അന്ന് മമ്മൂക്കയ്ക്ക് ദേഷ്യം വന്നു; ശോഭനയുടെ കാര്യത്തിൽ തൃപ്തിയില്ലായിരുന്നു; സംവിധായകൻ കമലിന്റെ വാക്കുകൾ
കമൽ ചിത്രങ്ങൾക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച കാലഘട്ടം മലയാള സിനിമയിലുണ്ടായിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്ക് കരിയറിൽ മികച്ച ഒരുപിടി കഥാപാത്രങ്ങൾ നൽകിയത് കമലാണ്. മമ്മൂട്ടി-കമൽ കൂട്ടുകെട്ട് എന്നും ജനപ്രിയമായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ടിലുണ്ടായ സിനിമകളിലൊന്നാണ് 1995 ൽ പുറത്തിറങ്ങിയ മഴയെത്തും മുൻപേ. ഈ സിനിമയെക്കുറിച്ച് ഒരിക്കൽ കമൽ പങ്കുവെച്ച ഓർമകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ ചില ഓർമകൾ അന്ന് കമൽ പങ്കുവെച്ചു. വളരെ ജോളിയായാണ് ഷൂട്ടിംഗ് മുന്നോട്ട് പോയത്. എസ് കുമാറാണ് ക്യാമറമാൻ. അദ്ദേഹം ടെലി ലെൻസിട്ട് സൂമിലാണ് എല്ലാ ഷോട്ടും എടുക്കുക. പുള്ളി ക്യാമറ കൊണ്ട് പോയി വളരെ ദൂരെ വെക്കും. അന്ന് എച്ച്എംഐ ലെെറ്റാണ്. അടുത്ത് വെച്ചാൽ നല്ല ചൂടുണ്ടാകും. ഈ ലെെറ്റ് മമ്മൂക്കയുടെ തൊട്ടടുത്ത് കൊണ്ട് പോയി വെച്ചു. ക്യാമറ കുറേ ദൂരെയാണ്. മമ്മൂക്കയ്ക്ക് ദേഷ്യം വന്നു. ലൈറ്റ് മുഖത്തേക്കടിച്ചു. ഭയങ്കര ചൂടും. നിങ്ങൾ ഈ ക്യാമറ കൊണ്ട് പോയി ഏത് ലോകത്താണ് വെക്കുന്നതെന്ന് ചോദിച്ചു. പറഞ്ഞ ഭാഷ വേറെയാണ്. അത് പറയുന്നില്ലെന്ന് കമൽ ചിരിയോടെ ഓർത്തു.

അതേസമയം മമ്മൂട്ടിയുടെ ദേഷ്യം പെട്ടെന്ന് പോയെന്നും കമൽ പറയുന്നു. ഷോട്ടെടുത്ത് കഴിഞ്ഞ് ക്യാമറമാന്റെ തോളിൽ കയ്യിട്ട് ഞാൻ വെറുതെ പറഞ്ഞതാണ്, എനിക്കറിയാം നീ നന്നായി ഷോട്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞെന്നും കമൽ ചൂണ്ടിക്കാട്ടി. മമ്മൂട്ടി വളരെ നന്നായി സഹകരിച്ച സിനിമയാണ് മഴയെത്തും മുമ്പേയെന്നും സംവിധായകൻ ഓർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമൽ.
ആനി, ശോഭന എന്നിവരാണ് മഴയെത്തും മുൻപേയിൽ നായികമാരായത്. ഇതേക്കുറിച്ചും കമൽ സംസാരിച്ചിട്ടുണ്ട്. ശോഭന നായികയാകുന്നതിൽ മമ്മൂട്ടിക്ക് പൂർണ സമ്മതം ഇല്ലായിരുന്നെന്ന് കമൽ അന്ന് പറഞ്ഞു. കാസ്റ്റിംഗിൽ ഞങ്ങൾ ആദ്യമേ ശോഭനയുടെ പേര് പറഞ്ഞു. ഞാനും ശോഭനയും കുറേ സിനിമയിൽ ഒരുമിച്ചായി വേറെയേതെങ്കിലും നടിയെ ഇടെന്ന് മമ്മൂക്ക പറഞ്ഞു. കുറേ നടികളുടെ പേരും പറഞ്ഞു.

എന്നാൽ ഡാൻസറുടെ ഈ റോൾ ചെയ്യാൻ ശോഭന തന്നെയാണ് ഉചിതമെന്ന് താൻ തീരുമാനിച്ചെന്ന് കമൽ പറയുന്നു. മമ്മൂക്കയ്ക്ക് അത്ര തൃപ്തിയുണ്ടായിരുന്നില്ല. ഒരുമിച്ച് കുറേ സിനിമ ചെയ്തത് കൊണ്ട് മാത്രമാണതെന്നും കമൽ അന്ന് ചൂണ്ടിക്കാട്ടി. ശോഭനയ്ക്ക് മഴയെത്തും മുൻപേയിൽ ആനിയേക്കാൾ പ്രാധാന്യം കുറഞ്ഞ റോളാണ്. എന്നാൽ നടിക്ക് ഇതിൽ എതിർപ്പൊന്നുമില്ലായിരുന്നെന്നും കമൽ ഓർത്തു. ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായി ഞാൻ കാണുന്നു.
കാരണം അവർക്ക് അവരെക്കുറിച്ച് നല്ല കോൺഫിഡൻസുണ്ട്. രണ്ട് സീനായാലും തന്റെ പെർഫോമൻസ് എങ്ങനെയായിരിക്കുമെന്ന ധാരണയുണ്ട്. ആ കോൺഫിഡൻസുള്ള ആക്ടറായാണ് എനിക്കെന്നും ശോഭനയെ തോന്നിയിട്ടുള്ളത്. അത് കൊണ്ട് വലിയ ബഹുമാനം ശോഭനയോടുണ്ടെന്നും കമൽ വ്യക്തമാക്കി. ശോഭന-മമ്മൂട്ടി കോമ്പിനേഷനിൽ വീണ്ടുമാെരു സിനിമ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം മോഹൻലാലിനൊപ്പം തുടരും എന്ന സിനിമയിൽ ശോഭന അഭിനയിച്ചു. ഈ സിനിമ ഈ വർഷം റിലീസ് ചെയ്യും. തൊണ്ണൂറുകളിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായിരുന്നു ശോഭന. സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോൾ താരം.


Click it and Unblock the Notifications











