'പറ്റിപ്പോയി'; സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങൾ റിസബാവ തട്ടിത്തെറിപ്പിച്ചു, അവസാന കാലത്ത് കടബാധ്യതയും!
മലയാള സിനിമയിലെ എന്നും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് നടൻ റിസബാവ അനശ്വരമാക്കിയ ജോൺ ഹോനായ് എന്ന കഥാപാത്രം. മലയാളത്തിലെ സുന്ദര വില്ലന്മാരുടെ ഗണത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. നൂറിലേറെ മലയാളം ചിത്രങ്ങളിൽ റിസബാവ അഭിനയിച്ചിട്ടുണ്ട്. 2021ൽ അമ്പത്തിനാലാം വയസിലാണ് അസുഖങ്ങൾ മൂലം റിസബാവ അന്തരിച്ചത്. തോപ്പുംപടി സ്വദേശിയായ റിസബാവയെ വൃക്ക സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. സിനിമകളിൽ മാത്രമല്ല നിരവധി സീരിയലുകളിലും നടൻ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തെറ്റായ ചില തീരുമാനങ്ങളുടെ പേരിൽ റിസബാവയ്ക്കുണ്ടായ ചില നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകനും നടനും നിർമാതാവുമായ ആലപ്പി അഷ്റഫ്. സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങളെ റിസബാവ തട്ടിത്തെറിപ്പിച്ചു എന്നാണ് ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലൂടെ പറഞ്ഞത്.

ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇൻ ഹരിഹർ നഗർ എന്ന സിനിമയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിനെ കീഴടക്കിയ സുന്ദരനായ വില്ലനായിരുന്നു റിസബാവ. ഇന്ത്യ മുഴുവൻ ആരാധകരെ നേടാനും കോടീശ്വരനായി മാറാനുമുള്ള അവസരം തട്ടിത്തെറിപ്പിച്ച നിർഭാഗ്യവാനായ റിസബാവയെ കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. ഇൻ ഹരിഹർ നഗർ എന്ന സിനിമ നിർമ്മിച്ചത് ഞാനും ഫാസിലും അദ്ദേഹത്തിന്റെ അനുജൻ ഖയ്സ്, കുര്യച്ചൻ വാളക്കുഴി എന്നിവർ ചേർന്നാണ്.
ഞങ്ങൾ ഈക്വൽ പാട്നേഴ്സായിരുന്നു. സിനിമയുടെ സൈനിങ് അതോറിറ്റി ഞാനായിരുന്നു. സിനിമയുടെ റിലീസിനുശേഷം വില്ലന് നായക പരിവേഷം ലഭിച്ചു. അങ്ങനൊരു കാര്യം ചരിത്രത്തിൽ ആദ്യമായി സംഭവിച്ചത് ഈ സിനിമയുടെ റിലീസിനുശേഷമാണ്. ഇന്നും റിസബാവയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസിൽ ഓടിയെത്തുന്നത് ജോൺ ഹോനായി എന്ന കഥാപാത്രമാണ്.
ഈ സിനിമയ്ക്കുശേഷം റിസബാവ വലിയ താരമൂല്യമുള്ള നടനായി മാറി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം ഈ സിനിമ നിർമ്മിക്കാൻ പല നിർമ്മാതാക്കളും സന്നദ്ധത അറിയിച്ച് വന്നു. എല്ലാ നിർമ്മാതാക്കളും എന്നെ വിളിച്ചാണ് സിനിമ നിർമ്മിക്കാനുള്ള താൽപര്യം അറിയിച്ചത്. ആദ്യം തെലുങ്കിലെ ഒരു നിർമാതാവാണ് വിളിച്ചത്. അദ്ദേഹം മൂന്ന് ലക്ഷം ഓഫർ ചെയ്തു. അന്ന് അതൊരു വലിയ തുകയായിരുന്നു. എല്ലാവരോടും സംസാരിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞു.
പക്ഷെ ഗോപാൽ റെഡ്ഡി എന്ന നിർമാതാവിന് ഒരു നിർബന്ധമുണ്ടായിരുന്നു. വില്ലനായി റിസബാവ തന്നെ അഭിനയിക്കണം എന്നതായിരുന്നു അത്. ഹിന്ദിയിൽ നിന്നും ബൊപ്പയ്യ എന്ന നിർമ്മാണ കമ്പിനിയും റീമേക്ക് ആഗ്രഹം പ്രകടിപ്പിച്ച് എത്തി. അവരുടെയും ആവശ്യം റിസബാവ തന്നെ വില്ലനായി അഭിനയിക്കണമെന്നായിരുന്നു. തമിഴിൽ ഈ സിനിമ റീമേക്ക് ചെയ്തപ്പോൾ ഞാനാണ് സംവിധാനം നിർവഹിച്ചത്. ആർ.ബി ചൗധരിയായിരുന്നു നിർമ്മാണം.

