'എന്റെ എല്ലാ കല്യാണത്തിനും വരുന്നയാളാണ് മമ്മൂക്ക, തൽക്കാലം ഞാൻ നിർത്തിയെന്നാണ് മമ്മൂക്ക ചോദിച്ചപ്പോൾ പറഞ്ഞത്'
അടുത്തിടെ ഏറ്റവും ആഘോഷപൂർവം നടന്ന ഒരു സെലിബ്രിറ്റി വെഡ്ഡിങായിരുന്നു ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാമിന്റേത്. ഗുരുവായൂരിൽ വെച്ചായിരുന്നു നവനീത് മാളവികയെ താലി ചാർത്തിയത്. ശേഷം തൃശൂരിൽ ആഘോഷപൂർവം മറ്റുള്ള വിവാഹ ചടങ്ങുകളും റിസപ്ഷനുമെല്ലാം നടന്നു. തൃശൂരിൽ മാത്രമല്ല ഗുരുവായൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സിനിമാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി കൊച്ചിയിലും പാലക്കാടും വിവാഹസൽക്കാരങ്ങൾ ജയറാം ഒരുക്കിയിരുന്നു.
മാളവികയുടെ വിവാഹത്തിലും റിസപ്ഷനിലുമെല്ലാം സജീവമായി പങ്കെടുത്ത് തിളങ്ങി നിന്ന ഒരു കുടുംബം ദിലീപിന്റേത്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ജയറാമും ദിലീപും. കലയിലും സിനിമയിലും ദിലീപിന്റെ വഴകാട്ടികളിൽ ഒരാളായിരുന്നു ജയറാം. ദിലീപിന്റെ മോശം സമയത്ത് ഏറ്റവും കൂടുതൽ ഒപ്പം നിന്നിട്ടുള്ള നടനും ജയറാമാണ്.

അതുപോലെ ദീലിപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് മാളവിക ജയറാം. മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് മിക്കപ്പോഴും കറങ്ങാൻ കൊണ്ടുപോകാറുണ്ടായിരുന്ന ഒരാൾ മാളവികയാണ്. അതിന്റെ പേരിൽ ദിലീപിന്റെ കയ്യിൽ നിന്നും തനിക്ക് പലപ്പോഴും വഴക്ക് കിട്ടിയിട്ടുണ്ടെന്ന് മാളവിക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള രസകരമായ അനുഭവം പങ്കിട്ടിരിക്കുകയാണ് ദിലീപ്. ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് മാളവികയുടെ വിവാഹത്തെ കുറിച്ചും അതിനിടയിൽ നടൻ മമ്മൂട്ടിയുമായി നടന്ന രസകരമായ സംഭാഷണത്തെ കുറിച്ചും വെളിപ്പെടുത്തിയത്. 'മാളവികയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുറേ സ്ഥലങ്ങളിൽ റിസപ്ഷനുണ്ടായിരുന്നു.'
'ആദ്യം വിവാഹത്തിന്റെ ചടങ്ങുകൾ അതായത് താലികെട്ട് ഗുരുവായൂരിൽ നടന്നു. അതിന് മുമ്പ് തൃശൂർ ഹയാത്തിൽ സംഗീത് പാർട്ടി നടന്നു. അന്ന് രസകരമായ പരിപാടികളായിരുന്നു ഉണ്ടായിരുന്നത്. ജയറാമേട്ടനും കണ്ണനും കൂടിയുള്ള കോമഡി ഐറ്റമൊക്കെ ഉണ്ടായിരുന്നു. ശേഷം കെട്ട് കഴിഞ്ഞ് ഹയാത്തിൽ തന്നെ വിവാഹത്തിന്റെ മറ്റ് ചടങ്ങുകൾ നടന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം കൊച്ചി ഹയാത്തിലും റിസപ്ഷൻ നടന്നു.'
'അത് കഴിഞ്ഞ് പാലക്കാടും ഒരു റിസപ്ഷനുണ്ടായിരുന്നു. അവർ ആഘോഷിക്കട്ടെ. മാളവികയുടെ വിവാഹത്തിന് പോയപ്പോൾ എല്ലാവരും ചോദിച്ചത് മീനാക്ഷിയുടെ വിവാഹത്തെ കുറിച്ചാണ്. മമ്മൂക്കയാണ് വന്നയുടൻ ചോദിച്ചത്. എന്നാണ് ഒരു കല്യാണം ഇനി എന്നാണ് മമ്മൂക്ക ചോദിച്ചത്. അപ്പോൾ ഞാൻ പറഞ്ഞു തൽക്കാലം ഞാൻ കല്യാണം കഴിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന്.'

'കാരണം എന്റെ എല്ലാ കല്യാണത്തിനും വരുന്നയാളാണ് മമ്മൂക്ക. ശേഷം മീനാക്ഷിയെ ചൂണ്ടിക്കാട്ടി ഇവളുടെ വിവാഹം എന്നാണ് എന്ന ഉദ്ദേശിച്ചതെന്ന് പറഞ്ഞത്. മീനാക്ഷിയെ കണ്ടയുടൻ നീ കയ്യിൽ തൂങ്ങുന്നോ എന്നാണ് മമ്മൂക്ക ചോദിച്ചത്. കാരണം മമ്മൂക്കയുടെ കയ്യിൽ തൂങ്ങുന്ന മീനാക്ഷിയുടെ ഒരു പഴയ ഫോട്ടോയുണ്ട്. അമേരിക്കയിൽ വെച്ച് എടുത്തതാണ് അത്. അതുപോലെ മീനാക്ഷി ഡോക്ടറായി എന്നുള്ളതിന്റെ സന്തോഷം കൊണ്ടൊക്കെ മമ്മൂക്ക ഒരുപാട് സംസാരിച്ചു.'
'കല്യാണം എന്നത് കുട്ടികൾ തീരുമാനിക്കുമ്പോൾ നടത്തേണ്ട കാര്യമല്ലേ. കാരണം ഇന്നയാളെ തന്നെ നീ കല്യാണം കഴിച്ചോളണം എന്നൊന്നും പറയാൻ പറ്റില്ലല്ലോ. കാരണം തിരിച്ച് എങ്ങാനും വല്ല ചോദ്യവും ചോദിച്ചാലോ. അവൾക്ക് ഇഷ്ടപ്പെടുന്നയാളെ പറയുമ്പോൾ അതിന് സപ്പോർട്ട് ചെയ്യാമെന്ന് ഞങ്ങളും പറയും. അതല്ലാെത വേറെ എന്ത് പറയാനാണ്.'
'അവളുടെ വിവാഹത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. നന്നായി വരട്ടെയെന്ന് പ്രാർത്ഥിക്കാറുണ്ട്', എന്നാണ് ദിലീപ് പറഞ്ഞത്. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും സിനിമയിലെ യുവ താരങ്ങളാണ് മീനാക്ഷിയുടെ സുഹൃത്ത് വലയത്തിൽ ഏറെയും.


Click it and Unblock the Notifications











