വിവാഹബന്ധം പുതുമ നശിക്കാതെ സൂക്ഷിക്കുക എന്നാല്‍ 'കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരമാണ്; ബാലചന്ദ്ര മേനോന്‍
എല്ലാ കാര്യങ്ങളും വളരെ രസകമായ രീതിയില്‍ അവതരിപ്പിക്കാറുള്ള നടനാണ് ബാലചന്ദ്ര മേനോന്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ള താരം കുടുംബജീവിതവും ഒന്നിച്ച് കൊണ്ട് പോകുന്നു. ഇപ്പോള്‍ ഭാര്യ വരദയുടെ കൂടെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനെ പറ്റിയാണ് സംവിധായകന്‍ പറയുന്നത്. വര്‍ഷമെത്രയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും രസികന്‍ കുറിപ്പുമായിട്ടാണ് ബാലചന്ദ്ര മേനോന്‍ എത്തിയിരിക്കുന്നത്.

'ഇന്ന് മെയ് 12.. വേള്‍ഡ് ഹൈപ്പര്‍ ടെന്‍ഷന്‍ ഡേ ആണത്രേ! കോളേജ് ഫലിതങ്ങളില്‍ ഒന്ന്, ബിപി ഉണ്ടോന്ന് ചോദിച്ചാല്‍ അതിന്റെ അര്‍ത്ഥം 'ഭാര്യയെ പേടി' എന്നാണ്. പിന്നെ, ഇന്ന് മെയ് 12. ഇന്റര്‍നാഷണല്‍ നേഴ്‌സസ് ഡേ ആണത്രേ! ഒരു നല്ല ഭാര്യ ഒരു നല്ല നേഴ്‌സ് ആയിരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റുന്നു പറയാനാവില്ല'.
തീര്‍ന്നില്ല, ഇന്ന് മെയ് 12, എന്റെ, സോറി ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണത്രേ! എത്രാമത്തെയാണെന്നോ, അതറിഞ്ഞു സുഖിക്കണ്ട. പതിറ്റാണ്ടുകള്‍ താണ്ടിയിരിക്കുന്നു എന്ന് മാത്രം അറിഞ്ഞാല്‍ മതി. ഞാന്‍ ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍; ഉണ്ടെങ്കിലും ഞാന്‍ സമ്മതിച്ചു തരില്ല. കാരണം ഞാന്‍ പുരുഷനാണ്.

വരദ നഴ്സിനെ പോലെയാണോന്ന് ചോദിച്ചാല്‍, ആവശ്യം വന്നാല്‍ നേഴ്‌സ് തോറ്റു പോകുമെന്ന് കെട്ടിയോനായ ഞാന്‍ പറയുന്നത് ഭാര്യയെ പേടിച്ചിട്ടാണ് എന്ന് കരുത്താതിരിക്കുക. ഇതുവരെയുള്ള ദാമ്പത്യ ബന്ധം ഒന്ന് വിലയിരുത്തിയാല്‍ പണ്ട് കാരണവന്മാര്‍ പറഞ്ഞിട്ടുള്ളത് പോലെ 'ചട്ടീം കലവുമൊക്കെ പോലെ തട്ടീം മുട്ടീം' അങ്ങ് പോകുന്നു എന്ന് പറയാം.
ഒന്ന് പറഞ്ഞെ പറ്റൂ. പുതു വസ്ത്രങ്ങള്‍ അണിയാനും സെല്‍ഫി എടുക്കാനുമൊക്കെ എളുപ്പമാണ്. പക്ഷെ ഒരു വിവാഹബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ 'കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണ്'(ഈ പ്രയോഗങ്ങള്‍ എങ്ങോ കേട്ടതുപോലെ , അല്ലെ?)

ഞാനും ഭാര്യയും പുതു വസ്ത്രങ്ങള്‍ അണിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ട ഒരു പത്ര പ്രവര്‍ത്തകന്‍ പണ്ടെങ്ങോ വരദയോട് ഒരു ചോദ്യം ചോദിച്ചു: 'മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ്?' വരദ രൂക്ഷമായി എന്നെ നോക്കി. ഞാന്‍ വിഷമിച്ചു.
എന്തെന്നാല്‍ കഴിഞ്ഞു പോയ രാത്രിയില്‍ ഏതോ 'കച്ചട' കാര്യത്തിന്റെ പേരില്‍ കുടുംബ കോടതിയില്‍ വെച്ചു കാണാം എന്ന് ഞാന്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു. എന്നാല്‍ വരദയുടെ മറുപടി കലക്കി. എന്നെ ഒന്നു കൂടി പരുഷമായി നോക്കി അവള്‍ പറഞ്ഞു.
'അത് ചന്ദ്രേട്ടന്‍ ഓന്താണ്' ഇപ്പോള്‍ ഞാന്‍ അവളെ പരുഷമായി നോക്കി. അപ്രിയ സത്യങ്ങള്‍ പറയരുതെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞത് ഇവള്‍ മറന്നു പോയോ? 'ഓന്തായ ചന്ദ്രേട്ടന്‍ മിനിട്ടിനു മിനിട്ടിനു നിറം മാറിക്കൊണ്ടിരിക്കും.'

'അയ്യോ എന്തു കഷ്ടമാണ്' പത്രക്കാരന്‍ എരിതീയില്‍ എണ്ണ ഒഴിച്ചു കൊടുത്തു. പത്രക്കാരന്റെ തനി ഗുണം. 'അതു കൊണ്ടു എനിക്കു കുഴപ്പമില്ല. 'ചിരിച്ചു കൊണ്ട് വരദ തുടര്‍ന്നു. 'കാരണം, ഞാന്‍ അരണയാണ്. എല്ലാം അപ്പപ്പം മറക്കും. എന്നിട്ട് സെല്‍ഫി എടുക്കും'. വിവാഹം കഴിച്ചു അനുഭവിക്കുന്നവര്‍ക്കും, കഴിച്ച് അനുഭവിക്കാന്‍ പോകുന്നവര്‍ക്കും എന്നും ഈ 'ഓറ്റമൂലി' ഞങ്ങള്‍ സധൈര്യം ശുപാര്‍ശ ചെയ്യുന്നു.
Recommended Video

വിവാഹിതരെ ഇതിലെ. (പണ്ടാരം ഇതും എവിടെയോ കേട്ടിട്ടുണ്ടല്ലോ, ആ പാട്ട്)
എന്താ ചേട്ടന്‍ ചോദിച്ചത്? എത്രാമത്തെ വാര്‍ഷികമാണെന്നോ?
കൊച്ചു കള്ളാ.. അവിടെ തന്നെ നില്‍ക്കുകയാണ് അല്ലേ?
അതിനുത്തരം അടുത്ത വിവാഹ വാര്‍ഷികത്തില്‍ വെളിപ്പെടുത്താം.
'ഇത് കുറുപ്പിന്റെ ഉറപ്പായി പോകുമോ?' എന്നാണ് ചോദ്യം (ശ്ശെടാ കുറുപ്പെന്നും എവിടെയോ കേട്ടിട്ടുണ്ടല്ലോ ആ പാട്ട്)
ഒരു കാര്യം കൂടി പറഞ്ഞോട്ടെ, വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നതാണ്.
അത് കൊണ്ട് തന്നെ അതിനെ സ്വര്‍ഗ്ഗീയമായി സൂക്ഷിക്കുക മാലോകരെ..
that's ALL your honour !
ബാലചന്ദ്ര മേനോന്‍ പറഞ്ഞ് നിര്‍ത്തുന്നു..


Click it and Unblock the Notifications











