മിന്നല്‍ അടിച്ച് ഒരു പയ്യന് ശക്തി കിട്ടുന്നതായിരുന്നു ഐഡിയ, വില്ലനെ കിട്ടിയില്ല; സെറ്റായത് ഇങ്ങനെ; ബേസില്‍
കുഞ്ഞിരാമായണത്തിനും ഗോധയ്ക്കും ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം കൊവിഡ് കാലത്ത് ഒടിടിയിലാണ് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം എന്ന രീതിയിലാണ് മിന്നല്‍ മുരളി അംഗീകരിക്കപ്പെട്ടത്.
ഒടിടിയില്‍ ആ സമയത്ത് ഏറ്റവും കൂടുതല്‍ പേര്‍ നെറ്റ്ഫ്‌ളിക്‌സില്‍ കണ്ട ചിത്രം എന്ന ഖ്യാതിയും ചിത്രത്തിന് ലഭിച്ചിരുന്നു. കുറുക്കന്‍ മൂല എന്ന ഗ്രാമത്തില്‍ മിന്നലടിച്ച് രണ്ട് പേര്‍ക്ക് ഒരേ ശക്തി ലഭിക്കുന്നതാണ് ചിത്രം. എന്നാല്‍ ആദ്യം നായകനെ മാത്രമേ മിന്നല്‍ അടിച്ച് ശക്തി കിട്ടുന്നതായി ചിന്തിച്ചിരുന്നുള്ളു എന്ന് പറയുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്.

ക്ലബ് എഫിലെ ഒരു പരിപാടിയില്‍ ഓഡിയന്‍സില്‍ നിന്ന് വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. നായകന് ഇടക്ക് വെച്ച് പവര്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ വന്നാല്‍ നായകനെ സഹായിക്കാന്‍ വരുന്ന സൂപ്പര്‍ ഹീറോയ്ക്ക് ഏത് നടനെ കാസ്റ്റ് ചെയ്യും എന്നായിരുന്നു ബേസിലിനോടുള്ള ചോദ്യം. ഇതിന് മറുപടി നല്‍കുകയായിരുന്നു ബേസില്‍.
'മിന്നല്‍ മുരളിയില്‍ ജെയ്‌സണ്‍ എന്ന കഥാപാത്രത്തിന് പവര്‍ പോകുന്ന പോലെ ഒരു ഫാന്റസി നമ്മള്‍ ആലോചിച്ചിരുന്നതാണ്. പക്ഷെ പിന്നെ ആലോചിച്ചപ്പോള്‍, ഒരു ഗ്രാമത്തില്‍ ഒരു കള്ളക്കഥ നമുക്ക് പറയാം. പക്ഷെ, ഒന്നില്‍ കൂടുതല്‍ എങ്ങനെയാണ് പറയുക. ആദ്യം ഒരേ മിന്നലില്‍ നിന്ന് രണ്ട് പേര്‍ക്ക് പവര്‍ കിട്ടുന്നു എന്നുള്ളത് നമ്മുടെ ആലോചനയില്‍ ഇല്ല,' ബേസില്‍ ജോസഫ് പറഞ്ഞു.
മിന്നല്‍ അടിച്ചിട്ട് ഒരു ഗ്രാമത്തിലെ ഒരു പയ്യന് പവര്‍ കിട്ടുന്നു എന്നുള്ളതായിരുന്നു ഐഡിയ. വില്ലനെ എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. ഇവനെ വെല്ലാന്‍ ഒരു വില്ലനെ കൊണ്ട് വരാന്‍ രാഷ്ട്രീയക്കാരന്‍ പറ്റില്ല, ഗ്യാംഗ്സ്റ്റര്‍ പറ്റില്ല. ഒരു ഇടി ഇടിച്ചാല്‍ തെറിച്ച് പോകില്ലേ? ആറ് മാസം ഇരുന്ന് ആലോചിച്ചിട്ടും ഒരു വില്ലനെ കിട്ടുന്നില്ല.
പല രീതിയില്‍ ഉള്ള സൂപ്പര്‍ വില്ലന്‍മാരെയും ആലോചിച്ചിട്ടും ഒന്നിനയും കിട്ടുന്നില്ല. പിന്നെ സിനിമകളില്‍ കെമിക്കല്‍ റിയാക്ഷന്‍ സംഭവിക്കുന്നത് ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ എല്ലാം ഇങ്ങനെ ഒരു കുറുക്കന്‍ മൂലയില്‍ തന്നെ സംഭവിക്കാന്‍ കുറുക്കന്‍ മൂല ബാറ്റ്മാന്റെ ഗോതം സിറ്റിയാണെന്ന് വിചാരിക്കും.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ വെറുതെ ഇരുന്നപ്പോഴാണ് ഒരു മിന്നല്‍ രണ്ട് പേര്‍ക്ക് അടിച്ചാല്‍ പോരെ എന്ന ഐഡിയ വന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇത് തോന്നാന്‍ എന്താ ആറ് മാസം എടുത്തോ എന്ന് ചിന്തിക്കാം. അന്നേരം പക്ഷെ അത് അങ്ങനെയല്ല. അന്ന് നമുക്ക് തോന്നിയത് ഇതിലല്ല. അങ്ങനെ തോന്നാന്‍ നമുക്ക് കുറെ സമയം എടുത്തു.
ആ ഫാന്റസി ഓക്കെയാണ്. ഇനി ഇതിന്റെ മേലെ പിടിച്ച് കയറാം എന്ന് വ്യക്തമായി. അതിന്റെയും പുറത്ത് ഇയാള്‍ക്ക് പവര്‍ പോകുന്നു, തിരിച്ച് വരാന്‍ വേണ്ടി വേറെ ഒരാള്‍ വരുന്നു എന്നത് അടുത്ത പാര്‍ട്ടിലൊക്കെ ആലോചിക്കാം. ഇതില്‍ ഒക്കൂലായിരുന്നു. ഇതില്‍ അവര്‍ രണ്ട് പേരും തമ്മില്‍ തീരുക എന്നത് തന്നെയാണ് അതിന്റെ കൃത്യമായ ഗ്രാഫ് എന്നും ബേസില്‍ പറഞ്ഞു.


Click it and Unblock the Notifications











