ കാവ്യ മാധവനെ പോലെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണെന്നും, ഒരു കൊച്ചി കാന്താരിയാണെന്നും ദിലീപ് പറഞ്ഞു.

അടുത്തിടെ ഒരു മലയാളം ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ, ഇളയ മകളുടെ കുസൃതികളെ കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു. ചേച്ചിയായ മീനാക്ഷിയെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ, ഉടൻ തന്നെ തന്നെ കുറിച്ചും സംസാരിക്കണം എന്ന് മഹാലക്ഷ്മി പറയാറുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. ഇടയ്ക്ക് ഒരു ചടങ്ങിനെത്തിയപ്പോൾ, മൂത്ത മകളുടെ എം.ബി.ബി.എസ് പഠനത്തെ കുറിച്ച് ചിലർ അന്വേഷിച്ചിരുന്നുവെന്നും, അതിന് മറുപടിയുമ്പോൾ, തന്റെ സ്കൂൾ കാര്യവും പറയണമെന്ന് ഇളയ മകൾ ഉടനെ ആവശ്യപ്പെട്ടുവെന്നും, നടൻ പറഞ്ഞു.
"അപ്പൊ ഇടയ്ക്ക് ഞാൻ ഇങ്ങനെ: "മോൾ (മീനാക്ഷി) ഇപ്പോൾ എം.ബി.ബി.എസ് കഴിഞ്ഞു, അവൾ പാസായി. ഇപ്പോൾ അവൾ ഹൌസ് സർജൻസി ചെയ്യുകയാണ്," എന്ന് വേറെ ആരോടോ, അവര് വിശേഷം ചോദിച്ചപ്പോൾ അങ്ങനെ പറയുകയായിരുന്നു. അപ്പോഴുണ്ട് ഇവൾ (മഹാലക്ഷ്മി) ഇങ്ങനെ നിന്നിട്ട് എന്നെ തട്ടി വിളിക്കുന്നു. എന്താണെന്നു ചോദിച്ചപ്പോൾ, "ഞാൻ യു.കെ.ജി പാസ് ആയി എന്ന് അവരോടു പറ," എന്നാണ് അവൾ പറയുന്നത്," ഒരു ചിരിയോടെ ദിലീപ് വെളിപ്പെടുത്തി.

മുൻപ് മറ്റൊരു അഭിമുഖത്തിൽ, മീനാക്ഷിയുടെ കുട്ടിക്കാലം ആസ്വദിക്കാൻ തനിക്ക് പറ്റിയില്ലെന്നും, ആ കുറവ് തീർന്നത് മഹാലക്ഷ്മിയുടെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടപ്പോഴാണെന്നും ദിലീപ് പറഞ്ഞിരുന്നു. "മീനാക്ഷി ജനിച്ചതിന് ശേഷം, അവളുടെ വളർച്ചയുടെ ഒരുപാട് കാലം ഞാൻ മിസ്സ് ചെയ്തിരുന്നു. ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകൾ ആയിരുന്നു, ഞാൻ തുടർച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു. അപ്പോൾ മീനൂട്ടിയുടെ ആ പ്രായം എനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടില്ല. ആ രണ്ടു-മൂന്ന് വയസ്സ് എന്ന് പറയുന്ന സമയം ശെരിക്കും നഷ്ടം തന്നെയാണ്," അമ്മ മഞ്ജു വാര്യർ വളർത്തിയ മകളെക്കുറിച്ച് ദിലീപ് ഓർത്തെടുത്തു.
എന്നാൽ മഹാലക്ഷ്മിയുടെ കാര്യത്തിൽ അത് തനിക്ക് കിട്ടിയെന്ന് പറഞ്ഞ നടൻ, മാമാട്ടി എന്ന ചെല്ലപ്പേരുള്ള മഹാലക്ഷ്മി ജനിച്ചതിന് ശേഷം കോവിഡ് കാലം തുടങ്ങിയത് കൊണ്ട്, വീട്ടിൽ ഇരിക്കാനായി എന്ന് വെളിപ്പെടുത്തി. ഇളയ മകളുടെ വളർച്ചയുടെ ഓരോ പടവും ആസ്വദിച്ചു എന്നും ദിലീപ് പറഞ്ഞു. ഇരുവർക്കും കോവിഡ് വന്ന് ക്വാറന്റൈനിൽ ഇരുന്നപ്പോൾ ഇരുപത്തിയൊന്ന് ദിവസം ഒരു മുറിക്കുള്ളിൽ താൻ മകളോടൊപ്പം ചിലവഴിച്ചുവെന്ന് നടൻ ഓർത്തെടുത്തു. അന്ന് തന്റെ പ്രധാന നേരമ്പോക്ക് കൊച്ചു മാമാട്ടിയുടെ കുസൃതികൾ കാണുക എന്നതായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications