സീരിയലിലുള്ളവരെ എടുക്കരുത്, ഭാഗ്യമില്ലാത്ത ക്യാമറമാനാണെന്ന് പറഞ്ഞവരുണ്ട്! തന്റെ സ്വഭാവത്തെ പറ്റി ജീത്തു ജോസഫ്
മലയാള സിനിമയിലെ പ്രമുഖനായ സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തതിലൂടെയാണ് ജീത്തു ശ്രദ്ധേയനാവുന്നത്. അതിന് മുന്‍പും ശേഷവും നിരവധി സിനിമകള്‍ ഒരുക്കിയെങ്കിലും ജീത്തു അറിയപ്പെടുന്നത് ദൃശ്യത്തിലൂടെ തന്നെയാണ്.
എന്നാല്‍ ആ സിനിമ പോലെ ഈ സിനിമ ആയില്ലെന്ന താരതമ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് സംവിധായകന്‍. തന്റെ ഏത് സിനിമ ഇറങ്ങിയാലും ദൃശ്യത്തിന്റെ അത്രയും ആയില്ലെന്നാണ് പറയുന്നത്. അതിന് ഇത് ദൃശ്യമല്ലല്ലോ എന്നാണ് ജീത്തു ചോദിക്കുന്നത്. മാത്രമല്ല യഥാര്‍ഥ ജീവിതത്തില്‍ താനെങ്ങനെയാണെന്നും തന്റെ സ്വഭാവത്തിലെ സവിശേഷതകളെ പറ്റിയും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് സംവിധായകനിപ്പോള്‍.

റിയല്‍ ലൈഫിലെ ജിത്തു ജോസഫ് എങ്ങനെയാണ്?
ശരിക്കും തമാശ ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. സമയം കിട്ടുമ്പോഴൊക്കെ കോമഡി പരിപാടികളാണ് ഞാന്‍ കാണാറുളളത്. അങ്ങനൊരു സാധാരണക്കാരന്‍ മാത്രമാണ് ഞാന്‍. പിന്നെ ഏതൊക്കെയോ സമയത്ത് ഞാനൊരു ക്രിമിനലായി മാറുന്നുണ്ട്.
എനിക്കൊരു സ്വഭാവമുണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്നെനിക്ക് അറിയില്ല. എന്നോട് ഒരാള്‍ നീ അങ്ങനൊന്നും ചെയ്യരുതെന്ന് പറഞ്ഞാല്‍ ഞാന്‍ അത് തന്നെ ചെയ്യാന്‍ നോക്കും. അന്നൊക്കെ ടെലിവിഷനില്‍ ഉള്ളവരെ സിനിമയിലേക്ക് എടുക്കരുതെന്ന് പറയുന്നവരുണ്ട്. ആശ ശരത്തിനെ ഞാന്‍ കാസ്റ്റ് ചെയ്തു. എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടുണ്ടോ? ജീത്തു ജോസഫ് ചോദിക്കുന്നു.
എന്റെ മറ്റൊരു സിനിമയിലേക്ക് ആര്‍ട്ട് ഡയറക്ടറെ വിളിക്കാന്‍ നോക്കിയപ്പോള്‍ അവന്‍ ഭയങ്കര പ്രശ്‌നക്കാരനാണ്, അവനെ എടുക്കണ്ടെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ വന്ന് എന്നോട് കുറ്റം പറഞ്ഞതോടെ ഞാന്‍ അവനെ തന്നെ വെച്ചു. അവന് എന്തെങ്കിലും ഒരു ക്വാളിറ്റിയുണ്ടാകും. അതുകൊണ്ടാണ് എല്ലാവരും അവനെ പ്രശ്‌നക്കാരനാക്കുന്നതെന്ന് എനിക്ക് തോന്നി. പിന്നീട് രണ്ട് മൂന്ന് സിനിമകള്‍ അദ്ദേഹത്തിനൊപ്പം ചെയ്തു.

അതുപോലെ എന്റെ സിനിമയിലെ ക്യാമറമാനായി സതീഷ് കുറുപ്പിനെ വിളിച്ചപ്പോള്‍ അവനൊരു ഭാഗ്യമില്ലാത്ത ക്യാമറമാനാണെന്ന് കുറേ പേര്‍ പറഞ്ഞു. രസകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ ആദി എന്ന സിനിമയുടെ ആവശ്യത്തിന് വേണ്ടി ഞാനും സതീഷും ബാംഗ്ലൂര്‍ക്ക് പോവുകയാണ്. ഇതിനിടെ സതീഷ് എന്നോട് ചേട്ടന്‍ എന്നെ ഇതില്‍ ക്യാമറമാനാക്കാനുള്ള കാരണമെന്താണെന്ന് ചോദിച്ചു.
നീയൊരു അണ്‍ ലക്കി ക്യാമറമാനാണെന്ന് ആളുകള്‍ പറയുന്നുണ്ട്. അതുകൊണ്ടാണെന്ന് ഞാനും പറഞ്ഞു. അത് കേട്ട് അവന്‍ ഞെട്ടി. ങേ, അപ്പോള്‍ ചേട്ടനും അത് അറിയാമായിരുന്നോ എന്നായി അവന്‍. ചേട്ടനിത് കേട്ടിട്ടുണ്ടാവില്ലെന്നും അതായിരിക്കും എന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്നും കരുതി ഇരിക്കുകയായിരുന്നു ഞാനെന്നാണ് സതീഷ് പറഞ്ഞത്. അങ്ങനെയുള്ള കാര്യങ്ങളിലൊന്നും വിശ്വസിക്കുന്ന ആളല്ല ഞാനെന്ന് ജീത്തു ജോസഫ് പറയുന്നു.


Click it and Unblock the Notifications











