ആ സിനിമ ഇറങ്ങിയതിന് പിന്നാലെ ശ്രീനിവാസനെ കൊല്ലാൻ നടന്നയാൾ; കാരണമിത്; കമൽ പറയുന്നു
നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ഖ്യാതി നേടാൻ ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ വലച്ചെങ്കിലും സിനിമാ രംഗത്ത് ഇന്നും ശ്രീനിവാസൻ സാന്നിധ്യമറിയിക്കുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. മോഹൻലാൽ കേണൽ പദവി ചോദിച്ച് വാങ്ങുകയായിരുന്നെന്നും ശ്രീനിവാസൻ തുറന്നടിച്ചു. പത്മശ്രീ സരോജ് കുമാർ എന്ന സിനിമയിലെ രംഗം മോഹൻലാലിനെ സൂചിപ്പിച്ചുള്ളതാണെന്നും ശ്രീനിവാസൻ തുറന്ന് പറഞ്ഞത്.
ഉദയനാണ് താരം എന്ന സിനിമയിലെ എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചാണെന്നും ശ്രീനിവാസൻ തുറന്ന് പറഞ്ഞു. പരാമർശത്തെക്കുറിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ കമൽ. 1990 ൽ പുറത്തിറങ്ങിയ പാവം പാവം രാജകുമാരൻ എന്ന സിനിമയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കവെയാണ് കമൽ ശ്രീനിവാസനെ പരാമർശിച്ചത്.

ശ്രീനിവാസൻ തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായതും ശ്രീനിവാസൻ തന്നെയാണ്. ഒരു പെൺകുട്ടിയുടെ പേരിൽ പ്രേമ ലേഖനങ്ങളെഴുതി ശ്രീനിവാസനെ സുഹൃത്തുക്കൾ കബളിപ്പിക്കുന്നതാണ് പാവം പാവം രാജകുമാരന്റെ കഥ. ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് കമൽ കൗമുദി മൂവീവിൽ സംസാരിച്ചത്.

ഇദ്ദേഹത്തെ സുഹൃത്തുക്കളും കസിൻസും സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇതുപോലെ പറ്റിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥയാണ് ഞാൻ സിനിമയാക്കിയതെന്ന് പലരും വിശ്വസിച്ചു. ഞാനത് തിരുത്താനും പോയില്ല. അദ്ദേഹം മരിക്കുന്നത് വരെ അങ്ങനെ വിശ്വസിച്ചു എന്നാണ് തോന്നുന്നത്. ശ്രീനിവാസനും ഇതേ പോലെ ഒരു അനുഭവം ഈ സിനിമയുടെ പേരിലുണ്ടായെന്നും കമൽ പറയുന്നു.
ശ്രീനിവാസന്റെ സുഹൃത്ത് ശ്രീനിവാസനെ അന്വേഷിച്ച് കുറേക്കാലം നടന്നു. എന്റെ കഥ എന്നോട് പറയാതെ സിനിമായാക്കിയെന്നും ശ്രീനിയെ കൊല്ലുമെന്നും പറഞ്ഞാണ് അയാൾ നടന്നത്. മഴയത്തും മുൻപേയുടെ ഡിസ്കഷന്റെ സമയത്ത് ഒരാൾ ശ്രീനിവാസനെ അന്വേഷിച്ച് ഇടയ്ക്കിടെ വരും. അത് പഴയ കക്ഷിയാണ്, പാവം പാവം രാജകുമാരന്റെ കഥ ഞാനറിയാതെ സിനിമയാക്കി എന്ന് പറഞ്ഞ് വരുന്ന ആളാണെന്ന് ശ്രീനി. താൻ ഇവിടെയുണ്ടെന്ന് പറയേണ്ടെന്നും ശ്രീനിവാസൻ ഏൽപ്പിച്ചു.
ഇയാൾ ഇടയ്ക്കിടെ വന്ന് പോകും. ഒരു ദിവസം അയാളുടെ പേര് ചോദിക്കാൻ ശ്രീനിവാസൻ പറഞ്ഞു. ദാമോദരൻ എന്നോ മറ്റാേ ആണ് പേര്. പേര് കേട്ടപ്പോൾ അയാൾ മരിച്ചിട്ട് രണ്ട് വർഷമായല്ലോ എന്ന് ശ്രീനിവാസൻ. ഇനി ദാമോദരന്റെ പ്രേതമാണോ എന്ന് തങ്ങൾ ചോദിച്ചെന്നും കമൽ ഓർത്തു.


Click it and Unblock the Notifications