സിനിമ കണ്ട സ്ത്രീകൾ ഷോക്കായി; മഞ്ഞ് പോലൊരു പെൺകുട്ടിയിൽ നായികയെ കണ്ടെത്തിയങ്ങനെ; കമൽ
മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനാണ് കമൽ. പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ഒരുപിടി സിനിമകൾ ഇദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. സൂപ്പർതാരങ്ങളുടെ കരിയറിൽ പുരസ്കാരങ്ങളും ജനപ്രീതിയും നേടിക്കൊടുത്ത ഒരുപിടി സിനിമകൾ കമൽ സമ്മാനിച്ചു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പാവം പാവം രാജകുമാരൻ, അഴകിയ രാവണൻ, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2004 ൽ പുറത്തിറങ്ങിയ കമൽ ചിത്രമാണ് മഞ്ഞ് പോലൊരു പെൺകുട്ടി. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് കമൽ.
സിനിമയിൽ കേന്ദ്ര കഥാപാത്രം ചെയ്തത് അമൃത പ്രകാശാണ്. ഈ പുതുമുഖത്തെ സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് കമൽ സംസാരിച്ചു. കുറേ പോരെ ഓഡിഷൻ ചെയ്തെങ്കിലും നടന്നില്ല. പോപ്പി കുടയുടെ പരസ്യം വരും. അതിൽ ടീനേജിലുള്ള കുട്ടിയുണ്ട്. അന്വേഷിച്ചപ്പോൾ ബോംബെയിലെ കുട്ടിയാണെന്ന് പറഞ്ഞു. അമതൃ പ്രകാശ് എന്നാണ് കുട്ടിയുടെ പേര്. അവൾക്ക് മലയാളം അറിയില്ല. പക്ഷെ നിഷ്കളങ്കമായ മുഖമുണ്ട്. ഒരു കാര്യവും അവൾക്ക് അറിയില്ല.
ഈ കുട്ടിയെ കൊണ്ട് ചെയ്യിക്കാൻ പറ്റുമെന്ന് വിശ്വാസമുണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് നടി സിനിമയിലെത്തിയതെന്ന് കമൽ വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം. മഞ്ഞ് പോലൊരു പെൺകുട്ടി റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ സ്വീകരിച്ചില്ലെന്നും കമൽ പറയുന്നു. അന്ന് എന്റെ സിനിമകൾക്ക് കൂടുതലും കുടുംബ പ്രേക്ഷകരാണ്. സ്ത്രീകളാണ് സിനിമ കാണാൻ കൂടുതലും വരുന്നത്. ഇങ്ങനെയൊരു സിനിമ അവരാരും പ്രതീക്ഷിക്കുന്നില്ല.
ടീനേജ് കുട്ടികളാണ് അതിൽ അഭിനയിക്കുന്നത്. സിനിമ തുടങ്ങി ആദ്യത്തെ രണ്ട് മൂന്ന് സീൻ കഴിഞ്ഞപ്പോൾ സ്ത്രീകൾ ആകെ ഷോക്കായി. കാരണം അങ്ങനെ ഒരു തീം അവരാരും പ്രതീക്ഷിക്കുന്നില്ല. ഒരുപക്ഷെ മലയാള സിനിമയിൽ ചൈൽഡ് അബ്യൂസുമായി ബന്ധപ്പെട്ട് വന്ന ആദ്യത്തെ തീം ആണതെന്ന് കരുതുന്നു. ഒരു പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ നിന്നും ലൈംഗിക ചൂഷണം അനുഭവിക്കേണ്ടി വരുന്നു എന്നത് സ്ക്രീനിൽ കാണാൻ ആഗ്രഹിച്ചിരുന്നില്ല.

20 വർഷങ്ങൾക്ക് ശേഷമാണ് ആ സിനിമ ഇറങ്ങുന്നതെങ്കിൽ ഇപ്പോൾ ആൾക്കാർ വളരയെധികം സ്വീകരിക്കുമായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കാര്യമല്ലേ. ബന്ധുക്കളിൽ നിന്നും ഇത്തരം ചൂഷണം നടക്കുന്നത് എന്നും വാർത്തയാണ് ഇന്ന്. അന്നും ഇത്തരം കാര്യങ്ങൾ വീടുകളിൽ നടക്കുന്നുണ്ട്. പക്ഷെ അന്ന് എല്ലാവരും അത് ഒളിക്കുന്ന കാലഘട്ടമാണത്.
ആ അസ്വസ്ഥത ആയിരിക്കാം സ്ത്രീ പ്രേക്ഷകർ എന്നോട് പറഞ്ഞത്. കമലിൽ നിന്നും ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ലെന്ന് പലരും തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും കമൽ വ്യക്തമാക്കി. സുരേഷ് കൃഷ്ണ, ഭാനുപ്രിയ, ഷംന കാസിം, ലാലു അലക്സ് തുടങ്ങിയവരാണ് മഞ്ഞ് പോലൊരു പെൺകുട്ടിയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. അമൃത പ്രകാശിനെ പിന്നീട് മലയാള സിനിമകളിൽ കണ്ടിട്ടില്ല. സംവിധാന രംഗത്ത് കമൽ ഇപ്പോഴും സജീവമാണ്.


Click it and Unblock the Notifications