പച്ചത്തെറി വിളിക്കുന്നു; എന്നെ കെെകാര്യം ചെയ്യണമെന്ന്; നാദിർഷയുടെ സഹോദരനെതിരെ എംഎം നിഷാദ്
മലയാള സിനിമയിലെ യുവ താരങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായുള്ള ചർച്ചാ വിഷയം. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ സിനിമാ സംഘടനകൾ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾ പ്രേക്ഷകരറിഞ്ഞ് തുടങ്ങിയത്. സെറ്റിലെ മോശം പെരുമാറ്റം, നിർമാതാക്കൾക്ക് തലവേദന, ഉയർന്ന പ്രതിഫലം തുടങ്ങിയവയാണ് ഷെയ്നിനും ശ്രീനാഥ് ഭാസിക്കുമെതിരെ വന്നിരിക്കുന്ന ആരോപണം. നേരത്തെയും ഇരുവർക്കുമെതിരെ സംഘടനകൾ തിരിഞ്ഞിരുന്നു.
പിന്നാലെ മറ്റ് നടൻമാർക്കെതിരെയും ആരോപണം വന്നിരുന്നു. സംവിധായകൻ ജൂഡ് ആന്റണി നടൻ ആന്റണി വർഗീസിനെതിരെ ഉന്നയിച്ച ആരോപണമായിരുന്നു ഇതിലേറ്റവും കൂടുതൽ ചർച്ചയായത്. ആന്റണി വർഗീസ് 10 ലക്ഷം രൂപ അഡ്വാൻസായി വാങ്ങി സിനിമയിൽ നിന്ന് പിൻമാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. പിന്നാലെ ഈ വാദം തെറ്റാണെന്ന് പറഞ്ഞ് ആന്റണി വർഗീസ് രംഗത്ത് വന്നു.
ഇതിനിടെ സിനിമാ താരങ്ങൾക്കിടയിലെ ലഹരി ഉപയോഗവും ചർച്ചയായി. ബാബുരാജ്, ടിനി ടോം എന്നിവരാണ് ആ ആരോപണം പ്രധാനമായും ഉന്നയിച്ചത്. മലയാളത്തിലെ ഒരു പ്രമുഖന് വേണ്ടി എക്സൈസ് വകുപ്പ് കണ്ണടച്ചു എന്ന ആരോപണമാണ് ബാബുരാജ് ഉന്നയിച്ചത്. ഒരു പ്രമുഖ നടന് ലഹരി ഉപയോഗം മൂലം പല്ല് പൊടിഞ്ഞ് പോയിത്തുടങ്ങിയെന്നാണ് ടിനി ടോം പറഞ്ഞത്.

ആർക്കെതിരെയാണ് ആരോപണം എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ എംഎ നിഷാദ് രംഗത്ത് വന്നതും ചർച്ചയായി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ എംഎ നിഷാദ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ നാദിർഷയുടെ സഹോദരൻ തനിക്കെതിരെ തിരിഞ്ഞെന്ന് ഇദ്ദേഹം പറയുന്നു.
ഇവിടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ എന്നെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് മെസേജ് ഓടി നടക്കുന്നുണ്ട്. ഞാനിത്തരം കാര്യങ്ങളിൽ നിലപാടെടുക്കുന്നത് കൊണ്ടാണത്. തെളിവുകൾ ഉണ്ട്. ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കും. ഔദ്യോഗികമായ വാട്സാപ്പ് ഗ്രൂപ്പിലല്ല. നാദിർഷയുടെ അനിയൻ സമദ് ഉൾപ്പെടെയുള്ളവരാണ്. ഞാൻ പൊലീസിൽ പരാതിപ്പെടാൻ പോവുകയാണ്. എന്നെ പച്ചത്തെറി വിളിക്കുന്നു.
'എനിക്കിവരുമായി എന്തെങ്കിലും ബന്ധമുണ്ടോ. സിനിമ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ചാൻസ് ചോദിച്ചു. ഞാൻ പറഞ്ഞു വേറെ സ്ഥലത്ത് നിൽക്കുകയാണെന്ന്. ഞാൻ പറഞ്ഞ് സോൾവ് ചെയ്ത് വിട്ടതാണ്. ചെറുക്കൻ വെറുതെ ആവശ്യമില്ലാതെ ഇഷ്യൂ ഉണ്ടാക്കുന്നെന്ന് നാദിർഷയെ വിളിച്ച് പറഞ്ഞു. ഇതിൽ നാദിർഷ നിരപരാധിയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്,' എംഎ നിഷാദ് പറഞ്ഞു. യുവതാരങ്ങളുടെ അലംഭാവത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

'സിനിമയോട് കമ്മിറ്റ്മെന്റുണ്ടാവണം. ഒരു സിനിമ നടക്കുമ്പോൾ നൂറ് നൂറ്റമ്പത് കുടുംബങ്ങളാണ് കഴിഞ്ഞ് പോവുന്നത്. എല്ലാവരുടെയും സമയം മൂല്യമുള്ളതാണ്. ഒരു പ്രൊഡക്ഷൻ ബോയ് നാല് മണിക്ക് എഴുന്നേൽക്കണം. അവനും ഇല്ലേ പ്രശ്നങ്ങൾ,' എംഎ നിഷാദ് ചോദിച്ചു.
അമ്മയുൾപ്പെടെയുള്ള സംഘടനകൾ തന്റെ പരാതികളിൽ കൃത്യമായി ഇടപെട്ടിട്ടുണ്ട്. അമ്മയോട് എനിക്ക് ഒരു വിഷമം മാത്രമേ ഉള്ളൂ ഈ ടിനി ടോമിനെ പോലെയുള്ളവരെ ഇനി എത്രനാൾ സഹിക്കണമെന്നാണ്. ടിനി ടോം അമ്മയുടെ ഭാരവാഹിയാണ്. ഭാരവാഹിയായിട്ട് കൂടിയാണ് കൂടിയാലോചന ഇല്ലാതെ ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും എംഎ നിഷാദ് പറഞ്ഞു.
ആരോപണം ഉന്നയിച്ചെങ്കിലും ഇത് ആരാണെന്ന് ബാബുരാജോ ടിനി ടോമോ പറഞ്ഞിട്ടില്ല. ഇത് പല നടൻമാർക്ക് നേരെയും ആരോപണം ഉയരാൻ കാരണമായി. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് അമ്മ, ഫെഫ്ക സംഘടനകൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ ലോകത്തെ പ്രശന്ങ്ങളോരോന്നായി തുടരെ മറനീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











