'കഴിഞ്ഞ വർഷം ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോയവൾ..., ഇന്ന് സ്വപ്നങ്ങൾ നേടുന്നു'; ദിൽഷയെ കുറിച്ച് ആരാധകർ!
ബിഗ് ബോസ് പോലൊരു ഷോയുടെ വിജയിയായിട്ടും അതിന്റെ സന്തോഷം ആസ്വദിക്കാൻ സാധിക്കാതെ വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന് കരഞ്ഞ് തീർക്കേണ്ട അവസ്ഥയുണ്ടായിട്ടുള്ള മത്സരാർത്ഥിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റിൽ നേടിയത് ദിൽഷയാണ്.
അന്ന് ആ മഹാവേദിയിൽ കപ്പ് ഉയർത്തിപിടിച്ച് നിന്നപ്പോൾ ദിൽഷയ്ക്ക് വേണ്ടി കൈയ്യടിക്കാൻ ഒരു സഹമത്സരാർത്ഥിപോലും തയ്യാറായിരുന്നില്ല. ദിൽഷയുടെ വിജയം പലരുടെയും ഔദാര്യം കൊണ്ട് സംഭവിച്ചതാണ് എന്നായിരുന്നു കുറ്റപ്പെടുത്തലുകൾ.
മാത്രമല്ല ഫിനാലെയ്ക്ക് ശേഷമുള്ള അടുത്ത സെക്കന്റ് മുതൽ ക്രൂരമായ സൈബർ ബുള്ളിയിങും ദിൽഷയ്ക്ക് നേരിടേണ്ടി വന്നു. അന്നെല്ലാം ദിൽഷയ്ക്ക് കരുത്തായി നിന്നത് കുടുംബമായിരുന്നു. കഴിഞ്ഞ വർഷം ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയ താരം ഇന്ന് വെല്ലുവിളികളെയും കുറ്റപ്പെടുത്തലുകളെയും അതിജീവിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് താരം മലയാള സിനിമയിൽ നായികയായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. അതും നടനും തിരക്കഥാകൃത്തുമായി അനൂപ് മേനോന്റെ സിനിമയിലൂടെ. ദിൽഷയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരം ആദ്യമായി നായികയാകുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.
അനൂപ് മേനോന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ടീസർ ആരാധകരിലേക്ക് എത്തിയത്. അനൂപ് മേനോൻ നായകനാകുന്ന സിനിമയുടെ പേര് ഓ സിൻഡ്രല്ല എന്നാണ്. അജു വര്‍ഗീസാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ.
ഈ സിനിമയിലും നർത്തകിയാണ് ദിൽഷ. റെണോൾസ് റഹ്മാനാണ് സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്പി. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ തന്നെയാണ് നിർമാണം. ടീസർ വൈറലായതോടെ ദിൽഷയുടെ വിജയം ആരാധകരും ആഘോഷമാക്കി. ക്രൂരമായ സൈബർ ബുള്ളിയിങ്ങുകൾ മറികടന്ന് ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്ന ദിൽഷയെ പ്രശംസിച്ചുള്ള കമന്റുകളാണ് ടീസറിന് താഴെ നിറയുന്നത്.
'കൃത്യം ഒരു വർഷം മുമ്പ് ക്രൂരമായ സൈബർ ബുള്ളിയിങ്ങുകൾ... നാലുപാടും നിന്ന് ആക്രമിച്ചവരും അതിന് ചുക്കാൻ പിടിച്ചവരും കരുതി അവൾ അവരെയൊക്കെ ഭയന്ന് നാല് ചുവരുകൾക്കുള്ളിൽ ഒളിച്ച് തന്റെ സ്വപ്നങ്ങൾ മറക്കുമെന്ന്. അവൾ അവിടെയൊന്നും തളരാതെ ഡീഗ്രെഡിനെ മോട്ടിവേഷനാക്കി മുന്നേറി. ഒടുവിൽ ആ ദിവസം വന്നെത്തി. മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം. ദിൽഷ നീ പലർക്കും ഒരു മാതൃകയാണ്.'

'കഴിഞ്ഞ വർഷം നീ നിന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിൽ കൂടി കടന്നുപോയി. ഈ വർഷം ഈ സമയം നീ നിന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടി കൊണ്ട് ഇരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നാണ്', ആരാധകർ ദിൽഷയെ പ്രശംസിച്ച് കുറിച്ചത്. ബിഗ് ബോസ് വിജയിയായിട്ടും ആ സന്തോഷം മനസ് നിറഞ്ഞ് ആസ്വദിക്കാൻ പറ്റാതെ പോയ ഒരേയൊരു മത്സരാർത്ഥി ദിൽഷയാണ്.
ഇപ്പോഴും ചിലരുടെ ഫാൻസ് ദിൽഷയെ പരിഹസിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ലെന്നത് താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളിൽ നിന്നും വ്യക്തമാണ്. നർത്തകി എന്ന നിലയിലും ദിൽഷ ഒരുപാട് ഉയരങ്ങളിലേക്ക് എത്തി.
റംസാനൊപ്പം സിമ്പു ചിത്രം വെന്ത് തനിന്തത് കാടിലെ സോങിന് ചുവടുവെച്ചപ്പോൾ ദിൽഷയെ അഭിനന്ദിച്ച് സാക്ഷാൻ എ.ആർ റഹ്മൻ വരെ എത്തിയിരുന്നു. നിരവധി സെലിബ്രിറ്റികളും മലയാള സിനിമയിലെ പുതിയ നായികയ്ക്ക് ആശംസകൾ നേർന്നു. സിനിമ സ്വപ്നം കണ്ട് തന്നെയാണ് ദിൽഷയും ബിഗ് ബോസിലേക്ക് എത്തിയത്.


Click it and Unblock the Notifications