'അരുൺ ഗോപിക്ക് ഇരട്ട കുട്ടികൾ പിറന്നു'; സന്തോഷം പങ്കിട്ട് സംവിധായകൻ!
ഇരുപത്തൊന്നാം നൂറ്റാണ്ട്, രാമലീല തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് അരുൺ ഗോപി. ഇപ്പോൾ ഇരട്ട കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കിട്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അരുൺ ഗോപി. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണ് അരുൺഗോപിക്കും ഭാര്യ സൗമ്യയ്ക്കും ജനിച്ചത്. ഇന്ന് രാവിലെയാണ് ഇവർക്ക് കുഞ്ഞുങ്ങൾ ജനിച്ചത്. 'ഞാനും സൗമ്യയും ഇന്ന് ഒരു ആൺ കുഞ്ഞിനാലും ഒരു പെൺ കുഞ്ഞിനാലും അനുഗ്രഹിക്കപ്പെട്ടു. ഈ അത്ഭുതകരമായ ദിവസത്തിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുകയും അവന്റെ മഹത്വത്തെ സ്തുതിക്കുകയും ചെയ്യുന്നു' അരുൺ സോഷ്യൽമീഡിയയിൽ കുറിച്ചു.
2019ൽ ആണ് അരുൺ ഗോപി വിവാഹിതനായത്. സെൻറ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണിനെ ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അരുൺ ഗോപി ജീവിത സഖിയാക്കിയത്. നടൻ ദിലീപ്, കലാഭവൻ ഷാജോൺ, ടോമിച്ചൻ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങി നിരവധി സെലിബ്രിറ്റികൾ പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു. വിവാഹത്തിന് മുമ്പ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി അരുൺ ഗോപി പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

'ഈ ഫോട്ടോയിൽ കാണുന്ന ആളാണ് സൗമ്യ... എന്റെ വഴിയാത്രയിൽ വഴിയിൽ വെച്ച് കണ്ടുമുട്ടി ഇപ്പോൾ എന്റെ ജീവിതം വഴി മുട്ടിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്ന പങ്കാളി... ഇയാളെ കുറിച്ച് എഴുതാൻ കാരണം മറ്റൊന്നുമല്ല. ഗുരുനാഥ ആണ് മറ്റാരുടെയും അല്ല എന്റെ. ജീവിതം ഇങ്ങനെയൊക്കെ കൂടി ആണെന്ന് ചിലപ്പോഴൊക്കെ ഇയാൾ വഴിയാണ് ഞാൻ അറിയുന്നത്! പലതിനും ഇങ്ങനെ ഒരു മുഖംകൂടി ഉണ്ടെന്നു എന്നെ പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്. പുള്ളിക്കാരിയുടെ മാസ്റ്റർ പീസ് ഡയലോഗ് ഉണ്ട് ഞാൻ അരുണിനെ ശിക്ഷിച്ചേ വളർത്തൂ... എന്ന്... പക്ഷെ പറച്ചിലിൽ അല്ലാതെ ജീവിത്തിൽ ചേർത്ത് നിർത്തുന്ന പ്രിയപെട്ടവൾക്ക്. സെന്റ് തെരേസാസിലെ അദ്ധ്യാപന ജോലി ജീവശ്വാസമായി കൊണ്ട് നടക്കുന്ന ടീച്ചർക്ക് ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ എന്നായിരുന്നു' അരുൺ ഗോപി അന്ന് കുറിച്ചത്.

ഏറെ വിവാദങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അരുൺ ഗോപിയുടെ രാമലീല. ദിലീപ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപുമായി ബന്ധപ്പെട്ട കേസുകളും മറ്റുമാണ് രാമലീലയുടെ റിലീസിന് തടസമായത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരുന്നത്. പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും ഒടുവിൽ രാമലീല റിലീസ് ചെയ്തപ്പോൾ വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ദിലീപിന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായും രാമലീല മാറിയിരുന്നു. രാമലീലയുെട വിജയത്തിന് ശേഷമാണ് അരുൺ ഗോപി പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ഒരുക്കിയത്. പ്രണയവും ആക്ഷനും എല്ലാം കലർന്ന സിനിമ പക്ഷെ തിയേറ്ററിൽ പരാജയപ്പെട്ടു. പ്രണവിന് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ച സിനിമ കൂടിയായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട്.
Recommended Video

പിന്നീട് തന്നിലെ എഴുത്തുകാരന്റെ കുഴപ്പമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തിന് കാരണമായതെന്ന് തുറന്ന് പറഞ്ഞ് അരുൺ ഗോപി തന്നെ രംഗത്തെത്തിയിരുന്നു. 'ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഒത്തിരി കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. അതിൽ വേണ്ടത്ര ശ്രദ്ധയോടെ എനിക്ക് വർക്ക് ചെയ്യാൻ പറ്റിയിട്ടുണ്ടാവില്ല. പിന്നെ കൃത്യമായ ഒരു സമയം എനിക്ക് കിട്ടാതെ പോയി. റിലീസിനോട് അടുത്ത ദിവസങ്ങളിൽ സംവിധായകൻ എന്ന നിലയിൽ എടുക്കേണ്ട ചില തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിയാതെ പോയി' എന്നാണ് അരുൺ ഗോപി പറഞ്ഞത്. കുഞ്ഞുങ്ങൾ പിറന്ന സന്തോഷം പങ്കുവെച്ചതോടെ നവ്യാ നായർ, സാനിയ ഇയ്യപ്പൻ, ശ്വേതാ മേനോൻ തുടങ്ങി സിനിമാ രംഗത്തെ നിരവധി താരങ്ങൾ അരുൺ ഗോപിക്കും കുടുംബത്തിനും ആശംസകൾ നേർന്നു.


Click it and Unblock the Notifications











