ബിടെക് ബിരുദധാരി, ബൈക്ക് അപകടത്തിൽ തലച്ചോറിന് ക്ഷതം, ഓർമകൾ നഷ്ടപ്പെട്ടു; കുബേരനിലെ ബാലതാരത്തിന് സംഭവിച്ചത്!
നിരവധി ബാലതാരങ്ങളെ വാർത്തെടുത്ത ഇന്റസ്ട്രിയാണ് മലയാളം സിനിമ. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ പലരും ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര താരങ്ങളാണ്. തൊണ്ണൂറുകളിലും മില്ലേനിയത്തിന്റെ തുടക്കത്തിലും മലയാളത്തിലേക്ക് ചുവടുവെച്ച ഒട്ടുമിക്ക ബാലതാരങ്ങളും മുൻനിര താരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ പക്വതയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. അക്കൂട്ടത്തിൽ ഭാവിയിൽ നായകനായോ സഹനടനായോ മലയാള സിനിമയിൽ തിളങ്ങുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന ബാലതാരമായിരുന്നു വിഘ്നേഷ്.
ഈ പേരിനേക്കാൾ വേഗത്തിൽ താരത്തെ വളരെ പെട്ടന്ന് സിനിമാപ്രേമികൾക്ക് മനസിലാകണമെങ്കിൽ കുബേരൻ സിനിമയെ കുറിച്ച് പറയേണ്ടി വരും. കീർത്തി സുരേഷിനൊപ്പം കുബേരനിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചത് വിഘ്നേഷായിരുന്നു.

ഇന്നും മലയാളികൾ വിരസത കൂടാതെ ആവർത്തിച്ച് കാണുന്ന മലയാള സിനിമയാണ് ദിലീപ് നായകനായ കുബേരൻ. ദിലീപിന്റെ സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തിന്റെ വളർത്തുമകന്റെ വേഷമാണ് വിഘ്നേഷ് അവതരിപ്പിച്ചത്. മുഴുനീള കഥാപാത്രമായതുകൊണ്ട് തന്നെ ദിലീപിനൊപ്പം തന്നെ സിനിമയുടെ റിലീസിനുശേഷം കീർത്തി സുരേഷും വിഘ്നേഷും അവതരിപ്പിച്ച കുട്ടികളുടെ കഥാപാത്രങ്ങളും തിളങ്ങി.
കലാഭവൻ മണിയ്ക്കൊപ്പവും ദിലീപിനൊപ്പവും വരെ നിന്ന് കീർത്തിയും വിഘ്നേഷും ചേർന്ന് കോമഡി സീനുകളും കുബേരനിൽ ഇരുവരും മികച്ചതാക്കി. കുബേരനിൽ മാത്രമല്ല കലാഭവൻ മണി നായക വേഷം ചെയ്ത വിനയൻ സിനിമ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ബിജു മേനോൻ സിനിമ മധുരനൊമ്പരക്കാറ്റ്, സിദ്ധാർത്ഥ്, ജിഷ്ണു, ഭാവന സിനിമ നമ്മൾ, ഇങ്ങനെയൊരു നിലാപക്ഷി തുടങ്ങി പന്ത്രണ്ടിൽ അധികം സിനിമകളിലും വിഘ്നേഷ് അഭിനയിച്ചിട്ടുണ്ട്. മധുരനൊമ്പരക്കാറ്റിലെ വിഘ്നേഷിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
എന്നാൽ പഠനത്തിലേക്ക് ശ്രദ്ധ കൊടുത്ത് തുടങ്ങിയശേഷം വിഘ്നേഷിനെ സിനിമയിൽ പിന്നീട് ആരും കണ്ടിട്ടില്ല. സ്കൂൾ, കോളജ് കാലത്തും നിരവധി സിനിമ അവസരങ്ങൾ വിഘ്നേഷിനെ തേടി വന്നിരുന്നു. എന്നാൽ അഭിനയിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ താരം അതിൽ നിന്നെല്ലാം വിട്ടുനിന്നു. ഏഴാം ക്ലാസിനുശേഷം ആളുകൾ വിഘ്നേഷിനെ സിനിമയിൽ കാണാത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്.
സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചപ്പോഴും അത് വേണ്ടെന്ന് വെച്ച് പഠനത്തിന് ശ്രദ്ധ കൊടുത്തതും വിഘ്നേഷിന്റെ മാത്രം തീരുമാനമായിരുന്നു. അങ്കമാലി ഫിസാറ്റിൽ നിന്നും ബിടെക് പൂർത്തിയാക്കിയ താരം ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ 2016ൽ നടന്റെ ജീവിതം ഒരു ബൈക്ക് അപകടത്തെ തുടർന്ന് മാറി മറിഞ്ഞു. 2016 ഡിസംബർ 31നാണ് വിഘ്‌നേഷിന് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേൽക്കുന്നത്.

തലച്ചോറിന് ക്ഷതം സംഭവിച്ച് ഓർമകൾ നഷ്ടപ്പെട്ടു. അപകടം സമ്മാനിച്ച പരിക്കുകളുടെ ആഘാതം മൂലം എട്ട് മാസത്തോളം അബോധവസ്ഥയിൽ ചികിത്സയിലായിരുന്നു വിഘ്‌നേഷ്. പിന്നീട് ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവനും ജീവിതവും തിരികെ പിടിക്കാൻ താരത്തിന് സാധിച്ചത്. ഓർമകൾ നഷ്ടപ്പെട്ടിരുന്നതിനാൽ അവ തിരിച്ച് പിടിക്കാനായും ഏറെനാൾ ചികിത്സയിൽ കഴിഞ്ഞു. ചെയ്യുന്നതും പഠിക്കുന്നതുമായ കാര്യങ്ങൾ ഇടയ്ക്കിടെ മറക്കും.
എന്നിട്ടും അപകടത്തിനുശേഷം വിഘ്നേഷ് വീണ്ടും പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇഗ്നോയിലൂടെ ബിഎ ഇംഗ്ലീഷിൽ ബിരുദം നേടിയത്. 55 ശതമാനം മാർക്കാണ് വെല്ലുവിളികളെ അതിജീവിച്ച് വിഘ്നേഷ് കരസ്ഥമാക്കിയത്. എല്ലാ കാലത്തും കുടുംബമായിരുന്നു വിഘ്നേഷിന് പിൻബലം. അപകടത്തിനുശേഷം ഞാൻ സുരക്ഷിതനാണ്. ഡോക്ടർമാരുടെ വലിയ പിന്തുണയും എനിക്കുണ്ട്.
സഞ്ചരിക്കാൻ ഭയപ്പെട്ടിരുന്ന ഘടകത്തിൽ ഞാൻ കൂടുതൽ ആത്മവിശ്വാസവും ധൈര്യവും ഉള്ളവനായി ഇന്ന് മാറിയിരിക്കുന്നു എന്നാണ് അടുത്തിടെ വിഘ്നേഷ് തിരികെ പിടിച്ച ജീവിതത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. മുപ്പത്തിമൂന്നുകാരനായ വിഘ്നേഷ് കോഴിക്കോട് സ്വദേശിയാണ്.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/vighnesh.a.r/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications











