അതോടെ മീനയ്ക്ക് ദേഷ്യം വന്നു, ഷൂട്ടിന് വരില്ലെന്ന് പറഞ്ഞു; അനുഭവം പങ്കുവെച്ച് സംവിധായകൻ ചന്ദ്രനാഥ്
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി മീന. തുടരെ ഹിറ്റുകൾ സൃഷ്ടിച്ച് താരറാണിപ്പട്ടം സ്വന്തമാക്കിയ നടി. 90 കളിലും 2000 ത്തിന്റെ തുടക്കത്തിലും മീന സിനിമകളുടെ തിരക്കുകളിലായിരുന്നു. ഒന്നിന് പിറകെ ഒന്നായി നടിയെ തേടി അവസരങ്ങളെത്തി. തമിഴിലും തെലുങ്കിലും തിരക്ക് കുറഞ്ഞപ്പോൾ മലയാളത്തിൽ നിന്നും വലിയ സിനിമകൾ മീനയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം മീന തുടരെ സിനിമകൾ ചെയ്യുന്നത് അക്കാലത്താണ്.
സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരിയാണ് മീന. എപ്പോഴും സൗമ്യമായി സംസാരിക്കുന്ന മീനയുടെ കുട്ടിത്തം ഇപ്പോഴും വിട്ട് പോയിട്ടില്ലെന്നാണ് ആരാധകർ പറയാറ്. എന്നാൽ മീന ദേഷ്യപ്പെട്ട ചില സംഭവങ്ങളുണ്ട്. തമിഴ് സിനിമാ സംവിധായകൻ ചന്ദ്രനാഥ് ടൂറിംഗ് ടാക്കീസിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. മീന നായികയായ ഇദയവാസൽ എന്ന സിനിമ സംവിധാനം ചെയ്തത് ചന്ദ്രനാഥാണ്. ഷൂട്ടിംഗിനിടെയുണ്ടായ സംഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്.

ഇദയവാസലിൽ എല്ലാവരും പഴയ ആർട്ടിസ്റ്റുകളായിരുന്നു. പ്രേക്ഷകർക്ക് കണ്ട് പരിചയമുള്ള മുഖങ്ങൾ. നായിക പുതുമുഖമായിരിക്കണമെന്നുണ്ടായിരുന്നു. രാസാവിൻ മനസിലെ എന്ന സിനിമ അപ്പോൾ മീന ചെയ്യുന്നുണ്ട്. ആര് പോയാലും രാസാവിൻ മനസിൽ റിലീസ് ചെയ്യട്ടേ അതിന് ശേഷമേ മറ്റൊരു സിനിമ ചെയ്യൂ എന്ന തീരുമാനത്തിലായിരുന്നു മീന. മീനയുടെ അമ്മ അന്ന് കോൺഗ്രസ് നേതാവാണ്. മാഡം, നിങ്ങൾ കഥ കേൾക്കൂ, അതിന് ശേഷം സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്ന് പറഞ്ഞു. അപ്പോൾ ഒന്നിരിക്കൂ ഞാൻ വരാമെന്ന് പറഞ്ഞ അവർ എന്റെ മകൾ ഈ സിനിമ ചെയ്യുമെന്ന് മറുപടി നൽകി. എന്താണവർ ചിന്തിച്ചതെന്ന് അറിയില്ല.
ആ സിനിമയിൽ ഒരു സീനിൽ മീന ഭയങ്കരമായി ദേഷ്യപ്പെടണം. മീനയാണെങ്കിൽ ഒരു കുട്ടിയെ പോലെയാണ്. ദേഷ്യം വലുതായി വരുന്നില്ല. എന്തെങ്കിലും ചെയ്ത് അവളെ ദേഷ്യപ്പെടുത്തെന്ന് ഒരാൾ പറഞ്ഞു. നീ നന്നായി ചെയ്യുന്നില്ല, നിന്റെ അമ്മ വലിയ ആർട്ടിസ്റ്റാണല്ലോ എന്നൊക്കെ പറഞ്ഞപ്പോൾ മീനയ്ക്ക് ദേഷ്യം വന്നു. ഞാൻ വരുന്നില്ല, ഈ സീൻ ചെയ്യില്ല എന്ന് പറഞ്ഞ് മീന ദേഷ്യപ്പെട്ടിരുന്നു.

പിന്നെ ഞാൻ സംസാരിച്ചു. നീ എനിക്ക് മകളെ പോലെയാണ്, ഞാൻ പറയുന്നത് കേൾക്ക്, ഞാൻ ദേഷ്യപ്പെടുന്നത് സീൻ നന്നായി വരാൻ വേണ്ടിയാണ്, നിന്നെക്കൊണ്ട് പറ്റും എന്ന് ഞാൻ പറഞ്ഞു. ആ ദേഷ്യത്തിൽ തന്നെയായിരുന്നു മീന. ഷോട്ടിന് വന്നതും ദേഷ്യത്തിലാണ്. ഗംഭീരമായി ആ സീൻ ചെയ്തു. കാരണം മീന ശരിക്കും ദേഷ്യത്തിലായിരുന്നെന്നും ചന്ദ്രനാഥ് പറഞ്ഞു. 1991 ലാണ് ഇദയവാസൽ എന്ന സിനിമ റിലീസ് ചെയ്തത്. അഭിനയ രംഗത്ത് മീന ഇപ്പോഴും സാന്നിധ്യം അറിയിരിക്കുന്നുണ്ട്. ദൃശ്യം ത്രീ ആണ് മീനയുടെ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാള സിനിമ.
ജീവിതത്തിലുണ്ടായ വലിയ ആഘാതം മറികടന്ന് മുന്നോട്ട് പോകുകയാണിപ്പോൾ മീന. ഭർത്താവ് വിദ്യാ സാഗറിന്റെ അപ്രതീക്ഷിത മരണം മീനയെ ഉലച്ചിരുന്നു. ശ്വാസകോശത്തിൽ അണുബാധ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു വിദ്യാസഗറിന്റെ മരണം. എന്നാൽ തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ മീനയ്ക്ക് സാധിച്ചു. ഷോകളും സിനിമകളും മറ്റുമായി കരിയറിലെ തിരക്കുകളിലേക്ക് മീന കടന്നു. സുഹൃത്തുക്കളിൽ നിന്നും വലിയ പിന്തുണ മീനയ്ക്ക് വിഷമ ഘട്ടത്തിൽ ലഭിച്ചു. അന്നും ഇന്നും മീനയുടെ ഏറ്റവും വലിയ ശക്തി അമ്മ രാജ് മല്ലികയാണ്. അമ്മ വളരെ ശക്തയായ സ്ത്രീയാണെന്നും തനിക്കെന്നും വഴികാട്ടി അമ്മയായിരുന്നെന്നും മീന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











