വേറാരുമില്ലേ?, മമ്മൂക്ക ദേഷ്യപ്പെട്ടു; ഞാൻ കരച്ചിലിന്റെ വക്കിൽ; അനുഭവം തുറന്ന് പറഞ്ഞ് ബ്ലെസി
മലയാള സിനിമയുടെ അഭിമാനമാണ് സംവിധായകൻ ബ്ലെസി. ബ്ലെസിയുടെ സിനിമകൾ എല്ലാക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തൻമാത്ര, പളുങ്ക്, ഭ്രമരം, പ്രണയം തുടങ്ങിയ സിനിമകൾ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. ഒടുവിൽ പുറത്തിറങ്ങിയ ആടുജീവിതം ഇന്ത്യയൊട്ടാകെ ചർച്ചയായി. വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ആടുജീവിതം ബ്ലെസി ബിഗ് സ്ക്രീനിലെത്തിച്ചത്. സഹസംവിധായകനായാണ് ബ്ലെസി സിനിമാ രംഗത്തേക്ക് കടക്കുന്നത്. തുടക്ക കാലത്ത് ചെയ്ത സിനിമയിലെ അനുഭവം പങ്കുവെക്കുകയാണിപ്പോൾ ബ്ലെസി.
പത്മരാജൻ സംവിധാനം ചെയ്ത നൊമ്പരത്തിപൂവ് എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചപ്പോഴുള്ള അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. സഫാരി ടിവിയോടാണ് പ്രതികരണം. മമ്മൂക്കയാണ് അതിൽ ഒരു ക്യാരക്ടർ ചെയ്യുന്നത്. അദ്ദേഹവും മാധവിയും തമ്മിലുള്ള സംസാരമാണ് ഷൂട്ട് ചെയ്യേണ്ടത്. ആദ്യ സിനിമ മുന്തിരിതോപ്പിൽ ക്ലാപ്പ് ചെയ്തിരുന്നെങ്കിലും സൗണ്ട് സിങ്ക് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അനൗൺസ് ചെയ്യേണ്ടാത്തതിനാൽ എനിക്ക് വലിയ പ്രശ്നം തോന്നിയില്ല.

പക്ഷെ ഈ സിനിമയിലേക്ക് എത്തുമ്പോൾ സീൻ പറഞ്ഞ് ക്ലാപ്പ് അടിച്ചിട്ട് വേണം ഓടി മാറാൻ. പൊതുവെ മുക്കിയും മൂളിയും ഞരങ്ങിയും സംസാരിക്കുന്ന ആളാണ് ഞാൻ. അതിനേക്കാൾ മോശമായിരുന്നു ആ കാലത്ത്. ഞാൻ ക്ലാപ്പ് അടിക്കുമ്പോൾ സീൻ പറഞ്ഞ് കുഴഞ്ഞു. അപ്പോഴേക്കും എല്ലാവരും ചിരിയും ബഹളവുമായി. ഒന്നുകൂടെ പറഞ്ഞപ്പോൾ വീണ്ടും കുഴഞ്ഞു. അപ്പോഴേക്കും മമ്മൂക്ക വേറാരുമില്ലേ ഇതൊന്ന് അടിക്കാൻ എന്ന് ചോദിച്ച് ഭയങ്കരമായി ഷൗട്ട് ചെയ്യുകയും ദേഷ്യപ്പെടുകയും ചെയ്തു. എന്റെ പണി തെറിച്ചത് പോലെയായി. പൂജപ്പുര രാധാകൃഷ്ണൻ ചേട്ടൻ ക്ലാപ്പ് പറഞ്ഞു.
അന്നും ഇന്നും സിനിമയിൽ നിന്ന് കിട്ടുന്ന പ്രഹരങ്ങൾ ജീവിതം അവസാനിക്കും എന്ന തോന്നലാണ് എനിക്കുണ്ടാക്കുക. സിനിമയോടുള്ള ഭയങ്കരമായ ആവേശമുണ്ട്. സിനിമയല്ലാതെ വേറൊന്നും ചിന്തിക്കാൻ പറ്റില്ല. മമ്മൂക്ക വഴക്ക് പറഞ്ഞപ്പോൾ അവിടെ എല്ലാവരുടെയും മുന്നിലാണ്. ചിലർ ചിരിക്കുന്നു. ചിലർക്ക് എന്ത് പറയണം എന്നറിയില്ല. ഞാൻ കരച്ചിലിന്റെ വക്കത്തായി. പത്മരാജൻ സർ എന്താണ് പറയുക.

ഇതാണെന്റെ പണി. ഇതില്ലാതായാൽ വണ്ടി കയറണം. ഞാൻ പത്മരാജൻ സാറിനടുത്ത് പോയി. എന്ത് പറയണം എന്നറിയാതെ തല താഴ്ത്തി നിന്നു. സാരമില്ലെടാ, നീ പഠിച്ചിട്ട് പറഞ്ഞാൽ മതി, ഉച്ച കഴിഞ്ഞ് നീ തന്നെ ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഉച്ച കഴിഞ്ഞ് അടുത്ത സീനെടുക്കാൻ ക്ലാപ്പടിക്കവെ മമ്മൂക്ക എന്നെയൊന്ന് നോക്കി.
വീണ്ടും കുഴപ്പിക്കാനാണോ വരുന്നത് എന്ന രീതിയിൽ. ആ കടമ്പ വളരെ പ്രയാസപ്പെട്ടാണെങ്കിലും ശക്തമായി കഴിഞ്ഞത് ഞാനിപ്പോഴും ഓർക്കുകയാണ്. 2005 ൽ തന്മാത്രയ്ക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ തിരുവല്ലയിൽ നടന്ന ചടങ്ങിൽ ഇവർ രണ്ട് പേരും ഇവർ രണ്ട് പേരും ഇക്കാര്യങ്ങൾ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നെന്നും ബ്ലെസി വ്യക്തമാക്കി.


Click it and Unblock the Notifications











