കാവ്യയെ പറ്റിക്കാൻ എളുപ്പം, എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവം: ദിലീപ് പറയുന്നു
ദിലീപിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ ഒന്നിച്ചഭിനയിച്ച്, നടന്റെ ഭാഗ്യ നായികയെന്ന് പേരെടുത്ത നടിയാണ് കാവ്യ മാധവൻ. 2016ൽ നടന്റെ ജീവിത പങ്കാളി കൂടിയായിത്തീർന്നു കാവ്യ. ഇരുവരും എന്നും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായിരുന്നുവെങ്കിലും, തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നില്ല എന്നാണ് താരങ്ങൾ എന്നും പറഞ്ഞത്. മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിന് ശേഷം, മകൾ മീനാക്ഷിയുടെ നിർബന്ധ പ്രകാരമാണ് താൻ കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു.
കുറച്ചു കാലം മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കാവ്യ മാധവനെ കുറിച്ചും, നടിയുടെ ചില സ്വഭാവ സവിശേഷതകളെക്കുറിച്ചും ദിലീപ് മനസ്സ് തുറന്നിരുന്നു. കാവ്യ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു നിഷ്കളങ്കയാണെന്നാണ് ജനപ്രിയ നായകൻ വെളിപ്പെടുത്തിയത്.
കാവ്യയെ പറ്റിക്കാൻ എളുപ്പമാണ്; ദിലീപ് പറയുന്നു
മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിനോട് സംസാരിച്ച ദിലീപ്, തന്റെ സിനിമ ജീവിതത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചും, മനസ്സ് തുറന്നിരുന്നു. ഏറ്റവും എളുപ്പത്തിൽ 'കൺവിൻസ്ഡ്' ആവാറുള്ള നായിക ആരാണെന്ന ചോദ്യത്തിന്, അത് കാവ്യ മാധവൻ തന്നെയാണെന്നാണ് പ്രശസ്ത താരം പറഞ്ഞത്.

"എല്ലാവരും പറ്റിക്കുന്നത് കാവ്യയെ തന്നെ. എല്ലാ കോ-ആർട്ടിസ്റ്റുമാരും അവളെ അത് പറഞ്ഞു കളിയാക്കും. അതാണ് സലിം (കുമാർ) ഒക്കെ അന്ന് പറഞ്ഞത്. എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും. കാരണം മറ്റുള്ളവർക്കെല്ലാം വേറെ രീതികളാണ്. കാവ്യ ഈ നീലേശ്വരത്തു നിന്ന് വന്നതിന്റെ, നാട്ടിൻപുറത്തിന്റെ ആ ഒരു നിഷ്കളങ്കതയുണ്ട്. ആരെങ്കിലും എന്തെങ്കിലും കുറച്ചു സീരിയസ് ഭാവത്തിൽ പറഞ്ഞാൽ "അതെ അല്ലെ" എന്നൊക്കെ പറഞ്ഞ് അവൾ അത് മുഴുവൻ വിശ്വസിക്കും," ദിലീപ് വിശദീകരിച്ചു.
പണ്ട് കാവ്യ മാധവൻ സിനിമയിൽ നായികയായി എത്തിയപ്പോൾ ഏറ്റവും വലിയ പ്രത്യേകതയായി എല്ലാവരും എടുത്തു പറഞ്ഞത് നടിയുടെ കാസർകോട് ഭാഷയായിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോൾ, ഇപ്പോൾ തനിക്ക് അത് മനസ്സിലായി തുടങ്ങി എന്നാണ് ദിലീപ് പറഞ്ഞത്. പണ്ട് കാവ്യയുടെ സംസാരം കേൾക്കുമ്പോൾ വല്ലാതെ ചിരി വരുമായിരുന്നു. പക്ഷെ ഇപ്പോൾ നടി കൂടെയുള്ള മറ്റുള്ളവരോട് ആ ഭാഷ സംസാരിക്കുമ്പോൾ മാത്രമാണ് ആ പഴയ കാസർകോട് മലയാളം കയറി വരാറുള്ളത് എന്നും ദിലീപ് പറഞ്ഞു.

കാവ്യ മാധവനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആദ്യമൊന്നും ചിന്തിച്ചിരുന്നില്ല എന്നാണ് ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. വിവാഹം നടന്നതിന് ഒരാഴ്ച മുൻപാണ് നടിയുടെ വീട്ടിൽ ആലോചനയുമായി പോയത്. നേരത്തെ അറിയുന്ന ആളും, അടുത്ത സുഹൃത്തുമായതിനാൽ തനിക്ക് താത്പര്യക്കുറവില്ല എന്നാണ് അന്ന് കാവ്യ മറുപടി പറഞ്ഞതെന്നും, നടൻ പറഞ്ഞിരുന്നു. എന്നാൽ, വിവാഹത്തിന് മുൻപ്, കാവ്യയെ തനിക്ക് ഇഷ്ടമാണെന്ന് ഒരിക്കൽ ദിലീപ് തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് അന്തരിച്ച സീനിയർ താരം കെ.പി.എ.സി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷെ ആ ഇഷ്ടം വിവാഹത്തിൽ എത്തുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.
എന്തായാലും, ദിലീപും കാവ്യ മാധവനും ഇന്ന് സന്തുഷ്‌മായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. തന്റെ മകൾ മീനാക്ഷിക്ക്, കാവ്യ അമ്മയല്ല, മറിച്ച് അടുത്ത സുഹൃത്താണെന്ന് നടൻ ഒരിക്കൽ പറഞ്ഞിരുന്നു. മീനാക്ഷിയെക്കൂടാതെ, മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനും കാവ്യയ്ക്കും ഇന്നുണ്ട്. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് ഇന്ന് താരങ്ങൾ താമസം.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. IMDb, www.instagram.com/kavyamadhavanofficial/ എന്നീ പേജുകളിൽ നിന്ന് നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











