അന്ന് ഞാനും ജയസൂര്യയും സയാമീസ് ഇരട്ടകൾ, ഓട്ടോഗ്രാഫ് ചോദിച്ചപ്പോൾ കാറ്റിക്കിസം ബുക്കിൽ ആനി എഴുതിയത്; ജിസ് ജോയ്
ഫീൽഗുഡ് സിനിമകൾ സമ്മാനിച്ച് ആരാധകരെ സമ്പാദിച്ച സംവിധായകനാണ് ജിസ് ജോയ്. സംവധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, ഗാനരചയിതാവ്, ആഡ് ഫിലിം മേക്കർ എന്ന ടാഗുകൾ മാത്രമല്ല മിമിക്രി കലാകാരനെന്ന ലേബലും ജിസ്സിനുണ്ട്. പക്ഷെ പൊതുവെ എവിടേയും അദ്ദേഹം അത് പറയാറില്ല. ജയസൂര്യയ്ക്കൊപ്പം സ്റ്റേജ് ഷോകൾ ചെയ്ത് നടന്ന കാലത്തെ കുറിച്ച് അമൃത ടിവിയിലെ ആനീസ് കിച്ചണിൽ അതിഥിയായി എത്തിയപ്പോൾ ജിസ് മനസ് തുറന്നു.
ഒപ്പം കുട്ടിക്കാലത്ത് നടി ആനിയിൽ ഓട്ടോഗ്രാഫ് വാങ്ങിയ അനുഭവവും ജിസ് ജോയ് പങ്കുവെച്ചു. ഒരു സിനിമാ സെറ്റിൽ വെച്ച് യാദൃശ്ചികമായാണ് ജയസൂര്യയെ ജിസ് ജോയ് പരിചയപ്പെടുന്നത്. മിമിക്രി കരിയറിന്റെ തുടക്കകാലത്ത് ചെയ്തിരുന്നു. അന്ന് വിവാഹമൊന്നും കഴിച്ചിട്ടില്ല.

നടൻ ജയസൂര്യയുമായി ചേർന്ന് ടു മെൻ ഷോയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാനും അവനും പരിചയപ്പെടുന്നത്. അവൻ ചാൻസ് അന്വേഷിച്ച് വന്നിരിക്കുന്നു. എന്റെ സുഹൃത്തിന്‌റെ അച്ഛനായിരുന്നു ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. ഒരു സരസ്വതി ദേവി വിഗ്രഹം കൊടുക്കാനായാണ് ഞാൻ പോയത്.
എന്റെ കയ്യിൽ പ്രോപ്പർട്ടി കണ്ടപ്പോൾ ജയൻ കരുതി ഞാനും ആ സിനിമയുടെ ഭാഗമാണെന്ന്. അങ്ങനെയാണ് പരിചയപ്പെടുന്നത്. മാണിക്യകൂടാരം എന്നായിരുന്നു ആ സിനിമയുടെ പേര്. ആ സിനിമയുടെ സംവിധായകന് ഞാൻ ജയനെ പരിചയപ്പെടുത്തി. അവൻ അതിൽ ഒരു വേഷം ചെയ്തുവെന്നുമാണ് എന്റെ വിശ്വാസം. അങ്ങനെ തുടങ്ങിയ സൗഹൃദമാണ്.
ശേഷം ഒരുമിച്ച് ഷോകൾ ചെയ്ത് തുടങ്ങി. ഒരു സമയത്ത് ഞങ്ങൾ സയാമീസ് ഇരട്ടകളെപ്പോലെയായിരുന്നു. ഞാനില്ലാതെ അവനേയും അവനില്ലാതെ എന്നേയും ആർക്കും കാണാൻ കഴിയില്ലായിരുന്നു ജിസ് ജോയ് പറഞ്ഞു. താൻ ജീവിതത്തിൽ ഒരു നടിയിൽ നിന്ന് മാത്രമെ ഓട്ടോഗ്രാഫ് വാങ്ങിയിട്ടുള്ളുവെന്നും അത് നടി ആനിയാണെന്നും ജിസ് ജോയ് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ആനിയും സർപ്രൈസസ്ഡായി.
എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമകൾ മോഹൻലാൽ സാറിന്റെയാണ്. പക്ഷെ എന്റെ ജീവിതത്തിൽ ഒരേയൊരു പ്രാവശ്യമെ ഞാൻ ഒരു സിനിമ താരത്തിന്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് മേടിച്ചിട്ടുള്ളു. ആ കഥ ഇവിടെ പറഞ്ഞില്ലെങ്കിൽ വേറെ എവിടേയും പറഞ്ഞിട്ട് കാര്യമില്ല. അതൊരു സിനിമ നടിയാണ്.

വളരെ മനോഹരമായി അഭിനയിച്ചിരുന്ന കേരളം മുഴുവൻ ആരാധകരുണ്ടായിരുന്ന നടിയാണ്. അവർ ഒരു സമയത്ത് സിനിമയിൽ നിന്നും മാറി ഫാമിലി ലീഡ് ചെയ്ത് മുന്നോട്ട് പോകുന്ന ഒരു നടിയാണ്. ആ നടിയുടെ പേര് ആനി എന്നാണ്. എന്റെ വീട് വാഴക്കാലയിലാണ്. ഞായാറാഴ്ച പള്ളിയിൽ കാറ്റിക്കിസമുണ്ട്. പത്തിലോ പ്ലസ് വണ്ണിലോ മറ്റോ പഠിക്കുമ്പോൾ ഞാൻ കാറ്റികിസം കഴിഞ്ഞ് വരുമ്പോൾ ഒരാൾ പറഞ്ഞു ആ പരിസരത്ത് ഷൂട്ടിങ് നടക്കുന്നുണ്ട്.
ഞാൻ അവിടേക്ക് ചെന്നു. ഒരു വലിയ ആൾക്കൂട്ടമുണ്ട്. ഷൂട്ടിങിനായി ട്രാക്ക് ഇട്ടിട്ടുണ്ട്. അതിലൂടെ ആനി ചേച്ചി നടന്ന് വരുന്നു. ആനി എന്ന നടിയെ ആദ്യമായി കാണുന്നതിന്റെ ത്രില്ലിലാണ് ഞങ്ങൾ എല്ലാവരും. അടുത്ത ഷോട്ടിനായുള്ള ബ്രേക്ക് വന്നപ്പോൾ ആനി ചേച്ചി അവിടെ ഒരു ചെയറിൽ പോയി ഇരുന്നു.
ഞാൻ അവിടേക്ക് ചെന്ന് കാറ്റിക്കിസം ബുക്കിന്റെ മുൻ പേജിൽ ഓട്ടോഗ്രാഫ് വാങ്ങി. നോളജ് ഈസ് പവർ എന്നും ചേച്ചി അതിൽ എഴുതിയിരുന്നു എന്നും ജിസ് ജോയ് പറയുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആനി മിനിസ്ക്രീനിൽ സജീവമാണ്.


Click it and Unblock the Notifications











