'മാളികപ്പുറം കണ്ട് മുൻ കാമുകി വിളിച്ച് അഭിനയിക്കാൻ അവസരം ചോദിച്ചു, എന്റെ മറുപടി കേട്ടതും കോൾ കട്ട് ചെയ്തു'
എല്ലാ കാലത്തും സിനിമ അഭിലാഷ് പിള്ളയുടെ മനസിലുണ്ടായിരുന്നു. അതിനാലാണ് മകളുടെ ജനനശേഷം ഇൻഫോപാർക്കിലെ ജോലി രാജി വെച്ച് സിനിമയ്ക്ക് പിന്നാലെ രണ്ടും കൽപ്പിച്ച് ഇറങ്ങി തിരിച്ചതും. ഇതിനോടകം സംവിധാനം, തിരക്കഥ രചന എന്നിവയിൽ എല്ലാം കഴിവ് തെളിയിച്ച് കഴിഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയുടെ വിജയത്തിനുശേഷമാണ് അഭിലാഷ് പിള്ള എന്ന സംവിധായകനെ സിനിമാപ്രേമികൾ കൂടുതലായും അറിഞ്ഞ് തുടങ്ങിയത്.
2022ൽ റിലീസ് ചെയ്ത മാളികപ്പുറം വലിയ വിജയമായിരുന്നു. കോടികളാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും കലക്ട് ചെയ്തത്. ജോലി രാജിവെച്ച് സിനിമയ്ക്ക് വേണ്ടി അലയാമെന്ന് തീരുമാനിച്ചത് തെറ്റായിപ്പോയോ എന്ന ചിന്ത തന്നെ അലട്ടിയിരുന്നുവെന്നും മുമ്പ് അഭിലാഷ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

2013ൽ സിനിമയ്ക്ക് വേണ്ടി ഇറങ്ങുമ്പോൾ ഇത് വളരെ പെട്ടെന്നൊന്നും സംഭവിക്കില്ലെന്ന ബോധ്യവും അഭിലാഷിന് ഉണ്ടായിരുന്നു. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ റിലീസിനുശേഷം ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് അഭിലാഷ് പിള്ള. നളൻ ഷൈനിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ സംഭവം സംവിധായകൻ വെളിപ്പെടുത്തിയത്.
മുൻ കാമുകി വർഷങ്ങൾക്കുശേഷം തന്നെ ഫോൺ വിളിച്ച അനുഭവമാണ് സംവിധായകൻ പങ്കുവെച്ചത്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിച്ചേനെ. പക്ഷെ ഒരു സമയത്ത്... തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓരോരുത്തരുടെ മാനസീകാവസ്ഥയാണ്.
ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ഞാൻ ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു. ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു.
വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത‍്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു. മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു.

എന്റെ മറുപടി കേട്ടതും അവൾ വേഗം കോൾ കട്ട് ചെയ്ത് പോയി എന്നാണ് അഭിലാഷ് പറഞ്ഞത്. ഇന്ന് രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് അഭിലാഷ്. ജീവിതത്തിൽ ഏറ്റവും മൂല്യമേറിയതായി അഭിലാഷ് കണക്കാക്കുന്നതും കുടുംബമാണ്. അയ്യപ്പനെ വെച്ച് ഒരു പത്ത് പടം കൂടി ചെയ്യാനുള്ള അവസരം കിട്ടിയാൽ ഞാൻ ചെയ്യും. എനിക്ക് അയ്യപ്പനെ വെച്ച് സിനിമ ചെയ്ത് കൊതിമാറിയിട്ടില്ല. എന്നെ കളിയാക്കി ചില പോസ്റ്റുകൾ ഞാൻ കാണാറുണ്ട്.
വിശ്വാസങ്ങളെ പറ്റി എഴുതുന്ന സംവിധായകനെന്നാണ് എന്നെ കുറിച്ച് അതിൽ പറഞ്ഞ് കാണാറുള്ളത്. ഭക്തി റൈറ്റർ എന്നും എന്നെ പറ്റി എഴുതി കണ്ടിട്ടുണ്ട്. ഞാൻ ആ പേരുകളിൽ പ്രൗഡാണ്. എന്റെ ജീവിതത്തിലും കഥകളിലും എല്ലാം ഞാൻ അത്രയധികം പ്രാധാന്യം കൊടുക്കുന്നയാളാണ് ദൈവം. അതുകൊണ്ട് തന്നെ ആ ദൈവത്തെ കണക്ട് ചെയ്യാനുള്ള കഥകൾ ഞാൻ ഇനിയും എഴുതും.
ഒരു പത്ത് പടം ചെയ്താൽ അതിൽ ഒമ്പത് പടം ചിലപ്പോൾ അത് തന്നെയായിരിക്കും. ഞാൻ അത് മാറ്റാൻ നിൽക്കില്ല. എന്തിനാണ് മാറ്റുന്നത്. എന്റെ സിഗ്നേച്ചറാണത് എന്നും മാളികപ്പുറം സിനിമയെ കുറിച്ച് സംസാരിക്കവെ അഭിലാഷ് പിള്ള പറഞ്ഞു.


Click it and Unblock the Notifications











