'മമ്മൂക്കയാണ് എന്നോട് ആദ്യം അത് പറഞ്ഞത്... ഹനീഫ് ഇക്കയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു'; ജോണി
മലയാളത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഓർത്തോർത്ത് ചിരിക്കാവുന്ന കോമഡി ചിത്രങ്ങളുടെ സംവിധായകരുടെ പേര് നിരത്തി വെച്ചാൽ അതിൽ മുൻനിരയിൽ സ്ഥാനം പിടിക്കാൻ പോകുന്ന പേരാണ് ജോണി ആന്റണിയുടേത്.
സിഐഡി മൂസ സംവിധാനം ചെയ്തുകൊണ്ടാണ് ജോണി ആന്റണിയുടെ തുടക്കം. പിന്നീട് കൊച്ചിരാജാവ് അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്തു. സിഐഡി മൂസ സംവിധാനം ചെയ്യാൻ തുനിഞ്ഞപ്പോൾ അതുവേണോയെന്ന് ചോദിച്ച് പലരും ജോണി ആന്റണിയെ വിലക്കിയിരുന്നു.
പക്ഷെ ഡു ഓർ ഡൈ കോൺഫിഡൻസ് വിജയത്തിൽ ജോണി ആന്റണിയെ വിജയത്തിൽ എത്തിച്ചു. അക്കാലത്ത് വൻമുതൽ മുടക്കിലായിരുന്നു സിഐഡി മൂസ നിർമിച്ചത്. സിഐഡി മൂസയ്ക്ക് ശേഷം നിരവധി സിനിമകൾ സംവിധാനം ചെയ്തെങ്കിലും അന്നും ഇന്നും ജോണി ആന്റണിയെ കുറിച്ച് പറയുമ്പോൾ ആരാധകരുടെ മനസിലേക്ക് ആദ്യം വരിക സിഐഡി മൂസ തന്നെയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി സംവിധാനത്തിൽ നിന്നും മാറി അഭിനയത്തിലാണ് ജോണി ആന്റണി ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഇനി നല്ല സിനിമകളുമായി സംവിധാനത്തിലേക്ക് വരില്ലേയെന്ന ചോദ്യം ജോണി ആന്റണിയെ കാണുമ്പോൾ ആരാധകർ ചോദിക്കാറുമുണ്ട്. അച്ഛൻ, അമ്മാവൻ തുടങ്ങി ഒട്ടനവധി സഹനടൻ വേഷങ്ങൾ ചെയ്ത് ജോണി ആന്റണിയിലെ നടൻ ഇപ്പോൾ കയ്യടി വാങ്ങുകയാണ്.
തോപ്പിൽ ജോപ്പനാണ് ഏറ്റവും അവസാനം ജോണി ആന്റണി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ. പക്ഷെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. 2018ൽ പുറത്തിറങ്ങിയ ശിക്കാരി ശംഭു മുതലാണ് ജോണി ആന്റണി അഭിനയത്തിൽ ശ്രദ്ധ കൂടുതൽ കൊടുത്ത് തുടങ്ങിയത്.
അഭിനയത്തിൽ ശ്രദ്ധ കൂടുതൽ കൊടുത്ത് തുടങ്ങിയ കാലത്ത് തനിക്ക് ആദ്യം ലഭിച്ച ഉപദേശം നടൻ മമ്മൂട്ടിയിൽ നിന്നാണെന്ന് പറയുകയാണ് ജോണി ആന്റണി. ഏറ്റവും പുതിയ സിനിമ തോൽവി എഫ്സിയുടെ പ്രമോഷന് വേണ്ടി മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് അഭിമുഖം നൽകാൻ എത്തിയപ്പോഴാണ് അഭിനയിച്ച് തുടങ്ങിയ കാലത്ത് മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ച് ജോണി ആന്റണി പറഞ്ഞത്.
'ഹോം എന്ന സിനിമയിലെ എന്റെ കഥാപാത്രത്തിന് ഫോൺ നന്നായി കൈകാര്യം ചെയ്യാൻ അറിയാമെന്ന തരത്തിലാണ് കാണിച്ചിരിക്കുന്നത്. പക്ഷെ സത്യത്തിൽ ഫോൺ അത്രത്തോളം കൈകാര്യം ചെയ്യാൻ എനിക്ക് അറിയില്ല.'

'സിനിമയിൽ ഞാൻ സ്കൂട്ടർ നന്നായി ഓടിക്കുമെന്ന് അഭിനയിക്കും. പക്ഷെ യഥാർത്ഥത്തിൽ പേടിയാണ്. അനുരാഗം സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ഷീലമ്മയും ഞാനും ബൈക്കിൽ പോയപ്പോൾ ചെറുതായി പാളി. പിന്നീട് ജോണി ആന്റണി വീഴിച്ചുവെന്നൊക്കെ ഷീലാമ്മ അഭിമുഖങ്ങളിലൊക്കെ പറയുന്നത് കേട്ടു.'
'ഒരാളെ കൂടി പിറകിൽ ഇരുത്തിയുള്ള സീനിന്റെ ഷൂട്ട് വരുമ്പോൾ ടെൻഷനാണ്. അതുപോലെ തന്നെ ഞാൻ അഭിനയിക്കുമ്പോൾ ഇടയ്ക്ക് എന്റെ ഉള്ളിലെ സംവിധായകൻ പുറത്തേക്ക് വരുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് മമ്മൂക്കയാണ്. അഭിനയം കൂടുതലായി ചെയ്ത് തുടങ്ങിയ കാലത്ത് ആദ്യം ചെയ്തത് ശിക്കാരി ശംഭുവായിരുന്നു. അതിലെ ചില സീനുകൾ കണ്ടപ്പോഴാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.'
'കൊച്ചിൻ ഹനീഫ്ക്കയെ വെച്ചൊരു ഉദാഹരണവും അദ്ദേഹം പറഞ്ഞു. മമ്മൂക്കയ്ക്കൊപ്പം കൊച്ചിൻ ഹനീഫ്ക്ക അഭിനയിക്കുമ്പോൾ ഇടയ്ക്ക് മമ്മൂക്കയുടെ ഡയലോഗും കൂടെ നിൽക്കുമ്പോൾ അറിയാതെ കൊച്ചിൻ ഹനീഫ്ക്ക പറയുമായിരുന്നത്രേ.'
'സംവിധാനം ചെയ്തിട്ടുള്ളതുകൊണ്ട് മറ്റുള്ളവരുടെ കാര്യത്തിലും ഒരു ശ്രദ്ധവരും അതാണ് കാരണം. ഇപ്പോഴും സെറ്റിലൊക്കെ ഇരിക്കുമ്പോൾ അറിയാതെ അഭിപ്രായം പറയാൻ തോന്നും. പിന്നെ വേണ്ടെന്ന് വെച്ച് അവിടെ തന്നെ ഇരിക്കുമെന്നാണ്', ജോണി ആന്റണി പറഞ്ഞത്.


Click it and Unblock the Notifications











