മഹാലക്ഷ്മിയെ കുറച്ചധികം ശ്രദ്ധിക്കണമെന്ന് കാവ്യയോട് പറയാറുണ്ട്; കുറുമ്പിയായ മകളെക്കുറിച്ച് ദിലീപ്
പ്രശസ്ത സിനിമാ താരം ദിലീപിന്റെ വ്യക്തിജീവിതം എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായ ഒന്നാണ്. നടന്റെ ആരാധകരുടെ കാര്യം എടുത്താൽ, എപ്പോഴും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും, പ്രത്യേകിച്ച് മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും, ഭാര്യ കാവ്യ മാധവന്റെയും വിശേഷങ്ങൾ അറിയാനാണ് എല്ലാവർക്കും തിടുക്കം. അതിന് കാരണം, ദിലീപും കുടുംബവും ചെന്നൈയിലേക്ക് താമസം മാറിയതോടെ, അധികം പൊതുവേദികൾ എത്താതെയായി എന്നത് കൂടിയാണ്. എന്നാൽ സിനിമ പ്രൊമോഷൻ അഭിമുഖങ്ങളിൽ എത്തുമ്പോൾ, മക്കളെ കുറിച്ച് നടൻ വാചാലനാകാറുണ്ട്.
മുൻപ് മലയാളം യൂട്യൂബ് ചാനലായ ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, ദിലീപ് തന്റെ മക്കളെ കുറിച്ച് പറഞ്ഞിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരിയായ, ഒരു സാധുവാണെന്ന് തന്റെ മൂത്ത മകൾ മീനാക്ഷി എന്ന് നടൻ പറഞ്ഞിരുന്നു. ദിലീപിന്റെയും, മുൻ ഭാര്യ മഞ്ജു വാര്യരുടെയും മകളായ മീനൂട്ടി ഇന്ന് ഒരു ഡോക്ടറാണ്. എന്നാൽ, തന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി, അത്യാവശ്യം നല്ല കുറുമ്പുള്ള കൂട്ടത്തിലാണെന്നാണ് ദിലീപ് വെളിപ്പെടുത്തി.

ചാന്തുപൊട്ടിന് മികച്ച നടനുള്ള അവാർഡ് ദിലീപ് കിട്ടിയേനെ, പക്ഷെ സംഭവിച്ചത്..: ലാൽ ജോസ് പറയുന്നു
ജിഞ്ചർ മീഡിയയോട് സംസാരിച്ച ദിലീപ്, താൻ കാവ്യയോട് എന്നും മഹാലക്ഷ്മിയുടെ നേരെ ഒരു പ്രത്യേക ശ്രദ്ധ വേണമെന്ന് പറയാറുണ്ടെന്ന് വെളിപ്പെടുത്തി. എല്ലായിടത്ത് പോയാലും ഒരുപാട് സംസാരിക്കുന്ന, ആളുകളോട് കൂട്ടുകൂടുന്ന സ്വഭാവക്കാരിയാണ് മാമാട്ടി എന്ന് ഓമനപ്പേരുള്ള താരത്തിന്റെ മകൾ. ഒപ്പം തന്നെ, ഇപ്പോഴത്തെ കൊച്ചു കുട്ടികളെ പോലെ മൊബൈലിലെ ലോക്ക് തുറന്ന് സ്വന്തമായി വീഡിയോസ് ഒക്കെ എടുത്ത് രസിക്കുന്ന സ്വഭാവവും തന്റെ ഇളയ മകൾക്ക് ഉണ്ടെന്ന് നടൻ പറഞ്ഞു. ചിലപ്പോഴൊക്കെ അത് കാണുമ്പോൾ തനിക്ക് ടെൻഷൻ ആവാറുണ്ടെന്നും ദിലീപ് വെളിപ്പെടുത്തി.
വലിയ മോഹൻലാൽ ഫാൻ ആയ മഹാലക്ഷ്മി, ആദ്യം സൂപ്പർതാരത്തിനെ "മോഹം ലാൽ" എന്നാണ് വിളിച്ചിരുന്നതെന്നും ദിലീപ് പറഞ്ഞു. "ഒരു വീഡിയോ കാവ്യ ഒരിക്കൽ അയച്ചു തന്നു. നമ്മൾ ഇല്ലാത്തപ്പോൾ ഇവളുടെ പരിപാടി ഇതാണെന്ന് പറഞ്ഞുകൊണ്ട്. ക്യാമറ ഓൺ ചെയ്തു വച്ചിട്ട് "ഹായ് ഗയ്‌സ്... ഞാൻ മഹാ... മാമാട്ടി..," എന്നൊക്കെ പറഞ്ഞിട്ട്. ഞാൻ ഇത് കണ്ടിട്ട് ചിരിച്ചു പോയി. കോമെഡി എന്താണെന്ന് വച്ചാൽ, ഇവൾ ഈ വീഡിയോ എടുക്കുന്നത് അറിയാതെ കാവ്യയുടെ അച്ഛൻ പുറകിലൂടെ പോവുന്നുണ്ട്. ഞാൻ പറഞ്ഞു "ഇതൊക്കെ വേറെ ആരെങ്കിലും കണ്ടാൽ നന്നായിരിക്കും," എന്ന്," ഒരു ചിരിയോടെ നടൻ പറഞ്ഞു.

മുൻപൊരിക്കൽ, മൂത്ത മകൾ മീനാക്ഷിയുടെ കുട്ടിക്കാലത്തെ വളർച്ചയും വികൃതികളും തനിക്ക് ആസ്വദിക്കാൻ ആയിട്ടില്ല എന്നും നടൻ വെളിപ്പെടുത്തി. "മീനൂട്ടി ജനിച്ചതിന് ശേഷം, അവളുടെ വളർച്ചയുടെ ഒരുപാട് കാലം ഞാൻ മിസ്സ് ചെയ്തിരുന്നു. കാരണം, ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകൾ ആയിരുന്നു, ഞാൻ തുടർച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു. ശെരിക്കും പറഞ്ഞാൽ മീനൂട്ടിയുടെ ആ രണ്ടു-മൂന്ന് വയസ്സ് എന്ന് പറയുന്ന സമയം ശെരിക്കും നഷ്ടം തന്നെയാണ്," അമ്മ മഞ്ജു വാര്യർ വളർത്തിയ മകളെക്കുറിച്ച് ദിലീപ് ഓർത്തെടുത്തു.
എന്നാൽ, മഹാലക്ഷ്മി ജനിച്ച കാലത്ത് കോവിഡ് തരംഗവും, ലോക്ക്ഡൗണും ഒക്കെ വന്നത് കൊണ്ട്, മീനൂട്ടിയുടെ വളർച്ച കാണാൻ കഴിയാത്ത തനിക്ക് ഇളയ മകളുടെ ജീവിതത്തിൽ ഓരോ ഘട്ടവും അടുത്ത് നിന്ന് കാണാൻ കഴിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.


Click it and Unblock the Notifications