എന്നോട് പറഞ്ഞിട്ട് എന്താണ് കാര്യം? പാലിനോട് പറയൂ...; മോഹൻലാലിന്റെ ഫ്ലാറ്റ് പാലുകാച്ചൽ ചടങ്ങിനെ കുറിച്ച് അനീഷ്
സെലിബ്രിറ്റികളില്‍ പലര്‍ക്കും പാചകം താൽപര്യമില്ല. അവരവരുടെ തിരക്ക് പിടിച്ച ലൊക്കേഷന്‍ ജീവിതത്തില്‍ സ്വന്തം വീട്ടിലെ അടുക്കളയില്‍ കയറാനോ ഭക്ഷണം പാകം ചെയ്യാനോ സമയം കിട്ടാറില്ല. എന്നാല്‍ മലയാളത്തിലെ ചുരുക്കം ചില താരങ്ങള്‍ മാത്രം സമയം കിട്ടുമ്പോഴെല്ലാം അടുക്കളയില്‍ കയറുകയും വളരെ നന്നായി പാചകം ചെയ്യുകയും ചെയ്യും. അക്കൂട്ടത്തിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അഭിനയത്തിലും നൃത്തത്തിലും ആയോധന കലകളിലും പാട്ടിലും മാത്രമല്ല പാചകത്തിലും കഴിവ് തെളിയിച്ചയാളാണ്. ലാലേട്ടന്റെ കൈപുണ്യത്തെ കുറിച്ച് അദ്ദേഹത്തോട് അടുപ്പമുള്ളവർ തന്നെ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ ഉണ്ടാക്കിയ ഭക്ഷണം രുചിക്കാൻ സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയ്ക്കും അവസരം കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ കൈപുണ്യത്തെ കുറിച്ചും അദ്ദേഹത്തിന്റെ ഫ്ലാറ്റ് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും പങ്കുവെയ്ക്കുകയാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അനീഷ്.

ലാലേട്ടൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എല്ലാ നല്ല രുചിയാണെന്നും പലതും എങ്ങനെയാണ് കഴിക്കേണ്ടതെന്ന് പോലും തനിക്ക് അറിയില്ലെന്നും അനീഷ് ഉപാസന പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ സാർ ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് മുരളിയേട്ടൻ എനിക്ക് ഒരു ഡിഷ് ടേസ്റ്റ് ചെയ്യാൻ തന്നിരുന്നു. അത് എന്തായിരുന്നു ഡിഷ് എന്ന് എനിക്ക് ഓർമയില്ല. നല്ല ടേസ്റ്റായിരുന്നു. സാറിന് നല്ല കൈപുണ്യമാണ്. ഫുഡിന്റെ കാര്യത്തിൽ കൈപുണ്യമല്ലേ പ്രധാനം.
അതുകൊണ്ട് തന്നെ സാർ എന്തെങ്കിലുമൊക്കെ ഇട്ട് ഉണ്ടാക്കിയാലും ഭയങ്കര ടേസ്റ്റാണ്. മറ്റ് രാജ്യങ്ങളിലെ ഭക്ഷണമാണ് സാർ കൂടുതലായും ഉണ്ടാക്കുക. നമുക്ക് അത് എങ്ങനെ കഴിക്കണമെന്ന് പോലും അറിയില്ല. ഉണ്ടാക്കിയശേഷം സാറിന് വേണ്ടപ്പെട്ട ആളുകൾക്ക് അദ്ദേഹം അത് കൊടുക്കാറുമുണ്ട്. അവർ അത് എഞ്ചോയ് ചെയ്ത് കഴിക്കുന്നത് കാണുന്നത് സാറിനും വലിയ ഇഷ്ടമാണ്.
കൊച്ചിയിലെ സാറിന്റെ ഫ്ലാറ്റിൽ അതിനായി ഒരു കിച്ചണൊക്കെ സാർ സെറ്റ് ചെയ്തിട്ടുണ്ട്. കുണ്ടന്നൂരിൽ സാറിന് ഒരു ഫ്ലാറ്റുണ്ട്. ആ ഫ്ലാറ്റിന്റെ ഹൗസ് വാമിങ്ങിന് സാർ എന്നെ ക്ഷണിച്ചിരുന്നു. ഞാൻ അതിരാവിലെ തന്നെ ചടങ്ങിനായി എത്തി. വളരെ രസമായിട്ട് ഫ്ലാറ്റ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. സാർ പക്ഷെ എത്തിയിട്ടില്ലായിരുന്നു. ചടങ്ങിനുള്ള കാര്യങ്ങൾ ശരിയാക്കാൻ ഞാനാണ് സുചി മാമിനെ സഹായിച്ചത്.
അതിനിടയിൽ അവിടെ നിന്ന ആരോ ഏത് ഭാഗത്താണ് കിഴക്ക് എന്ന് ചോദിച്ചു. വലിയ പിടിയൊന്നും ഇല്ലാതിരുന്നിട്ടും ഞാൻ ചൂണ്ടി കാണിച്ചു. ഭാഗ്യത്തിന് ഞാൻ ചൂണ്ടി കാണിച്ച ദിശ തന്നെയായിരുന്നു കിഴക്ക്. ആ ചടങ്ങിന് പൂജാരിയില്ലായിരുന്നു. ചടങ്ങിനായി എല്ലാ കാര്യങ്ങളും ഞാൻ സെറ്റ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഇതിനെ കുറിച്ച് നല്ല ധാരണയുണ്ടെന്നാണ് അവിടെ ഉള്ളവർ കരുതിയത്.

