പരാജയത്തിന് ശേഷം സാമ്പത്തിക പ്രശ്നങ്ങൾ; വർഷങ്ങളോളം സിദ്ദിഖ് അസുഖം കാര്യമാക്കിയില്ല; ദിനേശ് പണിക്കർ
അടുത്തിടെയാണ് സംവിധായകൻ സിദ്ദിഖ് ലോകത്തോട് വിട പറഞ്ഞത്. കരൾ രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിദ്ദിഖ് മരിച്ചത്. ഹിറ്റ് മേക്കറായി അറിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം ഏവരെയും വിഷമിപ്പിച്ചു. മറക്കാനാകാത്ത ഒരുപിടി സിനിമകൾ സമ്മാനിച്ചാണ് സിദ്ദിഖ് വിട പറഞ്ഞത്. ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര തന്നെ മലയാള സിനിമയിൽ സിദ്ദിഖ് സൃഷ്ടിച്ചു.
ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെ തമിഴിലും തെലുങ്കിലും വിജയം കൈവരിക്കാൻ സിദ്ദിഖിന് കഴിഞ്ഞു. സിനിമാ രംഗത്തെ നിരവധി പ്രമുഖർ സിദ്ദിഖിനെക്കുറിച്ചുള്ള ഓർമ്മകൾ ഇതിനകം പങ്കുവെച്ചിട്ടുണ്ട്.സിദ്ദിഖിനെക്കുറിച്ച് നിർമാതാവും നടനുമായ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ നല്ല വ്യക്തിയായിരുന്നു സിദ്ദിഖെന്ന് ഇദ്ദേഹം പറയുന്നു.

ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ പരാജയപ്പെട്ടപ്പോൾ അതിന്റെ ഉത്തരവാദിത്വം മറ്റാെരാളുടെ തലയിലും വെക്കാതെ സിദ്ദിഖ് തന്നെ ഏറ്റെടുത്തു. ബിഗ് ബ്രദറിന് ശേഷം അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകൾ വന്നു. അദ്ദേഹം കുറച്ച് ഡൗൺ ആയി എന്ന് ഞാൻ അറിഞ്ഞിരുന്നു. ഇടയ്ക്ക് ഞാൻ വിളിക്കാറുണ്ടായിരുന്നു.
സിദ്ദിഖിന് വാട്സാപ്പിൽ ഇല്ല. നേരത്തെ വാട്സ്ആപ്പ് ഉണ്ടായിരുന്നു. എന്നാൽ നിരവധി മെസേജുകൾ വന്നതോടെ അതിെനാന്നും മറുപടി കൊടുക്കാൻ പറ്റാതായി. ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹം വാട്സ്ആപ്പ് വേണ്ടെന്ന് വെച്ചതെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി. സിദ്ദിഖ് നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ദിനേശ് പണിക്കർ സംസാരിച്ചു.

ഫാറ്റി ലിവർ എന്ന അസുഖമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. കഴിഞ്ഞ 20 വർഷത്തോളമായി ഡയബറ്റിസ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം വേണ്ട പ്രതിവിധികളൊന്നും ചെയ്തിരുന്നില്ല. ടേക്ക് ഇറ്റ് ഈസി എന്ന മട്ടിലാണ് അദ്ദേഹം എടുത്തതെന്നാണ് എന്നോട് ബിസിനസ് പാർട്ണർ ഷാഫി പറഞ്ഞത്. സമയമില്ല. അത്രയും തിരക്കായിരുന്നു. അവസാന ഘട്ടമെത്തിയപ്പോഴാണ് ഫാറ്റി ലിവറായതെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി.
ആത്മ എന്ന അസോസിയേഷന്റെ റിയാലിറ്റി ഷോയിൽ വെച്ച് സിദ്ദിഖിനെ കണ്ടു. ഷോയിലെ ജഡ്ജായാണ് അദ്ദേഹം എത്തിയത്. സംവിധായകൻ സെന്തിലാണ് ആ ഷോ സംവിധാനം ചെയ്തത്. അസിസ്റ്റന്റായി കൂടെയുണ്ടായിരുന്ന വർമയാണ് സിദ്ദിഖുമായുള്ള കോഡിനേഷൻ നടത്തിക്കൊണ്ടിരുന്നത്. ആ ഷോ ചെയ്യുമ്പോൾ തന്നെ ആരോഗ്യപരമായ ചില പ്രശ്നങ്ങൾ സിദ്ദിഖ് നേരിട്ടിരുന്നെന്ന് വർമ തന്നോട് പറഞ്ഞതായും ദിനേശ് പണിക്കർ വ്യക്തമാക്കി.
സിദ്ദിഖിന്റെ വിയോഗം സുഹൃത്തായ ലാലിന് താങ്ങാൻ പറ്റിയിട്ടില്ല. ലാലിന്റെ മുഖത്ത് അതുണ്ടായിരുന്നു. അത്രയും നല്ല സുഹൃത്തിനെ ലഭിക്കുകയെന്നത് പുണ്യമാണെന്നും ദിനേശ് പണിക്കർ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
നാട്ടിലെ നാടക ട്രൂപ്പുകളിലൂടെയാണ് സിദ്ദിഖ് കലാ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി തുടക്ക കാലത്ത് സിദ്ദിഖ് പ്രവർത്തിച്ചു. ആത്മസുഹൃത്ത് ലാലും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ചെയ്ത ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിംഗ് തുടങ്ങിയ സിനിമകൾ വൻ ഹിറ്റായി. പിന്നീട് ലാൽ നിർമാണത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു.
സിദ്ദിഖിന്റെ മരണം വലിയ ആഘാതമാണ് ലാലിനുണ്ടാക്കിയത്. മൃതദേഹത്തിനരികെ ഇരിക്കുന്ന ലാലിന്റെ ചിത്രം ഏവരെയും വിഷമിപ്പിച്ചു. സിനിമാ കൂട്ടുകെട്ട് അവസാനിപ്പിച്ചിരുന്നെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടർന്നു. കഴിഞ്ഞ കുറച്ച് കാലമായി സിനിമാ രംഗത്ത് സംവിധായകൻ സജീവമല്ലായിരുന്നു.


Click it and Unblock the Notifications