ദിലീപിനോട് മുഖം കറുപ്പിച്ചു പറഞ്ഞു, അതോടെ ആ ദുശ്ശീലം മാറി: കമൽ പറയുന്നു
ദിലീപ് എന്ന മലയാള സിനിമയിലെ പ്രശസ്ത താരം, തന്റെ കരിയർ തുടങ്ങുന്നത് ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ്. മിമിക്രി കലാകാരനായിരുന്ന നടൻ സിനിമയിലെത്താൻ ഏറെ നാളത്തെ പരിശ്രമങ്ങൾ വേണ്ടി വന്നു. അന്ന്, ദിലീപിനൊപ്പം കമലിന്റെ അസിസ്റ്റന്റ് ആയിരുന്നു, പിൽക്കാലത്ത് നടന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയ സംവിധായകൻ ലാൽ ജോസ്. ഗുരുവായ കമലിന്റെ പല ചിത്രങ്ങളിലും, സിനിമ നടനായതിന് ശേഷം ദിലീപ് വേഷമിട്ടിട്ടുണ്ട്. എന്നും സീനിയർ സംവിധായകനുമായി വളരെ നല്ല ബന്ധം സൂക്ഷിച്ച നടന്, ഒരിക്കൽ മാത്രമാണ് അദ്ദേഹത്തിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നത്.
ഇതേക്കുറിച്ച്, മുൻപൊരിക്കൽ കൗമുദി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ കമൽ വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ മാത്രമാണ് ദിലീപിനോട് തനിക്ക് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നതെന്നും, അതിന് കാരണം നടന്റെ ഒരു മോശം സ്വഭാവമായിരുന്നുവെന്നും, അന്ന് പ്രശസ്ത മലയാള സിനിമാ സംവിധായകൻ വെളിപ്പെടുത്തി. സിനിമയിൽ വന്നപ്പോഴുള്ള കൃത്യനിഷ്ഠ ദിലീപിന് നഷ്ടമായി എന്ന് മനസ്സിലായപ്പോഴാണ് തനിക് അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്ന് കമൽ പറഞ്ഞു.

"ദിലീപിനെ കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം എല്ലാ സെറ്റിലും വൈകിയെത്തുന്ന ഒരാളാണെന്ന് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. പുള്ളി ഒരിക്കലും സമയത്തിന് ഷൂട്ടിങ്ങിന് വരില്ല. വളരെ വൈകിയേ കിടന്ന് ഉറങ്ങുകയുള്ളു എന്നാണ് കേട്ടത്. ചെലപ്പോ അങ്ങനെ വൈകുകയായിരിക്കും, എനിക്കറിയില്ല, ഞാൻ കാണുന്നില്ലല്ലോ," ഒരു ചിരിയോടെ കമൽ വെളിപ്പെടുത്തി. പക്ഷെ തന്റെ സിനിമയിൽ നായകനായി അഭിനയിക്കുന്ന സമയത്ത്, ഇതിന്റെ പേരിൽ ദിലീപിനെ വഴക്ക് പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്.

"പക്ഷെ ദിലീപ് എന്റെ സെറ്റിൽ ഒന്നോ രണ്ടോ ദിവസം ഒന്ന് വൈകി വന്നതിന് ശേഷം, അന്ന് ഞാൻ മുഖം കറുപ്പിച്ചു പറയുകയും ചെയ്തു. ഞാൻ പറഞ്ഞു: "ദിലീപ് എന്നും എന്റെ സെറ്റിൽ ഏറ്റവും ആദ്യം വരുന്ന ആളായിരുന്നു പണ്ട്. അങ്ങനത്തെ ഒരു ദിലീപ് തന്നെയായിരിക്കണം എന്നും," എന്ന്. എനിക്ക് ദേഷ്യമായെന്ന് മനസ്സിലായതോടെ പിറ്റേ ദിവസം മുതൽ എന്നും കൃത്യ സമയത്ത് പുള്ളി സെറ്റിൽ ഏതാണ് തുടങ്ങി. അതാണ് ദിലീപ്," കമൽ വെളിപ്പെടുത്തി. "എന്നും എന്നോട് ചേർന്ന് നിന്നിട്ടുള്ള ഒരാളെന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്," കമൽ കൂട്ടിച്ചേർത്തു. പെരുമഴക്കാലം, ആഗതൻ, തുടങ്ങിയ കമൽ സംവിധാനം ചെയ്ത ചിത്രങ്ങളിലെ നായകൻ ദിലീപായിരുന്നു.
"ഇങ്ങനത്തെ കാര്യങ്ങൾ നയപരമായി നീങ്ങുകയാണ് പ്രധാനം. നമ്മൾ എങ്ങനെ ഇടപെടുന്ന് എന്നതാണ് പ്രധാനം. ഇപ്പോൾ തന്നെ, ജയറാം വേറെ സെറ്റുകളിൽ ചിലപ്പോൾ എല്ലാ കുരുത്തക്കേടുകളും കാണിക്കുന്നുണ്ടാവും, ചിലപ്പോൾ സമയത്തിന് വരുന്നുണ്ടാവില്ല. പക്ഷെ നമ്മളോട് ഇടപഴകുമ്പോൾ അങ്ങനെയല്ല. തിരിച്ചു ഞാനും അങ്ങനെ തന്നെയാണ്. ചിലപ്പോൾ ചിലരുടെയടുത്ത് മുഖം കറുപ്പിച്ചു പറയേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഭയങ്കരമായി വഴക്കു പറഞ്ഞിട്ടുള്ള ആർട്ടിസ്റ്റുകളെ, ഇനി ഒരിക്കലും എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ല, എന്ന് തീരുമാനിച്ച ചില ആർട്ടിസ്റ്റുകളെ, അടുത്ത പടത്തിൽ ഞാൻ മെയിൻ റോളിൽ അഭിനയിപ്പിച്ചിട്ടുമുണ്ട്," ഒരു വലിയ ചിരിയോടെ പ്രശസ്ത സംവിധായകൻ പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