ഓരോ കച്ചവടം ഉറപ്പിച്ചപ്പോഴും ഞാൻ റിസബാവയെ ഇക്കാര്യങ്ങളെല്ലാം പറയാനായി വിളിച്ചു. പക്ഷെ അദ്ദേഹം സംസാരിക്കില്ല. കാര്യം ഞാൻ ഫോൺ എടുക്കുന്നയാളെ ധരിപ്പിച്ചിട്ട് പറയാൻ ഏൽപ്പിച്ചിരുന്നു. പക്ഷെ റിസബാവ തിരിച്ച് വിളിച്ചില്ല. മാത്രമല്ല പോയി കാണാൻ ശ്രമിച്ചിട്ടും കണ്ടില്ല. കുറേനാൾ റിസബാവയെ കാണാൻ പരിശ്രമിച്ച് കൊണ്ടേയിരുന്നു. അവസാനം ഒരു ദിവസം അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചു. ഈ ചാൻസ് മിസ് ചെയ്യരുത്.
പണം ഒരു പ്രശ്നമല്ല. വില്ലൻ വേഷം ചെയ്യാൻ സമ്മതം പറയണം എന്നൊക്കെ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ മറുപടി ഇങ്ങനെയായിരുന്നു.... അതൊന്നും ശരിയാവില്ല. മാത്രമല്ല വില്ലനായി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഹീറോയായി അഭിനയിക്കാൻ കുറച്ച് പടങ്ങളൊക്കെ വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി. എത്ര നിർബന്ധിച്ചിട്ടും അദ്ദേഹത്തിന്റെ തീരുമാനം മാറിയില്ല. ആകെ എനിക്ക് ഒരു ഷോക്കായിരുന്നു.
കാരണം എല്ലാവരും ആഗ്രഹിക്കുന്ന അവസരമാണ് റിസബാവ തട്ടിത്തെറിപ്പിച്ചത്. റീമേക്ക് ചെയ്ത നിർമാതാക്കൾ മറ്റ് കലാകാരന്മാരെ വില്ലൻ വേഷത്തിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം റിസബാവ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി. തുടർന്ന് നിലനിൽപ്പിനായി സീരിയലിലേക്ക് പോയി. വർഷങ്ങൾക്കുശേഷം സൂര്യ ടിവിയിലെ ഒരു സീരിയലിൽ അഭിനയിച്ചപ്പോൾ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
അന്ന് അദ്ദേഹം അസുഖം മൂലം അവശനായിരുന്നു. എങ്കിലും എന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. സാമ്പത്തീക ബുദ്ധിമുട്ടുകൾ, ചെക്ക് കേസുകൾ എന്നിവയെ കുറിച്ചെല്ലാം എന്നോട് അദ്ദേഹം സംസാരിച്ചു. അന്ന് ആ അവസരങ്ങൾ തട്ടിതെറിപ്പിക്കാതിരുന്നുവെങ്കിൽ ഇന്ന് ഈ ഗതികേട് വരുമായിരുന്നുവോയെന്ന് ഞാൻ ചോദിച്ചു. അന്ന് അദ്ദേഹം നിറകണ്ണുകളോടെയാണ് എന്നോട് സംസാരിച്ചത്.
സ്നേഹിതന്റെ വാക്ക് വിശ്വസിച്ചാണത്രെ അദ്ദേഹം അന്ന് ആ വില്ലൻ വേഷങ്ങൾ ചെയ്യാതിരുന്നത്. ആ കൂട്ടുകാരന്റെ പേരും അദ്ദേഹം പറഞ്ഞു. പക്ഷെ ഞാൻ വെളിപ്പെടുത്തുന്നില്ല. പറ്റിപ്പോയി ഇക്ക എന്നാണ് റിസബാവ പറഞ്ഞത് എന്നാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിക്കവെ ആലപ്പി അഷ്റഫ് പറഞ്ഞത്.


Click it and Unblock the Notifications











