വലിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു, നഴ്സ് പോലും സഹായത്തിനില്ല, എപ്പോഴാണ് മരിച്ചതെന്നും ആർക്കും അറിയില്ല!
വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ വേർപാട് തമിഴ് സിനിമയ്ക്കൊരു തീരാനഷ്ടമാണ്. ഏറെ നാളുകളായി വാർധക്യ സഹജമായ അസുഖങ്ങൾ മൂലം വിശ്രമത്തിലായിരുന്നു അദ്ദേഹം. മൃതദേഹം പൊതുദർശനത്തിനായി സ്വവസതിയിലേക്ക് കൊണ്ടുവന്നപ്പോൾ നാടകീയമായ പല സംഭവങ്ങളും അവിടെ അരങ്ങേറി. മൃതദേഹത്തിന് അരികിലിരുന്ന് നിലവിളിച്ച് കരഞ്ഞ ഭാര്യയോടും മകളോടും സംഗീത സംവിധായകൻ ഗംഗൈ അമരൻ രോഷം പ്രകടിപ്പിച്ചു.
അവസാന കാലഘട്ടത്തിൽ പ്രിയ സുഹൃത്തിനെ ഒറ്റയ്ക്കാക്കി പോയ കുടുംബത്തോടുള്ള അമർഷമായിരുന്നു ഗംഗൈ അമരൻ കാണിച്ചത്. ആ സംഭവത്തിനുശേഷം ഭാരതിരാജയുടെ വ്യക്തി ജീവിതം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായി. ഇപ്പോഴിതാ ഭാരതിരാജയുടെ അവസാന കാലഘട്ടത്തെ കുറിച്ച് സീനിയർ സിനിമാ ജേണലിസ്റ്റ് തേനി കണ്ണൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

അദ്ദേഹം എപ്പോഴാണ് മരിച്ചതെന്ന് പോലും ആർക്കും നിശ്ചയമില്ലെന്ന് തേനി കണ്ണൻ പറഞ്ഞു. അവസാന കാലത്ത് ആഗ്രഹിച്ചതുപോലെ അദ്ദേഹം ജീവിച്ചു. വാർധക്യം ബാധിച്ചുവെന്ന തോന്നൽ മനസിന് വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു അദ്ദേഹം. അവസാനം വരെ സിനിമയായിരിക്കും തൊഴിൽ. മറ്റൊരു തൊഴിലും അറിയില്ല. സിനിമയ്ക്ക് വേണ്ടി അവസാനം വരെ പ്രവർത്തിക്കണം എന്ന ദൃഢനിശ്ചയവും ഉണ്ടായിരുന്നു.
എൺപത് വയസുകാരന് ഉണ്ടാവാറുള്ള ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചികിത്സയും അതിന് അനുസരിച്ച് നൽകിയിരുന്നു. പക്ഷെ കഴിഞ്ഞ വർഷം മകൻ മനോജ് മരിച്ചതോടെ മാനസീകമായി അദ്ദേഹം തകർന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണമായിരുന്നല്ലോ. ആ സംഭവത്തിനുശേഷം പഴയതുപോലെയാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സിനിമാക്കാരെല്ലാം ദിനവും അദ്ദേഹത്തെ സന്ദർശിക്കാൻ വരുമായിരുന്നു. എന്നിട്ടും മകന്റെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല. ആളുകളോടൊക്കെ കുറച്ച് സമയം സംസാരിക്കും. ശേഷം വീണ്ടും സൈലൻസിലേക്ക് പോകും. അദ്ദേഹം ഒറ്റപെടരുതെന്ന് പ്രിയപ്പെട്ടവരെല്ലാം ആഗ്രഹിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പക്ഷെ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ആ വീട്ടിൽ അദ്ദേഹം തനിച്ചായിരുന്നു.
കുടുംബാംഗങ്ങൾ വന്ന് കണ്ട് മടങ്ങുകയാണ് പതിവായി ചെയ്തിരുന്നത്. ഒപ്പം താമസിച്ചിരുന്നില്ല. ആരും മരണസമയത്ത് ഒപ്പമുണ്ടായിരുന്നില്ല. അദ്ദേഹം എപ്പോഴാണ് മരിച്ചതെന്ന് പോലും ആർക്കും അറിയില്ല. മഹാനായ കലാകാരന് ഇങ്ങനൊരു അവസ്ഥ വരരുതായിരുന്നു. പൊതുവെ പ്രായമായ ആളുകൾ അവശതയിൽ കിടപ്പിലാണെങ്കിൽ ഒരാൾ എങ്കിലും എപ്പോഴും അടുത്തുണ്ടാകണം.

എപ്പോഴാണ് എന്താണ് സംഭവിക്കുക, രോഗിക്ക് എന്തെങ്കിലും ആവശ്യങ്ങൾ വരുന്നുവോ എന്നതെല്ലാം അറിയണം. ഗ്രാമത്തിൽ എല്ലാവരും അങ്ങനെ ചെയ്യും. സിറ്റി ലൈഫിൽ അതൊന്നുമില്ല. എല്ലാവരും അവരവരുടെ ലൈഫ് നോക്കി പോകും. അദ്ദേഹത്തെ ഒറ്റയ്ക്കാക്കി. ഭാര്യപോലും അടുത്തില്ലായിരുന്നു. ഒരു വലിയ വീട്ടിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ഒരു നഴ്സ് പോലും സഹായത്തിന് ഉണ്ടായിരുന്നില്ല. അതാണ് ഗംഗൈ അമരൻ ദേഷ്യപ്പെടാൻ കാരണം.
ഭാര്യയും മകളും എല്ലാം ചെന്നൈയിൽ വിവിധയിടങ്ങളിൽ ഒരോ വീടുകളിലാണ് താമസം. അവശനിലയിലുള്ള മനുഷ്യനൊപ്പം ആരെങ്കിലും സഹായത്തിന് നിൽക്കേണ്ടതല്ലേ? എന്നും തേനി കണ്ണൻ ചോദിച്ചു. ചന്ദ്രലീലാവതിയാണ് ഭാരതിരാജയുടെ ഭാര്യ. ജനനി രാജ്കുമാർ, അന്തരിച്ച നടനും സംവിധായകനുമായ മനോജ് ഭാരതിരാജ എന്നിവരാണ് മക്കൾ.
അന്തരിച്ച മകൻ മനോജിന്റെ ഭാര്യ നന്ദന മലയാളിയും അഭിനേത്രിയുമാണ്. 1977 ലിറങ്ങിയ 16 വയതിനിലേ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള ഭാരതിരാജയുടെ കടന്നുവരവ്. 2004ൽ രാജ്യം പത്മശ്രീ പരസ്കാരം നൽകി ആദരിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു. നിർമാതാവും തിരക്കഥാകൃത്തും നടനുമാണ്. കഴിഞ്ഞവർഷം മാർച്ചിലാണ് മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.


Click it and Unblock the Notifications


