'വല്ലാത്ത അവസ്ഥയായേനെ; രണ്ട് താരങ്ങളുടെ അമ്മയായ മല്ലിക ബുദ്ധിപൂർവം ഒഴിഞ്ഞ് മാറി'; ദിനേശ് പണിക്കർ
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. കോമഡി വേഷങ്ങൾ അനായാസമായി ചെയ്യുന്ന മല്ലിക ജീവിതത്തിലും രസകരമായി സംസാരിക്കുന്നയാളാണ്. പൃഥിരാജ്, ഇന്ദ്രജിത്ത് എന്നീ നടൻമാരുടെ അമ്മയായ മല്ലിക മിക്ക അഭിമുഖങ്ങളിലും ഇവരെക്കുറിച്ച് സംസാരിക്കാറുണ്ട്. പൃഥിരാജിന്റെ ചെറുപ്പക്കാലത്തെക്കുറിച്ചുള്ള രസകരമായ കഥകൾ ആരാധകർ അറിയുന്നത് മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്. അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. നിരവധി സീരിയലുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
ഹരിചന്ദനം എന്ന സീരിയലിൽ മല്ലിക സുകുമാരനോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ. 2010 ൽ പുറത്തിറങ്ങിയ സീരിയലിൽ ഭാര്യാ ഭർത്താക്കൻമാരായാണ് ഇരുവരും അഭിനയിച്ചത്. 'മല്ലിക സുകുമാരനൊപ്പം അഭിനയിക്കുമ്പോൾ മത്സരിച്ച് അഭിനയിച്ചേ പറ്റൂ. അവർ എത്രയോ വർഷമായി അനായാസമായി അഭിനയിക്കുന്ന സ്ത്രീയാണ്. അവരുടെ കൂടെ എനിക്കും നല്ല രീതിയിൽ അഭിനയിക്കാൻ സാധിച്ചു'

'നിങ്ങൾക്ക് എത്രത്തോളം മല്ലിക സുകുമാരനെ അറിയും എന്നെനിക്കറിയില്ല. പക്ഷെ അവർ അതുല്യയായ സ്ത്രീയാണ്. ലൊക്കേഷനിൽ അവർ ഓരോരുത്തരോടും നല്ല രീതിയിൽ പെരുമാറി. അന്ന് ഇന്ദ്രജിത്തും, പൃഥിരാജും അറിയപ്പെടുന്നവരാണ്. ഈ രണ്ട് താരങ്ങളുടെ അമ്മയാണ്, ഒരു സൂപ്പർനടന്റെ ഭാര്യയായിരുന്നു എന്ന അഹങ്കാരമൊന്നുമില്ല. എല്ലാവരോടും ഇടപഴകുന്നു'
'അങ്ങനെ നല്ല രീതിയിൽ സീരിയൽ മുന്നോട്ട് പോവുന്നു. സുചിതയായിരുന്നു ഹരിചന്ദനത്തിലെ നായിക. മീര ജാസ്മിനുമായി സാമ്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനിത് സ്ഥിരം കേൾക്കുന്നതാണ്, മീരയുടെ ഡ്യൂപ്പ് എന്ന് വരെ എന്നെ വിളിക്കാറുണ്ടെന്ന് അവർ പറഞ്ഞു'
'ഇടയ്ക്ക് സീരിയലിലെ കഥയിൽ ചെറിയ മാറ്റം വരുത്തണമെന്ന് സംവിധായകൻ ബൈജു ദേവരാജ് എന്നെ വിളിച്ച് പറഞ്ഞു. സീരിയലിൽ മല്ലിക സുകുമാരന്റെ കഥാപാത്രം വില്ലത്തിയാവുന്നതായിരുന്നു കഥ. എന്നാൽ വില്ലത്തിയായി അഭിനയിക്കാൻ മല്ലിക ചേച്ചിക്ക് വിഷമം. രണ്ട് സൂപ്പർസ്റ്റാറുകളുടെ അമ്മയാണ്. മാത്രമല്ല അന്നത്തെ സ്ഥിതയിൽ അങ്ങനെയൊരു വേഷം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാൻ വില്ലനായി. എന്റെ കഥാപാത്രം സുചിതയുടെ കഥാപാത്രത്തെ ഉപദ്രവിക്കുകയും കാറിടിച്ച് കൊല്ലാൻ നോക്കുന്നുമുണ്ട് '

മല്ലിക സുകുമാരനിത് ചെയ്തിരുന്നെങ്കിൽ വല്ലാത്ത അവസ്ഥയിലായിപ്പോയേനെ. അവർ വളരെ ബുദ്ധിപൂർവം അതിൽ നിന്ന് ഒഴിഞ്ഞു. ഞാൻ ഗംഭീരമായി ചെയ്തു. ഇന്നും ആ കഥാപാത്രം ആളുകൾ ഓർക്കുന്നുണ്ടെന്നും ദിനേശ് പണിക്കർ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ രംഗത്ത് നിന്നും കുറച്ച് കാലം മാറി നിന്ന മല്ലിക സുകുമാരൻ തിരിച്ചെത്തിയപ്പോൾ കൈ നിറയെ അവസരങ്ങളാണ്. ഭർത്താവിന്റെ വിയോഗമുണ്ടാക്കിയ ആഘാതം മറികടന്ന് പൃഥിയെയും ഇന്ദ്രനെയും ഇന്നത്തെ താരങ്ങളാക്കി വളർത്തിയ മല്ലിക സുകുമാരനെ ആരാധകരും അഭിനന്ദിക്കുന്നു. അന്തരിച്ച ഭർത്താവ് സുകുമാരന്റെ ഓർമ്മകൾ മല്ലിക പങ്കുവെക്കാറുണ്ട്. നടി ഇന്ന് മിക്ക അഭിമുഖങ്ങളിലും ഏറ്റവും കൂടുതൽ സംസാരിക്കുന്നത് സുകുമാരനെക്കുറിച്ചാണ്.
മക്കളായ പൃഥിരാജും ഇന്ദ്രജിത്തും സിനിമ താരങ്ങളാവുമെന്ന് സുകുമാരൻ അവരുടെ ചെറുപ്പകാലത്തേ പറയുമായിരുന്നു. മക്കളുടെ നേട്ടങ്ങളിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്നും അടുത്തിടെ മല്ലിക പറഞ്ഞു. മലയാള സിനിമയിൽ നിറഞ്ഞ് നിന്ന സുകുമാരൻ 1997 ലാണ് മരിക്കുന്നത്. കരിയറിന്റെ തിരക്കുകളിലാണ് പൃഥിരാജും ഇന്ദ്രജിത്തും. പൃഥിരാജിന്റെ ആടുജീവിതമെന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
പൃഥിയും ഇന്ദ്രജിത്തും ഒരുമിച്ച് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിലും ഇന്ദ്രജിത്ത് ശ്രദ്ധേയ വേഷം ചെയ്തു.


Click it and Unblock the Notifications