'സിനിമയിലേതിനേക്കാൾ തമാശ ലാൽ അല്ലാതെ പറയും, മൂന്നാംമുറയ്ക്ക് ശേഷം എല്ലാത്തിനും ടെയ്ൽ എന്റ് വെച്ചു'; കെ. മധു!
വിന്റേജ് മോഹൻലാലിനാണ് അന്നും ഇന്നും ആരാധകർ കൂടുതൽ. ഇന്നത്തെ ഒരു യുവതാരവും ചെയ്യാത്ത അത്രത്തോളം കഥാപാത്രങ്ങൾ മുപ്പത്തിയഞ്ച് വയസിനുള്ളിൽ മോഹൻലാൽ ചെയ്തിട്ടുണ്ട്. പ്രായത്തെക്കാൾ പക്വതയോടെയാണ് അദ്ദേഹം പല കഥപാത്രങ്ങളെയും സമീപിച്ചതും അവതരിപ്പിച്ചതും.
അതുകൊണ്ട് തന്നെയാണ് വിന്റേജ് ലാലേട്ടനോട് ആരാധകർക്ക് പ്രിയം കൂടുതൽ. ജന്മസിദ്ധമായി മോഹൻലാലിന് അഭിനയിക്കാനുള്ള വരം കിട്ടിയിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകൾ കാണുമ്പോൾ തന്നെ സിനിമാപ്രേമികൾക്ക് വ്യക്തമാകും.
എൺപത്, തൊണ്ണൂറ് കാലഘട്ടത്തിലെ മോഹൻലാൽ സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് സിനിമകളാണ് അധിപനും മൂന്നാം മുറയും. ഇപ്പോഴും പാർവതിയോട് പ്രണയം പറയാൻ മോഹൻലാലിന്റെ കഥാപാത്രം നടത്തുന്ന പരാക്രമങ്ങൾ റീൽസായി പലരും റിക്രിയേറ്റ് ചെയ്യാറുണ്ട്. മാസും ആക്ഷനും പ്രണയവും എല്ലാം കൂടി കലർന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയത് ജഗദീഷായിരുന്നു.

സംവിധാനം കെ.മധുവും. അതുപോലെ തന്നെ മോഹൻലാലിന്റെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായ മുന്നാംമുറയും മധുവിന്റെ സംവിധാനത്തിൽ പിറന്നതാണ്. മൂന്നാംമുറ റിലീസ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇത്ര മനോഹരമായി കിഡ്നാപ്പിങും അതിന്റെ റെസ്ക്യൂ മിഷനും പ്രമേയമാക്കി മികച്ച ഒരു ചിത്രം മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടില്ല.
എസ്.എൻ സ്വാമിയുടെ തിരക്കഥയും കെ.മധു വിന്റെ സംവിധാന മികവ് കൂടിയായപ്പോൾ ലാലേട്ടന്റെ കരിയറിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൊന്നായി മാറി ഇതിലെ അലി ഇംറാൻ എന്ന കഥാപാത്രം.
ആ വർഷമിറങ്ങിയ മലയാള ചിത്രങ്ങളിൽ റെക്കോർഡ് ഓപ്പണിങ്ങ് കലക്ഷൻ കിട്ടിയ ചിത്രവും ഇതായിരുന്നു. മോഹൻലാലിന് പുറമെ സുകുമാരൻ, സുരേഷ് ഗോപി, ബാബു ആന്റണി, മുകേഷ്, ലാലു അലക്സ്, വിജയ രാഘവൻ തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു.
ഇതിലെ ബാബു ആന്റണിയുടെ ഇൻട്രൊ സീനിലുള്ള കാണുമ്പോൾ പ്രേക്ഷകന് ഒരു അത്ഭുതമായിരുന്നു. ഇതിലെ റെസ്ക്യൂ മിഷനും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൂടെയായപ്പോൾ സിനിമ കാഴ്ചക്കാരനെ അതിശയിപ്പിച്ചു. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ചെയ്ത അധിപൻ, മൂന്നാംമുറ എന്നീ സിനിമകളെ കുറിച്ച് കെ.മധു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

അധിപനിലെ മോഹൻലാലിന്റെ കോമഡി രംഗങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ സിനിമയിലേതിനേക്കാൾ കൂടുതൽ തമാശ ലാൽ അല്ലാതെ പറയും എന്നാണ് കെ.മധു പറയുന്നത്. 'ഞാൻ ഒരുപാട് കോമഡി ആസ്വദിക്കുകയും പറയുകയും ചെയ്യുന്നയാളാണ്. അതുകൊണ്ട് തന്നെ എന്നോട് ഒപ്പം പ്രവർത്തിച്ചവർ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് കോമഡി സിനിമ എടുക്കാത്തതെന്ന്.'
'സെറ്റിൽ ഞാൻ അത്രത്തോളം ജോവിയലാണ്. മോഹൻലാലിനെ എനിക്ക് നേരത്തെ മുതൽ അറിയാം. മമ്മൂട്ടിയെ കാണാൻ വിശ്വംഭരൻ സാറിന്റെ സെറ്റിൽ ചെന്നപ്പോൾ മോഹൻലാൽ അവിടെ ഉണ്ടായിരുന്നു. തിരിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോൾ ലാൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു.'
'ഒരു പുത്തൻ ഫിയറ്റ് കാർ ലാൽ അപ്പോൾ വാങ്ങിയതെ ഉണ്ടായിരുന്നുള്ളു. അതിലായിരുന്നു യാത്ര. മോഹൻലാൽ സിനിമയിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ തമാശ അല്ലാതെ പറയുന്നയാളാണ്. അതുകൊണ്ട് തന്നെ അധിപനിലെ കോമഡി രംഗങ്ങൾ മോഹൻലാൽ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതിനുശേഷം ലാലിനൊപ്പം ചതുരംഗം ചെയ്തിരുന്നു ഞാൻ.'
'അതുപോലെ മൂന്നാംമുറയും ചെയ്തിരുന്നു. എന്റെ മൂന്ന് സിനിമകളിലും മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളാണ് ലാൽ ചെയ്തത്. മൂന്നാം മുറയ്ക്ക് ശേഷമാണ് എന്റെ എല്ലാ സിനിമയിലും ടെയിൽ എൻഡ് ഉണ്ടായത്. മൂന്നാംമുറയുടെ ക്ലൈമാക്സിൽ ലാൽ സ്റ്റെപ്പ് കയറി പോകുന്നിടത്ത് വെച്ച് അവസാനിപ്പിച്ചപ്പോൾ പൂർണതയില്ലാത്ത പോലെ പലർക്കും തോന്നിയിരുന്നു. അതുകൊണ്ടാണ് പിന്നീട് അങ്ങോട്ട് ടെയിൽ എൻഡ് വെച്ച് തുടങ്ങിയത്', എന്നുമാണ് കെ.മധു പറഞ്ഞത്.


Click it and Unblock the Notifications











