മറ്റൊരു നടിയും ചെയ്യാത്തതാണ് അന്ന് അംബിക ചെയ്തത്! സൂപ്പര്‍ നായികമാരെ കുറിച്ച് സംവിധായകന്‍ കമല്‍
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍. ഇതിനിടെ പഴയ കാലത്തെ താരങ്ങളെ കുറിച്ച് കമല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറാലാവുന്നത്. ഇന്നത്തെ താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ അന്നത്തെ സൂപ്പര്‍താരങ്ങള്‍ പോലും ചെയ്തിരുന്നുവെന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്.
നടിമാരായ രേവതിയുടെയും അംബികയുടെയുമൊക്കെ കൂടെ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങളാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ കമല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലേക്ക് നായികയായി രേവതിയെയാണ് തീരുമാനിച്ചത്. അവര്‍ കഥ കേള്‍ക്കുകയും സമ്മതിക്കുകയും ചെയ്തു. ശേഷം കഥാപാത്രമെങ്ങനെയാണെന്ന് പറഞ്ഞ് കൊടുത്തു. രേവതി അത് കേട്ടിട്ട് കോസ്റ്റിയൂം ധരിച്ച് വരാമെന്ന് പറഞ്ഞ് പോയി. പിന്നീട് അവര്‍ എന്നെ വിളിച്ചിട്ട് കോസ്റ്റിയൂം ഇട്ടിട്ടുണ്ട്, കാണാന്‍ വരാമെന്ന് പറഞ്ഞു.
അന്ന് അവര്‍ കാറില്‍ വന്നിറങ്ങിയത് ഞങ്ങള്‍ മനസില്‍ കണ്ട കഥാപാത്രമെങ്ങനെയാണോ അതുപോലെയായിരുന്നു. കഥാപാത്രത്തിന് വേണ്ടി അത്രത്തോളം ആത്മാര്‍ഥത കാണിക്കാന്‍ രേവതിയ്ക്ക് സാധിച്ചിരുന്നു. അതുപോലെയാണ് നടി അംബികയും. പുതിയ കാലത്ത് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ അംബികയെയും രേവതിയെയുമാണ് ഉദ്ദാഹരണമായി പറയുന്നതെന്ന് കമല്‍ പറയുന്നു.
രേവതിയാണ് ആ ചിത്രത്തിലെ നായിക. അംബിക രേവതിയുടെ സഹോദരിയുടെ വേഷമാണ് ചെയ്യുന്നത്. അന്ന് താരത്തിന്റെ മാര്‍ക്കറ്റ് വാല്യൂ നോക്കുകയാണെങ്കില്‍ മലയാളത്തിലേക്കാളും തമിഴില്‍ അംബികയാണ് മുന്നില്‍. അങ്ങനെയുള്ളപ്പോള്‍ കാക്കോത്തിക്കാവില്‍ അംബിക ചെയ്യുന്നത് വളരെ ചെറിയൊരു റോളാണ്. കഥാപാത്രത്തിനെ കുറിച്ചും ഡേറ്റും പറഞ്ഞപ്പോള്‍ അംബിക അതിന് തയ്യാറാണെന്നാണ് പറഞ്ഞത്.
അതിന് ശേഷം രജനികാന്തിന്റെ ലൊക്കേഷനില്‍ നിന്നാണ് നടി നമ്മുടെ ലൊക്കേഷനിലേക്ക് വരുന്നത്. രജനിയുടെ പടത്തിലെ നായികയായിരുന്നു അംബിക. മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി പന്ത്രണ്ട് ദിവസത്തെ ഡേറ്റാണ് എനിക്ക് തന്നിരിക്കുന്നത്. അത് കഴിഞ്ഞ് ചെന്നാല്‍ അംബിക കമല്‍ ഹാസന്റെ കൂടെയാണ് നായികയായി അഭിനയിക്കുന്നത്.

അക്കാലത്തും സൂപ്പര്‍താരങ്ങളായി നില്‍ക്കുന്ന കമല്‍ ഹാസന്റെയും രജനികാന്തിന്റെയും നായികയായി അഭിനയിക്കുന്ന നടി നമ്മുടെ സിനിമയില്‍ ചെറിയൊരു വേഷം ചെയ്യാന്‍ വരികയാണ്. ഇപ്പോഴാണെങ്കില്‍ ഒരു താരങ്ങളും അതിന് സമ്മതിക്കില്ല. പുതിയ കാലത്തിന്റെ പ്രശ്‌നമായിരിക്കാം. എന്റെ കഥാപാത്രമെന്താണ്? എനിക്കെന്താണ് സ്‌ക്രീന്‍ സ്‌പേസ്, എത്രമാത്രം പ്രധാന്യം അതിനുണ്ട്, എന്നൊക്കെ താരങ്ങള്‍ വിചാരിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ മാറി.
അന്ന് അങ്ങനെയല്ല. ഒരു മുഴുവന്‍ സിനിമയെയാണ് നോക്കുക. എന്റേത് ചെറിയ റോളാണെങ്കിലും ആ സിനിമയുടെ ഭാഗമായല്ലോ എന്നാണ് ആര്‍ട്ടിസ്റ്റുകളും ചിന്തിക്കുക. പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നടി ശോഭനയും ഇതുപോലെ ചെറിയ റോളില്‍ അഭിനയിക്കാന്‍ തയ്യാറായിട്ടുണ്ട്. ആ കാലഘട്ടത്തിന്റെ പ്രധാന കാര്യം ഇതാണ്.
അംബികയ്ക്ക് വേണമെങ്കില്‍ ആ സിനിമയില്‍ അഭിനയിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ നടി അതില്‍ വരികയും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ അഭിനയിച്ചിട്ട് പോവുകയും ചെയ്തു. രേവതിയും അതുപോലെയാണ്. പ്രതിഫലത്തിന്റെ കാര്യത്തിലോ മറ്റ് എന്തിനാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നു.


Click it and Unblock the Notifications











