'സുകുമാരന്റെ ലാളിത്വം പൃഥ്വിരാജിനില്ല, അദ്ദേഹത്തിന്റെ സ്വഭാവം ഗുണം കണ്ടിട്ടുള്ളത് ഇന്ദ്രജിത്തിൽ'; സംവിധായകൻ
എം.ടി വാസുദേവൻ നായരുടെ നിർമ്മാല്യത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുകയും പിന്നീട് കരുത്തുറ്റ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി സൂപ്പസ്റ്റാർ ലെവലിലേക്ക് ഉയരുകയും ചെയ്ത നടനാണ് സുകുമാരൻ. ജയനും നസീറുമൊക്കെ കത്തി നിന്നിരുന്ന മലയാളം സിനിമയിൽ സുകുമാരൻ തന്റേതായ ഒരു പാതയുണ്ടാക്കി.
അഭിനയ ശേഷികൊണ്ടും സ്വതസിദ്ധമായ സംഭാഷണ ശൈലി കൊണ്ടും അദ്ദേഹം മലയാള സിനിമയിൽ മെല്ലെ മെല്ലെ ഒരു താരമായി ഉയർന്ന് വന്നു. നായകൻ എന്നോ വില്ലൻ എന്നോ മാറ്റി നിർത്താൻ ആകാത്ത വിധം അഭിനയശേഷി ആവശ്യമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തി.
ഇന്നത്തെ ഇന്ദ്രജിത്തിന്റെ ശൈലി കാണുമ്പോൾ പഴയ സുകുമാരനെ ഓർമ്മ വരുമെന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. വില്ലനാണെങ്കിലും നായകനാണെങ്കിലും കോമഡിയാണെങ്കിലും സീരിയസ് ആണെങ്കിലും ആ കൈകളിൽ ഭദ്രമായിരിക്കും.
1971ലെ രാത്രിവണ്ടി എന്ന ചിത്രത്തിൽ തുടങ്ങി 1997ലെ വംശം വരെ എത്തി നിന്ന അഭിനയ സപര്യയിൽ മലയാളിക്ക് മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം രംഗമൊഴിഞ്ഞത്.

അവളുടെ രാവുകൾ, കോളിളക്കം, അങ്ങാടി, സ്ഫോടനം, ബന്ധനം, വിറ്റ്നസ്, കോട്ടയം കുഞ്ഞച്ചൻ, സേതുരാമയ്യർ സിബിഐ സീരീസ് എന്നിവ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ്. 1997 ജൂൺ 16ന് നാൽപ്പത്തിയൊമ്പതാം വയസിലുണ്ടായ ഹൃദയാഘാതം മൂലമാണ് സുകുമാരനെന്ന പ്രതിഭയെ മലയാളത്തിന് നഷ്ടമായത്.
ഇപ്പോഴിതാ സുകുമാരനെ കുറിച്ച് സംവിധായകൻ കല്ലയം കൃഷ്ണദാസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സുകുമാരനുമായി വളരെ നല്ലൊരു സൗഹൃദം കല്ലയം കൃഷ്ണദാസിന് ഉണ്ടായിരുന്നു.
തനിക്ക് പെൻഷൻ ലഭിക്കാൻ പോലും കാരണക്കാരൻ സുകുമാരനായിരുന്നുവെന്നാണ് കല്ലയം കൃഷ്ണദാസ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. 'സുകുമാരനെ വെച്ച് ഞാൻ നാല് സിനിമകൾ ചെയ്തിട്ടുണ്ട്. അതിന് ശേഷം അദ്ദേഹം സൂപ്പർസ്റ്റാറായി. വൈകിട്ട് ആറ് മണി കഴിഞ്ഞാൽ ഷൂട്ട് നിർത്തി സുകുമാരൻ പോകും. അങ്ങനെയാണ് സാധരണ ചെയ്യാറുള്ളത്.'
'എന്നാൽ എന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ വൈകിട്ട് ആറ് മണിക്ക് പോകാൻ അദ്ദേഹം നിർബന്ധം പിടിച്ചിട്ടില്ല. എപ്പോൾ ഷൂട്ട് തീരുന്നുവോ അപ്പോഴാണ് അദ്ദേഹം പോയിട്ടുള്ളത്. നന്ദിയും വ്യക്തിത്വവും സുകുമാരനുണ്ട്. കുടുംബത്തിൽ പിറന്നവനാണ്. പൈസ എല്ലാവരോടും കണക്ക് പറഞ്ഞ് വാങ്ങാറുണ്ട്. പക്ഷെ എന്നോട് അതും ചെയ്തിട്ടില്ല സുകുമാരൻ.'

'ഒരു കാലത്ത് മമ്മൂട്ടിയെക്കാൾ വലിയ സ്റ്റാറായിരുന്നു സുകുമാരൻ. അന്നും എന്നെ വിളിച്ച് സംസാരിക്കുമായിരുന്നു. മല്ലിക എന്റെ ഭാര്യയുടെ സുഹൃത്താണ്. പ്രശസ്തി വന്നപ്പോഴും സുകുമാരന്റെ സ്വഭാവം മാറിയില്ല. പുള്ളികാരണം എനിക്ക് പെൻഷൻ വരെ കിട്ടി. അദ്ദേഹമാണ് സെക്രട്ടറിയേറ്റിൽ കൊടുക്കാൻ കത്തൊക്കെ എഴുതി തന്നത്.'
'ഇത്തരം സ്വഭാവം കൊണ്ടാണ് സുകുമാരൻ കുടുംബത്തിൽ പിറന്നവനാണെന്ന് ഞാൻ പറഞ്ഞത്. അന്ന് സുകുമാരൻ മുൻകൈ എടുത്തില്ലായിരുന്നുവെങ്കിൽ പെൻഷൻ കിട്ടില്ലായിരുന്നു. നസീർ കഴിഞ്ഞാൽ പിന്നെ ലാളിത്വമുള്ള സൂപ്പർസ്റ്റാർ സുകുമാരനാണ്. അദ്ദേഹത്തെ പോലൊരു വ്യക്ത്വത്തെ വേറെ കണ്ടിട്ടില്ല. സുകുമാരന്റെ ഡിറ്റോയാണ് മകൻ ഇന്ദ്രജിത്ത്.'
'സുകുമാരന്റെ ലാളിത്വം പൃഥ്വിരാജിനില്ല. സുകുമാരൻ വളരെ രസികനാണെന്നും', കല്ലയം കൃഷ്ണദാസ് പറയുന്നു. ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ.
ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അതുകൊണ്ട് തന്നെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്ന് നെഞ്ചിലേറ്റി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ സുകുമാരന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കോളേജ് അധ്യാപകനായിട്ടായിരുന്നു.


Click it and Unblock the Notifications