അമലയെക്കുറിച്ച് പലരും എന്നോട് പറഞ്ഞത്; പക്ഷെ സെറ്റിലെ അവരുടെ പെരുമാറ്റം; അരി വാങ്ങിക്കണ്ടേയെന്ന് അമലയും
ഒരിടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയായാണ് നടി അമല പോൾ. ഇതിനിടെ നടി വിവാഹ ജീവിതത്തിലേക്ക് കടക്കുകയും അമ്മയാവുകയും ചെയ്തു. അടുത്തിടെയാണ് താരത്തിന് ആൺകുഞ്ഞ് പിറന്നത്. ലെവൽ ക്രോസ് ആണ് നടിയുടെ പുതിയ ചിത്രം. ആസിഫ് അലി, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ അമലയ്ക്കൊപ്പം അഭിനയിച്ചത്. നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അമലയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ അർഫാസിപ്പോൾ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
അമലയ്ക്ക് വേണ്ടിയുള്ള യാത്ര തുടങ്ങിയിട്ട് കുറേ മാസങ്ങളായി. എനിക്ക് ആക്സസ് ഇല്ലായിരുന്നു. അമലയെ കിട്ടില്ലെന്ന് ഏകദേശം ഉറപ്പായ സ്ഥിതിക്ക് എന്നോട് പലരും പറഞ്ഞത് അമലയെ കിട്ടിയില്ലെങ്കിൽ കുഴപ്പമില്ല, കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്, ആറ്റിറ്റ്യൂഡ് ഉണ്ടെന്നൊക്കെയാണ്. ഇങ്ങനെയുള്ള സംസാരം സംവിധായകരിൽ നിന്നും വരാൻ കാരണം അവർക്ക് വേണ്ട സൗകര്യങ്ങൾ കിട്ടാത്തതാണ്. അവർ പെർഫോം ചെയ്യാൻ വരുന്ന കലാകാരൻമാരല്ലേ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റണം.

നല്ല ആക്‌ടേർസ് ഒരുപാട് ചോദ്യം ചോദിക്കും. കാരണം അവർക്ക് ഇംപ്രൂവ് ചെയ്യണം. അതിനാൽ ഞാൻ കോൺഫിഡന്റായിരുന്നു. പക്ഷെ പ്രശ്നം വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. പക്ഷെ അമല സെറ്റിൽ വന്നപ്പോഴാണ് കേട്ടതെല്ലാം നുണയായിരുന്നു എന്ന് മനസിലായത്. എനിക്ക് ഈ ക്യാരക്ടർ എത്ര നന്നായി വരണമെന്ന് ആഗ്രഹമുണ്ടോ അത്രയും തന്നെയോ അതിൽ കൂടുതലോ അമലയ്ക്കുണ്ട്. തന്റെ ചോയ്സ് നന്നായതിൽ വളരെ സന്തോഷം തോന്നിയെന്നും സംവിധായകൻ വ്യക്തമാക്കി.
ഇതേക്കുറിച്ച് അമല പോളും സംസാരിച്ചു. തെലുങ്ക് സീരീസിന്റെ സംവിധായകൻ പവൻ കുമാറും ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കേട്ടു. പക്ഷെ കേട്ടത് പോലെയല്ല താങ്കളുടെ പെരുമാറ്റമെന്ന് ആ സംവിധായകൻ പറഞ്ഞു. ഒരാളെ നമുക്ക് എങ്ങനെയും ജഡ്ജ് ചെയ്യാം. അത് കാര്യമാക്കുന്നില്ലെന്നും അമല പോൾ വ്യക്തമാക്കി.

സിനിമാ പ്രൊമോഷനുകൾക്ക് മുടങ്ങാതെ എത്താൻ അമല പോൾ ശ്രമിക്കാറുണ്ട്. ആടുജീവിതത്തിന്റെ പ്രൊമോഷന് ഗർഭിണിയായിരിക്കയൊണ് അമല എത്തുന്നത്. പുതിയ ചിത്രം ലെവൽ ക്രോസിന്റെ പ്രൊമോഷനിലും താരം സജീവമാണ്. കുഞ്ഞ് പിറന്നിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. പ്രൊഫഷനോട് കാണിക്കുന്ന ഈ ആത്മാർത്ഥതയെക്കുറിച്ചും അമല പോൾ സംസാരിച്ചു.
അരി വാങ്ങിക്കണ്ടേയെന്നാണ് ഇതേക്കുറിച്ച് താനെപ്പോഴും പറയാറെന്ന് അമല ചിരിച്ച് കൊണ്ട് വ്യക്തമാക്കി. അത്രയും സ്നേഹത്തോടെയാണ് ഓരോ കഥാപാത്രവും ചെയ്യുന്നത്. അത്രയും അധ്വാനമുണ്ട്. അർഫാസിന്റെ ആദ്യ പ്രൊജക്ടാണ്. പതിനാല് വർഷത്തെ അധ്വാനമാണ്. എനിക്ക് ഇന്ന് വേണമെങ്കിൽ പ്രൊമോഷനിൽ നിന്ന് മാറി നിൽക്കാം.
പക്ഷെ രാത്രി ഉറങ്ങാൻ പറ്റില്ല. കുറ്റബോധം തോന്നുമെന്നും അമല പോൾ പറഞ്ഞു. മലയാളത്തിൽ നിന്ന് വന്ന ഇടവേളയെക്കുറിച്ചും അമല സംസാരിച്ചു. സ്വാഭാവികമായി വന്ന ഇടവേളയാണ്. കഡാവർ എന്ന സിനിമ നിർമ്മിച്ചു. പിന്നീട് ലോക്ഡൗൺ വന്നു. അതോടെ വന്ന ഇടവേളയായിരുന്നെന്നും അമല പോൾ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications