മുടങ്ങിപ്പോയ സ്വപ്ന ചിത്രം പൊടി തട്ടിയെടുക്കാൻ ദിലീപ്; കരിയറിന് പുതിയൊരു തുടക്കം
കുറെയധികം വർഷങ്ങൾ നീണ്ടു നിന്ന മോശം സമയത്തിന് ശേഷം പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിലൂടെ വീണ്ടും ബോക്സ് ഓഫീസ് വിജയം അറിഞ്ഞിരിക്കുകയാണ് ദിലീപ്. മലയാളത്തിന്റെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന താരത്തിന് ഇനി കൈയിലുള്ളത് വ്യത്യസ്തമായ ചില ചിത്രങ്ങൾ ആണെന്നാണ് റിപോർട്ടുകൾ. ആക്ഷൻ കോമഡി ചിത്രമായ ഭ.ഭ.ബ.യുടെ റിലീസിന് ഒരുങ്ങുന്ന ദിലീപ്, അടുത്തതായി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് വളരെ കാലമായി മുടങ്ങി കിടന്ന തന്റെ സ്വപ്ന ചിത്രം പറക്കും പപ്പൻ ആണെന്നാണ് റിപോർട്ടുകൾ.
പറക്കും പപ്പൻ പൊടി തട്ടിയെടുക്കാൻ ദിലീപ്
ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, കുറച്ചു വർഷങ്ങൾ മുൻപ് പ്രഖ്യാപിക്കുകയും, പിന്നീട് മുടങ്ങി പോവുകയും ചെയ്ത തന്റെ സ്വപ്ന ചിത്രം പറക്കും പപ്പൻ പൊടി തട്ടിയെടുക്കാൻ തയ്യാറെടുക്കുകയാണ് ദിലീപ്. ഉടൻ തന്നെ ഈ വിവരം, ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ പ്രശസ്ത താരം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പുതിയ വിവരം.

ചിത്രത്തോട് അടുത്ത വൃത്തങ്ങൾ തന്ന സൂചനയനുസരിച്ച്, വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ, നർമ്മത്തിൽ പൊതിഞ്ഞ ഒരു സൂപ്പർ ഹീറോ ചിത്രമാണ്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന പ്രോജെക്ടിൽ, ടൈറ്റിൽ കഥാപാത്രമായ പപ്പൻ ആയിട്ടാണ് ദിലീപ് എത്തുക. പ്രശസ്ത താരം വളരെയധികം പ്രതീക്ഷ അർപ്പിച്ചിരുന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത് 2018ലാണ്. എന്നാൽ, ദിലീപ് നടിയെ ആക്രമിച്ച കേസിന്റെ നൂലാമാലകളിൽ പെട്ട് പോവുകയും, ബോക്സ് ഓഫീസിൽ താരത്തിന്റെ ചിത്രങ്ങൾക്ക് അടി പതറുകയും ചെയ്തതോടെ, പറക്കും പപ്പൻ അന്ന് താത്കാലികമായി ഉപേക്ഷിച്ചിരുന്നു.
പിന്നീട്, ദിലീപിന്റെ അമ്പത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച്, 2022 ഒക്ടോബർ 27ന് പറക്കും പപ്പൻ ഉറപ്പായും വരുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഒപ്പം, ചിത്രത്തിലെ നായകൻ ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീം അംഗങ്ങൾ പുറത്തു വിട്ടു. മിന്നൽ മുരളിക്ക് മുൻപ്, മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രമായി എത്തേണ്ടിയിരുന്ന പറക്കും പപ്പൻ കുറച്ചു വൈകിയാലും എത്തും എന്നും ദിലീപ് അറിയിച്ചു. പക്ഷെ, പിന്നീട് പല കാരണങ്ങൾ കൊണ്ട് ചിത്രം വീണ്ടും പെട്ടിയിൽ ആയിരുന്നു. എന്നാൽ, പുതിയ റിപോർട്ടുകൾ അനുസരിച്ചു, പറക്കും പപ്പന് ഇപ്പോൾ ശാപ മോക്ഷമായിരിക്കുകയാണ്.

നിനച്ചിരിക്കാതെ പറക്കാനുള്ള സിദ്ധി ലഭിക്കുന്ന പപ്പൻ എന്ന സാധാരക്കാരന്റെ കഥയാണ് ദിലീപിന്റെ സൂപ്പർ ഹീറോ ചിത്രമാണ്. സംവിധായകൻ വിയാൻ വിഷ്ണുവിന്റെ ആദ്യ ചിത്രമായ പറക്കും പാപ്പാന് തിരക്കഥ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ റാഫിയാണ്. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസിനൊപ്പം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസും ചേർന്നാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ തീർന്ന പ്രൊജക്റ്റിന്റെ പൂജ ചടങ്ങ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒ.ടി.ടി.യിൽ എത്തിയ ദിലീപ് ചിത്രവും പ്രിൻസ് ആൻഡ് ഫാമിലി തന്നെയാണ്. ഫാമിലി എന്റർറ്റൈനെർ വിഭാഗത്തിൽ പെടുന്ന ചിത്രം, നല്ല അഭിപ്രായമാണ് കുടുംബ പ്രേക്ഷകരിൽ നിന്നും നേടിയത്. അടുത്തതായി, ഭ.ഭ.ബ എന്ന ആക്ഷൻ കോമഡി ചിത്രത്തിലൂടെ തീയറ്ററുകളിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ദിലീപ്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്നാണ് സൂചന. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











