കട്ടെടുത്തെന്ന് പറഞ്ഞ് അയാള്‍ എന്റെ ബാഗിലെ സാധനം താഴെയിട്ടു! വണ്ടി പ്രേമം തുടങ്ങിയതിനെ പറ്റി അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലൂടെയാണ് അഖില്‍ മാരാര്‍ വിജയിക്കുന്നത്. നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി ശ്രദ്ധിക്കപ്പെട്ടെങ്കിലും ബിഗ് ബോസിലേക്ക് പോയതാണ് അഖിലിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവാകുന്നത്. വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള അഖില്‍ അടുത്തിടെ മിനികൂപ്പര്‍ വാങ്ങിയിരുന്നു.
ഭാര്യയുടെയും മക്കളുടെയും കൂടെയുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. ചെറുപ്പക്കാലത്ത് വണ്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായ അപമാനമാണ് വാഹനങ്ങളോട് ഇത്രയധികം ഇഷ്ടമുണ്ടാവാന്‍ കാരണമെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അഖില്‍ മാരാര്‍ വ്യക്തമാക്കുന്നത്.

ചെറുപ്പക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ്... 'പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം. ക്രിക്കറ്റ് കളിയുളള ദിവസം സ്‌കൂളില്‍ പോവാറില്ല. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള വീട്ടില്‍ കയറി കളി കണ്ടിരിക്കും. മിക്കപ്പോഴും ജനലിന്റെ അടുത്ത് നിന്നും മുറ്റത്ത് നിന്നുമൊക്കെയാണ് കളി കാണുക. അങ്ങനെ ഒരു ദിവസം പുറത്ത് നിന്ന് കളി കണ്ടോണ്ടിരിക്കുമ്പോള്‍ അവിടെ ആരോ കാറില്‍ വന്നു. മാരുതിയുടെ ഒരു കാറായിരുന്നു അത്.
വണ്ടി കണ്ട കൗതുകത്തില്‍ ഞാന്‍ ചെന്ന് വണ്ടിയുടെ അകം കാണാനായി ഡോറൊന്ന് തുറന്ന് നോക്കി. അപ്പോള്‍ ഒരാള്‍ വന്ന് തലയ്ക്കിട്ട് ഒറ്റയടി. എന്നിട്ട് നീ എന്തിനാ വണ്ടിയ്ക്ക് അകത്തുള്ള സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. എന്റെ സ്‌കൂള്‍ ബാഗ് പിടിച്ച് വാങ്ങി പരിശോധിച്ചു. അതിലെ സാധനങ്ങളെല്ലാം എടുത്ത് താഴെയിട്ടു.
സ്‌കൂളില്‍ പോകുന്ന വഴി വീണ് കിടക്കുന്ന കാശുവണ്ടി പെറുക്കി ബാഗിലിടാറുണ്ട്. അന്ന് അതൊക്കെ കൊടുത്താല്‍ കുറച്ച് കാശ് കിട്ടും. അങ്ങനെ ബാഗിലിട്ട കശുവണ്ടി ആ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പറഞ്ഞ് അയാള്‍ ബഹളമുണ്ടാക്കി. അല്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചില്ല. മനസ് ഏറെ വിഷമിച്ചാണ് അന്ന് വീട്ടിലേക്ക് തിരികെ പോയത്.
ഒരു വണ്ടി കാരണമുണ്ടായ അപമാനം ഉള്ളിലുള്ളത് കൊണ്ട് വലുതായാല്‍ ഒരു വലിയ വണ്ടി വാങ്ങുമെന്ന് മനസിലുറപ്പിച്ചു. അന്ന് തുടങ്ങിയതാണ് തന്റെ ഈ വണ്ടിപ്രേമം', എന്നാണ് അഖില്‍ പറയുന്നത്.
കൈയ്യില്‍ പതിനായിരം രൂപ മാത്രമുള്ളപ്പോള്‍ ഇരുപത് ലക്ഷം കൊടുത്ത് വണ്ടി വാങ്ങിയ കഥയും അഖില്‍ പങ്കുവെച്ചു. ഒരു താത്വിക അവലോകനം സിനിമ സംവിധാനം ചെയ്തിരിക്കുന്ന സമയമാണ്. ആ സിനിമയിലൂടെ സംവിധായകനായി, എഴുത്തുകാരനുമായി. പക്ഷേ മൊത്തത്തില്‍ ഒരു ചേഞ്ച് മാത്രം വരുന്നില്ല.
എന്നാല്‍ പിന്നെ എനിക്കൊരു ചേഞ്ച് വന്നുവെന്ന് നാട്ടുകാരെ മൊത്തം കാണിക്കണമെന്ന് തോന്നി. അങ്ങനെ ഇരിക്കുമ്പോഴാണ് പുത്തന്‍ ഹാരിയര്‍ വില്‍ക്കാനുണ്ടെന്ന് അറിയുന്നത്. 2020 ലെ വണ്ടിയ്ക്ക് 27 ലക്ഷം രൂപയാണ് ഓണ്‍റോഡ് പ്രൈസ്. സെക്കന്‍ഡ് ഹാന്‍ഡ് ആയത് കൊണ്ട് അഞ്ച് ലക്ഷം നഷ്ടത്തില്‍ 22 ന് തരാമെന്ന് പറഞ്ഞു. നടന്‍ ജോജു ജോര്‍ജിനെ കൊണ്ട് വിളിപ്പിച്ച് പറഞ്ഞതോടെ അദ്ദേഹം 20 ലക്ഷത്തിന് തരാമെന്ന് തീരുമാനിച്ചു.

