'എൻ്റെ ഒടിയന്റെ ഏഴയലത്ത് എത്തില്ല മോഹൻലാലിന്റെ സിനിമ, മോഹൻലാൽ ചെയ്തതുകൊണ്ട് കുറച്ചുപേർ കണ്ടു'; കൃഷ്ണദാസ്!
വലിയ പ്രതീക്ഷയോടെ തിയേറ്ററിലേക്ക് എത്തിയ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയ സിനിമയായിരുന്നു 2018ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ഒടിയൻ. ഒടിയൻ ഒരു ചീട്ട് കൊട്ടാരമായിരുന്നുവെന്നും സിനിമ കണ്ട് കഴിഞ്ഞപ്പോൾ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി പോയി എന്നൊരു തോന്നലാണ് ഉണ്ടായതെന്നുമാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറഞ്ഞത്.
സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഓരോ അപ്ഡേറ്റിനുമായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഒടിയൻ എന്ന കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച് വലിയ മേക്കോവറുകൾ മോഹൻലാൽ നടത്തുകയും ചെയ്തിരുന്നു.
വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ഒടിയൻ. ഇന്നും വി.എ ശ്രീകുമാറിനെ ഒടിയൻ സിനിമ ചെയ്തതിന്റെ പേരിൽ പരിഹസിക്കാറുണ്ട്. നല്ലൊരു അഭിനേതാവിനെ കൈയ്യിൽ കിട്ടിയിട്ടും നന്നായി അദ്ദേഹത്തെ ഉപയോഗിക്കാൻ കഴിയാതെ സിനിമ നശിപ്പിച്ചുവെന്നാണ് അന്ന് പലരും വി.എ ശ്രീകുമാറിനെ കുറ്റപ്പെടുത്തി പറഞ്ഞത്.
മഞ്ജു വാര്യരായിരുന്നു ചിത്രത്തിൽ നായിക. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.

വടക്കന്‍ കേരളത്തില്‍ പണ്ട് കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ എന്ന സങ്കല്‍പത്തെ ആധാരമാക്കിയാണ് ചിത്രം ഇറങ്ങിയത്. സിനിമയുടെ രചന നിര്‍വഹിച്ചത് ഹരികൃഷ്ണനാണ്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രം നിരൂപക പ്രശംസ നേടിയില്ലെങ്കിലും ആദ്യ പതിനാല് ദിവസം കൊണ്ടുതന്നെ അമ്പത്തിനാല് കോടി രൂപ ആഗോളതലത്തില്‍ നേടിയിരുന്നു.
ഉത്തര്‍പ്രദേശിലെ വാരണാസി, പാലക്കാട്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസമാണ് വേണ്ടിവന്നത്.
സിനിമയിൽ മഞ്ജു വാര്യർ പറയുന്ന മാണിക്യ... കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് ഇപ്പോഴും ട്രോളുകളിലും മീമുകളിലും സജീവമാണ്. പഴയകാല സംവിധായകനായ കല്ലയം കൃഷ്ണദാസ് ഒരു കാലത്ത് ഒടിയന്റെ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
അന്ന് തന്റെ കയ്യിലുള്ള ഒടിയന്റെ കഥ സിനിമയാക്കിയിരുന്നെങ്കിൽ മോഹൻലാലിന്റെ ഒടിയനെക്കാൾ പണം വാരുമായിരുന്നുവെന്നാണ് കൃഷ്ണദാസ് അടുത്തിടെ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തൻ്റെ ഒടിയന്റെ ഏഴയലത്ത് എത്തില്ല മോഹൻലാലിന്റെ സിനിമയെന്നും കല്ലയം കൃഷ്ണദാസ് പറയുന്നു.

'ഞാൻ തയ്യാറാക്കി വെച്ചിരിക്കുന്ന കഥയായിരിക്കുമോ മോഹൻലാലിന്റെ ഒടിയന്റെ കഥയെന്ന് സിനിമ പ്രഖ്യാപിച്ച സമയത്ത് എനിക്കൊരു ടെൻഷനുണ്ടായിരുന്നു. പക്ഷെ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. എന്റെ കയ്യിലുള്ള ഒടിയന്റെ കഥ സിനിമയാക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റാകുമായിരുന്നു. ആ കഥ പറഞ്ഞപ്പോൾ തന്നെ അന്ന് എല്ലാവർക്കും ഇഷ്ടപ്പെടുകയും അത്ഭുതം തോന്നുകയും ചെയ്തിരുന്നു.'
'തമിഴിൽ ചെയ്യാൻ വരെ പലർക്കും പ്ലാനുണ്ടായിരുന്നു. നീതിക്കും ന്യായത്തിനും വേണ്ടി നിൽക്കുന്ന ചെറുപ്പക്കാരൻ ഒടിയൻ വിദ്യ പഠിക്കുന്നതും മറ്റുമായിരുന്നു സിനിമയുടെ കഥ. മോഹൻലാലിന്റെ ഒടിയൻ തിയേറ്ററിൽ പോയി കണ്ടിരുന്നു. കോമേഷ്യലായി ചെയ്തിരിക്കുന്ന ഒരു സിനിമയായിട്ടാണ് തോന്നിയത്.'
'എന്റെ ഒടിയന്റെ ഏഴയലത്ത് വരില്ല. എന്റെ കയ്യിലുള്ള ഒടിയൻ വെറുതെ കളിച്ചാൽ മോഹൻലാലിന്റെ ഒടിയന്റെ എട്ടിരട്ടി സമ്പാദിക്കാൻ സാധിക്കുമായിരുന്നു. മോഹൻലാൽ മഹാനടനാണ്. അദ്ദേഹത്തെ സിനിമയിൽ ശരിയായി ഉപയോഗിച്ചിട്ടില്ല. ഒരുപാട് ടെക്നിക്കൽ മിസ്റ്റേക്കും സിനിമയ്ക്ക് വന്നിട്ടുണ്ട്. തിരക്കഥയും പോരായിരുന്നു. മോഹൻലാൽ അഭിനയിച്ചതുകൊണ്ടാണ് കുറച്ചുപേരെങ്കിലും കണ്ടതെന്നും', കല്ലയം കൃഷ്ണദാസ് പറയുന്നു.
ഒടിയന്റെ റിലീസിന് ശേഷം മോഹൻലാൽ ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ദൃശ്യം 2, ലൂസിഫർ എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് വിജയം നേടിയത്.


Click it and Unblock the Notifications