'പൈസ വീട്ടിലെത്താതെ ഇറങ്ങില്ലെന്ന് സുകുമാരൻ; നടന്റെയൊപ്പം അഭിനയിക്കില്ലെന്ന് നരേന്ദ്ര പ്രസാദും'
മലയാളികൾക്ക് മറക്കാനാവാത്ത നടനാണ് അന്തരിച്ച സുകുമാരൻ. മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഭാര്യ മല്ലികയുടെയും വാക്കുകളിലൂടെ സുകുമാരൻ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു കണിശക്കാരനായ വ്യക്തിയെന്നാണ് സുകുമാരന് സിനിമാ ലോകത്തുള്ള ഇമേജ്. അതിനാൽ തന്നെ പലപ്പോഴും ശത്രുക്കളും സുകുമാരനുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സുകുമാരനെ സിനിമാ ലോകത്ത് നിന്നും ഒതുക്കിയെന്നും സംസാരമുണ്ടായിട്ടുണ്ട്. സുകുമാരനെക്കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബോക്സർ എന്ന സിനിമയിൽ സുകുമാരനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. സിനിമയിലെ ക്യാരക്ടർ എഴുതി വന്നപ്പോൾ ചെയ്യാൻ പറ്റിയ ആളെന്നത് രതീഷായിരുന്നു. രതീഷ് നല്ല താരമായി നിൽക്കുന്ന സമയമാണ്. പക്ഷെ രതീഷ് കുറച്ച് ഉഴപ്പി തുടങ്ങിയ സമയമായിരുന്നു അത്. സിനിമാ മേഖല അദ്ദേഹത്തെ കൈയൊഴിഞ്ഞ സമയമായിരുന്നു. രതീഷിനെ കാസ്റ്റ് ചെയ്തു. പക്ഷെ നടൻ വന്നില്ലെന്നും ഇതിനാൽ പകരം സുകുമാരനെ അഭിനയിപ്പിക്കുകയായിരുന്നെന്നും ദിനേശ് പണിക്കർ ഓർത്തു.
'സുകുവേട്ടൻ അന്ന് കുറച്ച് നാളായി പടങ്ങളൊന്നും ചെയ്യാതിരിക്കുന്ന സമയമായിരുന്നു. സുകുവേട്ടനന്ന് കോട്ടയത്താണ്. നാളെ രാവിലെ അവിടെ എത്തിക്കോളാമെന്ന് പറഞ്ഞു. പൈസയുടെ കാര്യത്തിൽ കിറു കൃത്യമായ മനുഷ്യനെ ലോകത്ത് കാണില്ല. എഗ്രിമെന്റൊന്നും വേണ്ട. അദ്ദേഹത്തിന്റെ വാക്ക് മതി. ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ ഇത്രയും പൈസ കിട്ടണം'

'ഷൂട്ടിംഗ് കഴിഞ്ഞ് പോവുമ്പോൾ ഇത്രയും കിട്ടണം. മൂന്ന് ദിവസം കഴിഞ്ഞ് ഇത്രയും കിട്ടണം. ഡബ്ബിംഗിന് ഇത്രയും പൈസ കിട്ടണം, എന്നിങ്ങനെ കൃത്യതോടെ അദ്ദേഹം സംസാരിക്കുമായിരുന്നെന്ന് അഭിനന്ദിച്ച് കൊണ്ട് ഞാൻ പറയുന്നു,' ദിനേശ് പണിക്കർ പറഞ്ഞു.
എന്നാൽ സിനിമയിൽ സുകുമാരൻ ജോയിൻ ചെയ്ത ദിവസം തന്നെ സെറ്റിൽ അസ്വാരസ്യങ്ങൾ വന്ന് തുടങ്ങിയെന്ന് ദിനേശ് പണിക്കർ ഓർത്തു. 'ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞു. രണ്ടാമത്തെ ദിവസം നരേന്ദ്ര പ്രസാദിനെ വിളിക്കാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, പണിക്കരേ വേറൊന്നും വിചാരിക്കരുത് എനിക്ക് സുകുമാരന്റെ കൂടെ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്. കാരണം പറയുന്നില്ല. സുകുമാരന്റെ കൂടെ അഭിനയിക്കാൻ രണ്ട് മൂന്ന് ആർട്ടിസ്റ്റുകൾ വിസമ്മതിച്ചു,' ദിനേശ് പണിക്കർ പറഞ്ഞു.

അന്ന് സംഘടനകളുടെ ചുമതലാ സ്ഥാനത്തുള്ള നടൻ മധു ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചതെന്നും ദിനേശ് പണിക്കർ ഓർത്തു. സുകുമാരന്റെ കണിശതയെക്കുറിച്ചുള്ള ഓർമ്മയും ദിനേശ് പണിക്കർ പങ്കുവെച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗ് സമയത്തുണ്ടായ സംഭവമാണ് ഇദ്ദേഹം ഓർത്തത്. ഡബ്ബിംഗിൽ 20,000 രൂപ കൊടുക്കാനുണ്ടായിരുന്നു. സുകുവേട്ടനെ വിളിച്ചു. ഡബ്ബിംഗ് ഇന്ന് വൈകീട്ട് വരാൻ പറ്റുമോ, വൈകീട്ട് ഫ്ലെെറ്റുണ്ടോ എന്ന് ചോദിച്ചു.
ഇന്ന് ഞാൻ ഫ്രീയാണ് വരാം, പക്ഷെ 20000 ത്തിന്റെ കാര്യമെന്തായെന്ന് ചോദിച്ചു. എന്റെ കൈയിലുണ്ടെന്ന് പറഞ്ഞു. അത് പറ്റില്ല, എന്റെ വീട്ടിൽ കാശ് കിട്ടാതെ ഇറങ്ങില്ലെന്നെന്നാണ് എന്റെ പ്രിൻസിപ്പലെന്ന് സുകുവേട്ടൻ. എന്നെ കുറേക്കാലമായി അറിയാവുന്നതല്ലേ. ഇവിടെ വന്നിട്ട് പണം തന്നില്ലെങ്കിൽ ഹോട്ടലിൽ പോലും കയറേണ്ട, അടുത്ത ഫ്ലെെറ്റ് പിടിച്ച് തിരിച്ച് പോയ്ക്കോയെന്ന് താൻ പറഞ്ഞെന്നും ദിനേശ് പണിക്കർ ഓർത്തു.
പറഞ്ഞ രീതി ഇഷ്ടപ്പെട്ടത് മൂലം അദ്ദേഹം വന്നെന്നും റിസപ്ഷനിൽ വെച്ച് തന്നെ പണം കൊടുത്തെന്നും ദിനേശ് പണിക്കർ പറഞ്ഞു. എല്ലാവരോടും കിറു കൃത്യമായി കാശു വാങ്ങുന്ന ആളാണ് താനെന്നും അതുകൊണ്ട് വണ്ടിച്ചെക്കോ കള്ളച്ചെക്കോ തനിക്കിന്ന് വരെ കിട്ടിയിട്ടില്ലെന്നും സുകുമാരൻ പിന്നീട് തന്നോട് പറഞ്ഞെന്നും ദിനേശ് പണിക്കർ ഓർത്തു.


Click it and Unblock the Notifications