പക്ഷെ എനിക്ക് ഇതേ കുറിച്ച് ഒരു അറിവുമില്ലായിരുന്നു. പൂജയ്ക്കുശേഷം സാറും ഞങ്ങളും എല്ലാവരും കൂടി പാല് കാച്ചൽ ചടങ്ങിനായി അടുക്കളയിലേക്ക് പോയി. പാല് തിളച്ച് മറിയണം എന്നതാണല്ലോ ചടങ്ങ്. സാറിന്റെ കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും പിന്നെ ഞങ്ങളുമാണ് ചടങ്ങിനുള്ളത്. വലിയൊരു ചെമ്പിൽ ഒരു പാക്കറ്റ് പാല് ഒഴിച്ചാണ് തിളപ്പിക്കാൻ വെച്ചിരിക്കുന്നത്.
ഞാൻ ലാൽ സാറിനോട് പറഞ്ഞു സാർ പാല് തിളച്ച് കിഴക്ക് ഭാഗത്തേക്ക് മറിയണമെന്ന്. അത് എന്നോടല്ല പാലിനോട് പറയൂ... എന്നോട് പറഞ്ഞിട്ട് എന്താ കാര്യം എന്നാണ് ഉടൻ ലാൽ സാർ പറഞ്ഞ മറുപടി. ഞാൻ ചമ്മി ചള കുളമായി. പക്ഷെ സാർ പറഞ്ഞത് കറക്ടാണ്. സാറിനോട് പറഞ്ഞിട്ട് എന്താണ് കാര്യം. ഏത് ഭാഗത്തേക്ക് തിളച്ച് മറിയണമെന്നത് പാൽ അല്ലേ തീരുമാനിക്കുന്നത്.
പിന്നെ ഞങ്ങൾ പാത്രത്തിന്റെ ഒരു ഭാഗം ഉയർത്തിപിടിച്ച് കിഴക്ക് ഭാഗത്തേക്ക് തന്നെ പാൽ തിളച്ച് മറിയുന്ന രീതിയിലേക്ക് മാറ്റി. ഇങ്ങനെ സൂപ്പർ കൗണ്ടറുകൾ പറയുന്ന ആളാണ് ലാൽ സാർ എന്നുമാണ് മോഹൻലാലിനെ കുറിച്ച് സംസാരിക്കവെ അനീഷ് പറഞ്ഞത്. നടന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ട്സും നടത്താറുള്ളത് അനീഷ് ഉപാസനയാണ്.


Click it and Unblock the Notifications