'മൂക്കിൽ പഞ്ഞിവെക്കുന്നത് വരെ കാത്തുനിൽക്കണ്ട, ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഭൂമിയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം'
കേരളീയം ആഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയുടെ പരിച്ഛേദമായി തിരഞ്ഞെടുത്ത നൂറ് സിനിമകളിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താത്തതിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. നല്ലൊരു ദിവസമായ കേരളപ്പിറവിദിനത്തിൽ വളരെ വിഷമത്തോടെയാണിത് ഇക്കാര്യം പങ്കുവെക്കുന്നതെന്നും ഇങ്ങനെ പറയേണ്ടി വന്നതിൽ ലജ്ജയുണ്ടെന്നും അദ്ദേഹം ന്യൂ ജെഴ്സിയിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് ബാലചന്ദ്രമേനോൻ ആ വീഡിയോ ഒരു മാസം മുമ്പ് പങ്കിട്ടത്.
'തിയേറ്ററിൽ ഒരു ഷോ പോലും ഓടാത്ത ചിത്രങ്ങളുണ്ട്. ചില സംവിധായകരുടെ രണ്ട് ചിത്രങ്ങളുണ്ട്. നാലരപ്പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നൊരാളാണ് ഞാൻ. കൂട്ടത്തിൽ ഞങ്ങളെയും കൂട്ടാമായിരുന്നു. ഇപ്പോഴും ആ ചിത്രങ്ങളും അതിലെ കഥാസന്ദർഭങ്ങളുമെല്ലാം ഓർത്തിരിക്കുന്ന ഒരു പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. അവരെയാണ് അവഹേളിക്കുന്നത്.'

'സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും അംഗീകാരം നൽകിയ സമാന്തരങ്ങൾ പോലുള്ള ചിത്രങ്ങളുണ്ട്. സ്ത്രീപക്ഷ സിനിമ എന്നുപറയാവുന്ന അച്ചുവേട്ടന്റെ വീടുണ്ട്. ജനപ്രീതി നേടിയ ഏപ്രിൽ പതിനെട്ടുണ്ട്. കെ.എസ്.എഫ്.ഡി.സി പോലുള്ള സർക്കാർ സംവിധാനങ്ങൾക്ക് എന്റെ ചിത്രങ്ങൾ വരുമാനം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹന്റെ ഒരു ചിത്രവും ഉൾപ്പെടുത്തിയിട്ടില്ല. ഇത് നീതിക്ക് നിരക്കാത്തതാണ്.'
'അധാർമികമാണ്. ഏമാന്മാരങ്ങ് തീരുമാനിച്ചാൽ മതിയോ. ഇതിന്റെ പിന്നിൽ ആരായിരുന്നാലും ഉത്തരം തന്നേതീരൂ', എന്നാണ് അന്ന് വീഡിയോ പങ്കുവെച്ച് ബാലചന്ദ്രമേനോൻ പറഞ്ഞത്. ഇപ്പോഴിതാ വീഡിയോ പങ്കുവെച്ചശേഷം തനിക്ക് ലഭിച്ച ജനപിന്തുണയെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോൻ.
ജനപിന്തുണ ഉണ്ടെങ്കിലെ ഒരാൾക്ക് മുഖ്യമന്ത്രിയായും സൂപ്പർസ്റ്റാറായും ഇരിക്കാൻ സാധിക്കൂവെന്നും അന്ന് തന്റെ സങ്കടം പങ്കുവെച്ചശേഷം പ്രേക്ഷകർ തന്നെ അനുകൂലിച്ച് എഴുതിയ കമന്റുകൾ മുഴുവൻ വായിച്ച് തീർക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് പുതിയ വീഡിയോയിൽ ബാലചന്ദ്രമേനോൻ പറയുന്നത്. 'എനിക്ക് ലഭിച്ചത് അവഗണനയാണ്. എന്റെ ജീവിതത്തിൽ ഒരുപാട് അവഗണനകൾ ഉണ്ടായിട്ടുണ്ട്. അതിനെ ഞാൻ കാര്യമായി എടുത്തിരുന്നില്ല.'
'അങ്ങനെ എടുത്താൽ മുന്നോട്ട് വരാൻ സാധിക്കില്ല. പലരും ദുഷ്ടലാക്കോടെ നമ്മുടെ കാര്യങ്ങളെ വിശകലനം ചെയ്യും. അങ്ങനെയൊക്കെ ഉണ്ടായതുകൊണ്ട് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട ഹതഭാഗ്യനാണ് ഞാൻ. അന്ന് എല്ലാത്തിനേയും ഒരു ചെറുചിരിയോടെയാണ് സ്വീകരിച്ചത്. കേരളീയത്തിൽ ഉണ്ടായ അവഗണനയേയും അങ്ങനെയാണ് കണ്ടത്.'

'ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നാം ഒന്നുകൂടി തിളങ്ങും. കേരളീയത്തിൽ എന്നെ നിഷ്കരുണം അനാദരിച്ചപ്പോൾ അവഗണിച്ചപ്പോൾ അതിന് എതിരെ സിനിമയുടെ എല്ലാമെല്ലാമായ പ്രേക്ഷകർ സോഷ്യൽമീഡിയയിൽ പ്രതികരിച്ചൊരു രീതി എന്റെ കണ്ണ് നനയിച്ചു. അവർ എനിക്ക് പകർന്ന തന്ന ധൈര്യത്തെയും പിന്തുണയേയും കുറിച്ച് എനിക്ക് എടുത്ത് പറയാതിരിക്കാനാവില്ല.'
'ജനപിന്തുണ ഉണ്ടെങ്കിലെ ഒരാൾക്ക് മുഖ്യമന്ത്രിയായും സൂപ്പർസ്റ്റാറായും ഇരിക്കാൻ സാധിക്കൂ. പ്രേക്ഷകർ എന്നെ അനുകൂലിച്ച് എഴുതിയ കമന്റുകൾ മുഴുവൻ വായിച്ച് തീർക്കാൻ സാധിച്ചിട്ടില്ല. ബാലചന്ദ്രമേനോനെ ഒറ്റപ്പെടുത്തരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് അവർ കമന്റുകൾ എഴുതിയത്.'
'ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കുന്ന സ്വഭാവം നമുക്കില്ലെന്ന് പണ്ട് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്താണ് ഈ വ്യക്തി ചെയ്തിട്ടുള്ളതെന്ന് മൂക്കിൽ പഞ്ഞിവെച്ച് കിടക്കുമ്പോൾ മാത്രമെ പലരും എഴുതി പിടിപ്പിക്കൂ. എനിക്ക് ജീവിച്ചിരിക്കെ തന്നെ ആളുകളുടെ പിന്തുണ മനസിലാക്കാൻ അടുത്തിടെ സാധിച്ചു. എന്റെ ഊർജം പ്രേക്ഷകരാണ്.'
'എന്നെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. കേരളീയത്തിൽ അവഗണന നേരിട്ടത് ചില കുത്സിത ബുദ്ധികളുടെ ശ്രമം കൊണ്ടാണ്. അങ്ങനെയുള്ള ശ്രമം ഒരോ ഘട്ടത്തിലായി നടത്തിയ പലരും ഇന്ന് ഭൂമിയിൽ ഇല്ലെന്നത് മറ്റൊരു യാഥാർത്ഥ്യമാണെന്നാണ്', ബാലചന്ദ്രമേനോൻ പറഞ്ഞത്. ഒപ്പം തന്നെ പിന്തുണച്ച് വന്ന കമന്റുകളുടെ സ്ക്രീൻഷോട്ടുകളും ബാലചന്ദ്രമേനോൻ പങ്കുവെച്ചു.


Click it and Unblock the Notifications











