മീനാക്ഷി വളരുന്നത് കണ്ടിട്ടില്ല, മഹാലക്ഷ്മിയുടെ കാര്യത്തിൽ അങ്ങനെയല്ല: മക്കളുടെ കുട്ടിക്കാലം ഓർത്ത് ദിലീപ്
പ്രശസ്ത താരം ദിലീപിന്റെ വ്യക്തി ജീവിതം, എന്നും മാധ്യമങ്ങൾക്കും പ്രേക്ഷകർക്കുമിടയിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്. ഒരു പക്ഷെ ഇന്ന്, പ്രശസ്ത താരത്തിന്റെ സിനിമകളേക്കാൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്, അദ്ധേഹത്തിന്റെ ജീവിതത്തിലെ ഉയർച്ച-താഴ്ചകളെ കുറിച്ചാണ്. ഇടയ്ക്ക്, തന്റെ സിനിമാ റിലീസുകളുടെ സമയങ്ങളിൽ മാത്രം മാധ്യമങ്ങൾക്ക് മുന്നിൽ എത്താറുള്ള ദിലീപ്, എല്ലാ അഭിമുഖങ്ങളിലും തന്റെ കുടുംബത്തെ കുറിച്ച്, പ്രത്യേകിച്ച് മൂത്ത മകൾ മീനാക്ഷിയെ കുറിച്ച് മനസ്സ് തുറക്കാറുണ്ട്.
മുൻപ്, മൈൽസ്റ്റോൺ മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ മക്കളായ മീനാക്ഷിയോടും, മഹാലക്ഷ്മിയോടും തനിക്കുള്ള ആത്മബന്ധത്തെ കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു. എന്നത്തേയും പോലെ, തന്റെയും, മുൻ ഭാര്യ മഞ്ജു വാര്യരുടേയും മകളായ മീനൂട്ടിയെ കുറിച്ച് സംസാരിച്ചപ്പോൾ, പ്രശസ്ത താരം വളരെ വികാരാധീനനായി. എങ്കിലും, തന്റെ സ്വതസിദ്ധമായ ശൈലിയിൽ, ഒരു ചിരിയോടെയാണ് ദിലീപ് മൂത്ത മകളുടെ കുട്ടിക്കാലം ഓർത്തെടുത്ത്.

"ഞാൻ മീനൂട്ടിയെ ഇന്ന് വരെ തല്ലിയിട്ടില്ല. അവൾ ഇന്ന് പഠിച്ച് ഒരു ഡോക്ടർ വരെയായി. പക്ഷെ ദൈവം അനുഗ്രഹിച്ച് അവളെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല. അവളെ വളരെ കാര്യമായിട്ട് ഒന്ന് പേര് വിളിച്ചാൽ തന്നെ അവൾക്ക് മനസ്സിലാവും, ടോൺ മാറിയാൽ കാര്യം സീരിയസ് ആണെന്ന് അവൾക്ക് മനസ്സിലാവും. പക്ഷെ, കുട്ടികൾ ഇപ്പോഴും കുസൃതികൾ തന്നെയാണ്," ദിലീപ് പറഞ്ഞു. എന്നാൽ, മീനാക്ഷിയുടെ കുട്ടിക്കാലത്തെ വളർച്ചയും വികൃതികളും തനിക്ക് ആസ്വദിക്കാൻ ആയിട്ടില്ല എന്നും നടൻ വെളിപ്പെടുത്തി.
"മീനാക്ഷി ജനിച്ചതിന് ശേഷം, അവളുടെ വളർച്ചയുടെ ഒരുപാട് കാലം ഞാൻ മിസ്സ് ചെയ്തിരുന്നു. കാരണം, ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകൾ ആയിരുന്നു, ഞാൻ തുടർച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു. അപ്പോൾ ശെരിക്കും പറഞ്ഞാൽ മീനൂട്ടിയുടെ ആ പ്രായം എനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടില്ല. ആ രണ്ടു-മൂന്ന് വയസ്സ് എന്ന് പറയുന്ന സമയം ശെരിക്കും നഷ്ടം തന്നെയാണ്," അമ്മ മഞ്ജു വാര്യർ വളർത്തിയ മകളെക്കുറിച്ച് ദിലീപ് ഓർത്തെടുത്തു.

"പക്ഷെ മഹാലക്ഷ്മിയുടെ കാര്യത്തിൽ അതെനിക്ക് കിട്ടി. അവൾ ജനിച്ച ശേഷമാണ് കോവിഡ് കാലം തുടങ്ങിയത്. അങ്ങനെ വീട്ടിൽ ഇരുന്നപ്പോൾ അതെനിക്ക് കിട്ടി. അവളുടെ വളർച്ചയുടെ ഓരോ പടവും ആസ്വദിച്ചു," ദിലീപ് പറഞ്ഞു. പക്ഷെ അതിനിടയിൽ ഉണ്ടായ ഒരു സംഭവവും നടൻ പങ്കു വച്ചു. നാദിർഷായുടെ മകളുടെ വിവാഹം നടന്നപ്പോഴാണ് മഹാലക്ഷ്മിയുടെ ജനന ശേഷം ആദ്യമായി പുറത്തേക്ക് പോവുന്നത്. അന്ന് ആർക്കും കോവിഡ് വന്നില്ല. പക്ഷെ പിന്നീട് തനിച്ചു പുറത്തു പോയ ദിലീപിന് കോവിഡ് വന്നു, നടനിൽ അത് ഇളയ മകൾക്കും കിട്ടി.
ഇരുപത്തിയൊന്ന് ദിവസം ഒരു മുറിക്കുള്ളിൽ താൻ മകളോടൊപ്പം ചിലവഴിച്ചുവെന്ന് നടൻ ഓർത്തെടുത്തു. അങ്ങനെ, കൊച്ചു മഹാലക്ഷ്മിയോടൊപ്പം മീനാക്ഷിയോടൊപ്പം ചിലവഴിച്ചതിനേക്കാൾ സമയം കഴിയാൻ സാധിച്ചു. കോവിഡ് വന്ന് ക്വാറന്റൈനിൽ ഇരുന്നപ്പോൾ തന്റെ പ്രധാന നേരമ്പോക്ക് കൊച്ചു മാമാട്ടിയുടെ കുസൃതികൾ കാണുക എന്നതായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷി വളരെ സൈലന്റ് ആയ, എല്ലാവരും പറയുന്നത് കേട്ട് നിൽക്കുന്ന കുട്ടിയാണെന്നും, മഹാലക്ഷ്മി വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലാണെന്നും നടൻ കൂട്ടിച്ചേർത്തു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/i.meenakshidileep/ എന്ന പേജിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications