പൃഥ്വിരാജിന്റെ കാരവാന് പുറത്ത് കാത്ത് നിൽക്കണം, വാടക വീട്ടിൽ കഴിയുന്ന ഉണ്ണി മുകുന്ദനും തയ്യാറായില്ല: സംവിധായകൻ
പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങിയതിനെക്കുറിച്ച് ഓർത്ത് സിനിമോട്ടോഗ്രാഫറും സംവിധായകനുമായ അനിൽ ഗോപിനാഥ്. പല തവണ ചർച്ച നടന്നിട്ടും ഫലമുണ്ടായില്ലെന്ന് അനിൽ ഗോപിനാഥ് പറയുന്നു. ഞാൻ പൃഥ്വിരാജിനോട് ഒരു കഥ പറഞ്ഞതാണ്. അതാണ് ഞാൻ സിനിമ ചെയ്യാൻ വെെകിപ്പോയത്. തൊമ്മൻകുത്ത് എന്നൊരു സിനിമ പൃഥ്വിരാജിനെ വെച്ച് ചെയ്യാൻ ഞാൻ കഥ പറഞ്ഞു. ആദ്യം പൃഥ്വിരാജ് 25 ശതമാനം ഓക്കെയായിരുന്നു. ഒന്ന് രണ്ട് സ്ഥലത്ത് പൃഥ്വിരാജ് വിളിച്ചിട്ട് പോയി ഈ കഥ ഞാൻ ചർച്ച ചെയ്തു. അപ്പോൾ എനിക്ക് നല്ല പ്രതീക്ഷയായിരുന്നു. കഥയൊക്കെ റെഡിയാക്കി. എന്നാൽ ഇതിനിടെ ബ്ലെസി ചേട്ടന്റെ ആടുജീവിതം എന്ന പടത്തിന് വേണ്ടി രണ്ട് വർഷം ബോഡി സെറ്റപ്പ് ചെയ്യണം.
അങ്ങനെ ഈ രാജു ചെറുതായി ഇഴഞ്ഞു. രണ്ട് മൂന്ന് പ്രാവശ്യമാെക്കെ കാണാൻ പോയി. കാരവാന്റെ അടുത്ത് പോയി നിൽക്കണം. യൂണിറ്റ്കാർ എന്താ ഏട്ടാ കണ്ടില്ലേ എന്ന് ചോദിക്കും. നമുക്കൊരു നാണക്കേട്. സാറെന്തോ തിരക്കിലാണെന്ന് രാജുവിന്റെ അസിസ്റ്റന്റ് പറയും. അവർ അകത്ത് കയറി മൊബെെൽ നോക്കുകയായിരിക്കും. രണ്ട് മിനുട്ട് കഴിയട്ടെ എന്ന് പറയും. അത് ഇരുപത് മിനുട്ടാകും. എന്നെ വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒരു ദിവസം എന്നെ വിളിച്ചു. ഞാൻ പോയി സംസാരിച്ചു. രണ്ട് വർഷം ഈ പടത്തിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞു. പക്ഷെ ആ പടവും പുള്ളി ചവിട്ടി. അപ്പോഴാണ് ലാലേട്ടന്റെ ലൂസിഫർ എന്ന പടം ചെയ്യാൻ പോയത്.

ഉണ്ണി മുകുന്ദനോട് കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടു. പക്ഷെ വെള്ളത്തിൽ ഇറങ്ങാൻ ബുദ്ധിമുട്ടാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വെള്ളത്തിലാണ് ഈ സിനിമ മുഴുവൻ. പണ്ട് ഒരു പടത്തിൽ വെള്ളത്തിൽ അഭിനയിച്ച് പെട്ട് പോയതാണ് കാരണം. അഡ്വാൻസുമായി പ്രൊഡ്യൂസറെയും കൊണ്ട് പോയതാണ് ഞാൻ. അന്ന് ഉണ്ണി മുകുന്ദൻ വാടക വീട്ടിൽ കഴിയുന്ന അവസ്ഥയാണ്. എന്നിട്ടും അഡ്വാൻസ് വാങ്ങിച്ചില്ല. അന്ന് 25000 അഡ്വാൻസ് വാങ്ങിയിരുന്നെങ്കിൽ ആ പ്രൊജക്ട് നടന്നേനെയെന്നും ഇദ്ദേഹം പറയുന്നു. ആ സ്ക്രിപ്റ്റ് ഇപ്പോഴും ഇരിപ്പുണ്ടെന്നും അനിൽ ഗോപിനാഥ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് പരാമർശം.


Click it and Unblock the Notifications
