ഒരു ഐഡിയ പങ്കുവെച്ചു, ശേഷം ജൂഡ് ആന്റണിയ്ക്ക് ലഭിച്ചത് 800 ഓളം കഥകള്‍! ആ ഭാഗ്യം ആര്‍ക്കായിരിക്കും?
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയായിരുന്നു. പുറത്തിറങ്ങി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ ബോറടിച്ചിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ സിനിമാ താരങ്ങള്‍ ഓരോ ആശയങ്ങള്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു. അതില്‍ ശ്രദ്ധേയം സംവിധായകനും നടനുമായ ജൂഡ് ആന്റണി പറഞ്ഞതായിരുന്നു.
വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ. നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ), ഇങ്ങോട്ടു അയച്ചോ. ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. എന്നായിരുന്നു ജൂഡ് അന്ന് പറഞ്ഞിരുന്നത്.

ജൂഡിന്റെ പോസ്റ്റിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി വീണ്ടുമെത്തിയിരിക്കുകയാണ് താരം. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് എണ്ണൂറോളം കഥകളാണ് തനിക്ക് വന്നതെന്നും അതില്‍ നൂറ്റി അറുപതോളം കഥകള്‍ ഇനിയും വായിക്കാന്‍ ഉണ്ടെന്നും ജൂഡ് പറയുന്നു. എനിക്കിഷ്ടപ്പെട്ട കഥകള്‍ ഉടനെ സിനിമയാക്കാമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെച്ചിരിക്കുകയാണ്.
ജൂഡിന്റെ വാക്കുകളിലേക്ക്
ലോക് ഡൗണ്‍ തുടങ്ങിയ സമയത്ത് നിങ്ങളുടെയും എന്റെയും ബോറടി മാറ്റാന്‍ കഥകള്‍ അയക്കാന്‍ പറഞ്ഞു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റിന്റെ അപ്‌ഡേറ്റ്‌സ്. എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറില്‍ പരം കഥകളാണ് വന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോ നൂറ്റി അറുപതു കഥകളാണ് ഇനി വായിക്കാനുള്ളത്. വായിച്ചതില്‍ ഏതാണ്ട് എല്ലാത്തിനും പറ്റുന്ന തരത്തില്‍ റിപ്ലേ കൊടുത്തിട്ടുണ്ട്.

വളരെയധികം ഇഷ്ടപ്പെടുന്ന കഥകള്‍ മാത്രമേ സിനിമയാക്കാവൂ എന്നൊരു ധാരണ (ചിലപ്പോള്‍ തെറ്റായിരിക്കാം) മനസില്‍ കിടക്കുന്നതിനാല്‍ വിരലില്‍ എണ്ണാവുന്ന കഥകള്‍ക്ക് മാത്രമേ പച്ച കാണിച്ചിട്ടുള്ളു. ഈ ലോക്ക് ഡൗണ്‍ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകള്‍ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൗണ്‍ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകള്‍ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയില്‍.


Click it and Unblock the Notifications











