'മീരയാണ് ദിലീപേട്ടനോട് പറയാൻ പറഞ്ഞത്, നിങ്ങൾ എന്തിന് തമന്നയെ കൊണ്ടുവന്നുവെന്ന് ആരും ചോദിക്കില്ല'; അരുൺ ഗോപി
രാമലീലയുടെ വിജയത്തിന് ശേഷം അരുൺ ഗോപിയും ദിലീപും ഒരുമിക്കുന്ന ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ ദിലീപ് ചെയ്തിട്ടുള്ള സിനിമകളിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ് ബാന്ദ്ര.
അതിന്റേതായ ടെൻഷനിലാണ് ദിലീപും അരുൺ ഗോപിയും നവംബർ പത്തിന് ബാന്ദ്ര റിലീസ് ചെയ്യാൻ പോകുന്നത്. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. തമന്ന തയ്യാറായിരുന്നില്ലെങ്കിൽ ബാന്ദ്ര സംഭവിക്കില്ലായിരുന്നുവെന്നാണ് ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ദിലീപും അരുൺ ഗോപിയും പറഞ്ഞത്.
നോർത്ത് ഇന്ത്യയിലാണ് ബാന്ദ്രയുടെ ഏറെയും ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. അരുൺ ഗോപിയുടെ ആദ്യ സിനിമയും ദിലീപിനൊപ്പമായിരുന്നു.

രാമലീല ദിലീപിന് മാത്രമല്ല അരുൺ ഗോപിയുടെ കരിയറിലും വലിയ മാറ്റം സൃഷ്ടിച്ചിരുന്നു. സ്വതന്ത്ര സംവിധായകനാകും മുമ്പ് ദിലീപിനൊപ്പം പ്രവർത്തിക്കാൻ അരുൺ ഗോപിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരു കഥപോയി പറഞ്ഞ് ഡേറ്റ് ചോദിക്കാനുള്ള ധൈര്യം അന്ന് അരുൺ ഗോപിക്കുണ്ടായിരുന്നില്ല. നടി മീര ജാസ്മിനാണ് ദിലീപിനോട് കഥ പറയാൻ തന്നോട് പറഞ്ഞതെന്ന് പറയുകയാണ് ഇപ്പോൾ അരുൺ ഗോപി.
കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതുവരെയുള്ള സിനിമാ ജീവിതക്കെ കുറിച്ച് അരുൺ ഗോപി സംസാരിച്ചത്. 'തൊണ്ണൂറുകളിലെ കഥ പറയുന്ന സിനിമയാണ് ബാന്ദ്ര. അതുകൊണ്ട് തന്നെ ലൊക്കേഷൻ സെലക്ട് ചെയ്ത് ഷൂട്ട് ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടു.'
'രാജസ്ഥാനിലെ പാലസിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ദിവസം ആറ്, ഏഴ് ലക്ഷം രൂപയാണ് വാടകയായി നൽകിയിരുന്നത്. ദിലീപ് എന്ന നടനെ മുന്നിൽ കണ്ട് അല്ല ബാന്ദ്രയുടെ കഥ എഴുതിയത്. പക്ഷെ സിനിമയുടെ ഉത്ഭവം മുതൽ ദിലീപേട്ടനുണ്ടായിരുന്നു. മാത്രമല്ല അലക്സാണ്ടർ എന്ന കഥാപാത്രത്തിലേക്ക് ദിലീപേട്ടനെ കൊണ്ടുവരികയാണ് ചെയതത്.'
'അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പതിവ് മാനറിസങ്ങളൊന്നും ബാന്ദ്രയിൽ കാണാൻ സാധിക്കില്ല. ദിലീപ് സിനിമയുടെ ചേരുവകൾ ബാന്ദ്രയിൽ ഉണ്ടായിരിക്കില്ല. പക്ഷെ സിനിമ ഒരു എന്റർടെയ്നറാണ്. ബാന്ദ്ര ഒരു ഡോൺ കഥയല്ല. ഗ്യാങ്സ്റ്റർ മൂവിയുമല്ല. ഫാമിലി ആക്ഷൻ ഡ്രാമയാണെന്നും', അരുൺ ഗോപി പറയുന്നു.

ദിലീപ് എന്ന നടൻ തന്റെ കരിയറിന് വേണ്ടി ചെയ്തിട്ടുള്ള സഹായങ്ങളെ കുറിച്ചും അരുൺ ഗോപി അഭിമുഖത്തിൽ വെളിപ്പെടുത്തി. 'എനിക്ക് ഒരു കരിയർ ഉണ്ടാക്കി തന്ന നടനാണ് ദിലീപേട്ടൻ. ഒരു നായകൻ നമുക്ക് ഡേറ്റ് തന്നാലെ ആ സിനിമ സംഭവിക്കു. നമ്മളെ ഒരു നായകൻ വിശ്വസിക്കുന്നിടത്തെ ഒരു സിനിമ സംഭവിക്കൂ. ആളുകൾക്ക് താൽപര്യമുള്ള നായകൻ ഡേറ്റ് തരണം. എന്റെ സുഹൃത്ത് മീര ജാസ്മിനാണ് ദിലീപേട്ടനോട് കഥ പറയാൻ പറഞ്ഞത്.'
'സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് മീരയോട് പറയാറുണ്ടായിരുന്നു. മീരയാണ് ദിലീപേട്ടനെ പരിചയപ്പെടുത്തി തന്നത്. അങ്ങനെ കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പുതുമുഖത്തെ വിശ്വസിക്കാൻ മനസ് അദ്ദേഹം കാണിച്ചുവെന്നും', രാമലീല സംഭവിച്ചതിനെ കുറിച്ച് സംസാരിച്ച് അരുൺ ഗോപി പറഞ്ഞു.
ബാന്ദ്ര സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകരുടെ സംശയമാണ് തമന്നയെ നായികയായി കാസ്റ്റ് ചെയ്യാൻ മാത്രം എന്താണ് ബാന്ദ്ര സിനിമ എന്നതെന്ന്. സിനിമ കണ്ട് കഴിഞ്ഞാൽ എന്തിന് തമന്നയെ കൊണ്ടുവന്നുവെന്ന് ആരും ചോദിക്കില്ലെന്നാണ് അരുൺ ഗോപി പറയുന്നത്. 'വളരെ എക്സ്പെൻസീവായിട്ടുള്ള നടിയാണ് തമന്ന.'
'പക്ഷെ വളരെ സഹകരണ മനോഭാവുള്ള നടിയാണ്. നമ്മുടെ സെറ്റിൽ വളരെ കംഫർട്ടബിളായിരുന്നു. തമന്ന കാരണം ബുദ്ധിമുട്ടുണ്ടായിട്ടില്ല. ബോംബെയിൽ പോയാണ് കഥ പറഞ്ഞത്. കഥ കേട്ടപ്പോൾ അവർ ഉടൻ ഓക്കെ പറഞ്ഞു. നിങ്ങൾ എന്തിന് തമന്നയെ കൊണ്ടുവന്നുവെന്ന് സിനിമ കണ്ട് കഴിയുമ്പോൾ ആരും ചോദിക്കില്ലെന്നും', അരുൺ ഗോപി പറയുന്നു.


Click it and Unblock the Notifications











