'എല്ലാവർക്കും അവാർഡ് കിട്ടും എന്നെയാകും ഒഴിവാക്കുകയെന്ന് പറയുമായിരുന്നു, ഗോകുലിന്റെ നേട്ടത്തിലാണ് സന്തോഷം'
ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ തൂത്തുവാരി കൊണ്ടുപോയത് ആടുജീവിതത്തിന്റെ അണിയറപ്രവർത്തകരാണ്. മികച്ച നടൻ അടക്കം ഒമ്പതോളം പുരസ്കാരങ്ങളാണ് ആടുജീവിതത്തിന് ലഭിച്ചത്. പതിനാറ് വർഷത്തെ പ്രയത്നം അംഗീകരിക്കപ്പെട്ടതിനേക്കാൾ ബ്ലെസിയെ സന്തോഷിപ്പിക്കുന്നത് ചിത്രത്തിൽ ഹക്കീമായി അഭിനയിച്ച യുവ നടൻ കെ.ആർ ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചുവെന്നതാണ്.
പതിനെട്ടാം വയസിലാണ് ഗോകുൽ ആടുജീവിതത്തിന്റെ ഭാഗമാകുന്നത്. ഹക്കീമാകാനായി ഈ ചെറിയ പ്രായത്തിൽ തന്നെ എക്സ്ട്രീം ഫിസിക്കൽ ട്രാൻസ്ഫോർമേഷനും ഗോകുൽ നടത്തിയിരുന്നു. ഇപ്പോഴിതാ ലഭിച്ച പുരസ്കാരങ്ങളിൽ സന്തോഷം അറിയിച്ച് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു.

ആടുജീവിതത്തിന് ഒമ്പതോളം അവാർഡ് കിട്ടിയെങ്കിലും സിനിമയിലെ സംഗീതം അംഗീകരിക്കപ്പെടാതെ പോയതിലുള്ള പരിഭവവും ബ്ലെസി പങ്കിട്ടു. ആടുജീവിതത്തിന് ഒമ്പതോളം അവാർഡുകൾ ലഭിച്ചു. അതിൽ എനിക്ക് ഏറ്റവും ആഹ്ലാദം നൽകിയത് കെ.ആർ ഗോകുലിന് ലഭിച്ച സ്പെഷ്യൽ ജൂറി പരാമർശമാണ്. കാരണം പൃഥ്വിരാജിനെപ്പോലെ തന്നെ ആ സിനിമയ്ക്ക് വേണ്ടി വളരെ അധികം ഹാർഡ് വർക്ക് ചെയ്യുകയും പെർഫോം ചെയ്യുകയും ചെയ്തയാളാണ് ഗോകുൽ.
പക്ഷെ മികച്ച നടനെന്നുള്ള കാറ്റഗറിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാൻ പറ്റുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഒരു തുടക്കക്കാരനായ ഗോകുലിന് ലഭിച്ച അംഗീകാരമെന്ന നിലയിൽ ജൂറി പരാമർശം എന്നിൽ വല്ലാത്ത സന്തോഷമുണ്ടാക്കി. രാജുവിനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നു. ക്യാമറമാന് ലഭിച്ചതും അർഹതയ്ക്കുള്ള അംഗീകാരം.
നോവലിനെ തിരക്കഥയാക്കാനാണ് ഞാൻ ഏറെ വിഷമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തിരക്കഥ അംഗീകരിക്കപ്പെട്ടതിലും സന്തോഷം. മുമ്പൊക്കെ കുറച്ച് ആളുകൾ മാത്രമാണ് ക്ലാസിക്ക് സ്വഭാവമുള്ള സിനിമകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ മലയാളികളുടെ ആസ്വാദന നിലവാരം വളരെ അധികം ഉയർന്നു. പ്രത്യേകിച്ച് യൂത്തിന്റേത്. യുവജനങ്ങൾ എങ്ങനെ ആടുജീവിതത്തെ സ്വീകരിക്കുമെന്ന ചർച്ചയൊക്കെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും ബ്ലെസി പറയുന്നു.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രാൻസ്ഫോർമേഷനാണ് പൃഥ്വിരാജ് നടത്തിയതെന്നും ബ്ലെസി കൂട്ടിച്ചേർത്തു. എല്ലാവർക്കും അവാർഡ് കിട്ടും എന്നെയാകും ഒഴിവാക്കുകയെന്ന് തമാശയായി ഞാൻ എന്റെ ക്രൂവിനോട് പറയുമായിരുന്നു. പക്ഷെ എന്റെ സിനിമയെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത് നിർത്തിയിരുന്ന ഒന്നായിരുന്നു പശ്ചാത്തല സംഗീതവും പാട്ടുകളും.

എന്നാൽ അത് അവാർഡിൽ പരിഗണിച്ചില്ല. നാളെ കേരളം അത് ചർച്ച ചെയ്യും. നമുക്കാണ് അതിൽ നഷ്ടമുണ്ടാകുന്നതെന്ന് തോന്നുന്നുവെന്നും ബ്ലെസി പറഞ്ഞു. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്‌മാനാണ്.
ചിത്രത്തിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഓരോന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞവയാണ്. ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ നേരിട്ട് എത്തിയ റഹ്‌മാന്‍ ചിത്രീകരണ സ്ഥലവും നജീബിന്റെ താമസസ്ഥലമായി ഒരുക്കിയ ഇടങ്ങളുമെല്ലാം സന്ദര്‍ശിച്ചിരുന്നു.
മറ്റനവധി കാര്യങ്ങള്‍ മൂലം തിരക്കിലായിരുന്നുവെങ്കിലും ആടുജീവിതത്തിനുവേണ്ടി ബ്ലെസിയോട് താൻ യെസ് പറയുകയായിരുന്നുവെന്നാണ് മുമ്പൊരിക്കൽ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.


Click it and Unblock the Notifications