മറ്റന്നാള്‍ പണം കൊടുക്കണം. അക്കൗണ്ടില്‍ പതിനായിരം രൂപയേ ഉള്ളു. അന്ന് വാക്ക് പറഞ്ഞ് പോന്നു. പിറ്റേന്ന് പലരില്‍ നിന്നും കടം വാങ്ങി ഇരുപത് ലക്ഷം ഉണ്ടാക്കി വണ്ടി വാങ്ങി. കടങ്ങളൊക്കെ പിന്നീട് ജോലി എടുത്ത് വീട്ടി. ആഗ്രഹിച്ചാല്‍ പിന്നെ അത് നടത്താതിരുന്നാല്‍ ഒരു സമാധാനക്കേടാണെന്നാണ് അഖില്‍ പറയുന്നത്.
ബിഗ് ബോസിന് ശേഷമാണ് വോള്‍വോ വാങ്ങുന്നത്. അങ്ങനെ ആ വണ്ടിയും കൊണ്ട് മൂകാംബികയിലേക്ക് പോയി. പോകുന്ന വഴി അങ്കമാലിയില്‍ വെച്ച് ഒരു കണ്ടെയിനര്‍ ലോറി ചീറിപാഞ്ഞ് വന്ന് വണ്ടിയിലിടിച്ചു. വണ്ടി ഒതുക്കി പുറത്തിറങ്ങിയപ്പോള്‍ ലോറി ഡ്രൈവര്‍ വന്ന് തൊഴുത് നിന്നിട്ട് സോറി കേസാക്കരുതെന്ന് പറഞ്ഞു. എന്നിട്ട് രണ്ടായിരം രൂപയെടുത്ത് കൈയ്യില്‍ വെച്ച് തന്നു.
വണ്ടിക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെ പണിയുണ്ട്. അങ്ങനെ അയാളുമായി തര്‍ക്കിച്ചോണ്ടിരിക്കുമ്പോഴാണ് അവിടെ അടുത്തുള്ള ടെക്‌സ്‌റ്റൈല്‍സില്‍ നിന്നും ജോലി കഴിഞ്ഞ് കുറേ ചേച്ചിമാര്‍ വരുന്നത്. ബിഗ് ബോസിലൂടെ കണ്ട് പരിചിതമായ മുഖമായത് കൊണ്ട് പലരും അടുത്ത് വന്ന് സെല്‍ഫി എടുത്തോട്ടെന്ന് ചോദിച്ചു.
വണ്ടി തര്‍ക്കത്തിനിടയിലാണ് സെല്‍ഫി. അങ്ങനെ ലോറിക്കാരനുമായിട്ടുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കേണ്ടി വന്നു. അയാളുടെ മുതലാളിയോടെല്ലാം സംസാരിച്ചെങ്കിലും നയാപൈസ പോലും കിട്ടിയില്ല. അങ്ങനെ വണ്ടി നന്നാക്കാനുള്ള കാശ് കൈയ്യില്‍ നിന്നും എടുക്കേണ്ടി വന്നുവെന്ന് അഖില്‍ പറയുന്നു.


Click it and Unblock the Notifications











