പ്രതിഫലം വാങ്ങാതെ ചെയ്തതല്ല, മമ്മൂട്ടി സാറിന് അഞ്ച് ലക്ഷത്തിന് പുറമെ കൊടുത്തത്; അനുഭവം പങ്കുവെച്ച് ലിംഗുസാമി
മികച്ച തിരക്കഥകളും ഫിലിം മേക്കേർസിനെയും കണ്ടെത്തുന്നതിൽ നടൻ മമ്മൂട്ടി എന്നും മുന്നിലാണ്. മലയാളത്തിൽ വലിയ തിരക്കുള്ളപ്പോഴും തമിഴിൽ ശ്രദ്ധേയമായ ചില സിനിമകൾ മമ്മൂട്ടി ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് 2001 ൽ പുറത്തിറങ്ങിയ ആനന്ദം. എൻ ലിംഗുസാമി സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് നടൻ മുരളി, അബ്ബാസ്, രംഭ, സ്നേഹ, ദേവയാനി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ആനന്ദത്തിൽ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലിംഗുസാമിയിപ്പോൾ.
ഈ സിനിമ നന്നായി വന്നതിന് പ്രധാന കാരണം മമ്മൂട്ടിയാണെന്ന് ലിംഗുസാമി പറയുന്നു. അദ്ദേഹത്തോടുള്ള ഭയം പോകാൻ വേണ്ടി അബ്ബാസിനെയെല്ലാം കാറിൽ കൊണ്ട് പോകും. അവരോടൊപ്പം ഷട്ടിൽ കളിക്കും. ആദ്യം എന്നിലുള്ള ഭയം പോകണം, ഞാൻ ചേട്ടൻ, അവരെല്ലാം അനിയൻമാർ എന്ന മൂഡ് വരണം എന്ന് എന്നോട് പറഞ്ഞു. അദ്ദേഹം അവരോട് അടുത്തിടപഴകി. ആദ്യ സിനിമയായതിനാൽ എനിക്ക് ഭയമുണ്ടായിരുന്നു.

നന്നായി കഥ പറയുന്നുണ്ട്, പക്ഷെ കുറച്ച് ഭയമുണ്ടെന്ന് മമ്മൂട്ടി സർ മനസിലാക്കി. ആരും അറിയാതെ എന്റെയടുത്ത് വന്ന് അനിയാ, ആദ്യം ഇവരെ അഭിനയിപ്പിച്ച് നോക്ക്, അതിന് ശേഷം ക്യാമറ മൂവ്മെന്റെല്ലാം ഫിക്സ് ചെയ്യൂ എന്ന് പറഞ്ഞ് എന്നെ ഗൈഡ് ചെയ്തു. അതെനിക്ക് ഒരുപാട് ഗുണം ചെയ്തു. ഇന്നും ഞാൻ ആ രീതിയാണ് പിന്തുടരുന്നതെന്നും ലിംഗുസാമി വ്യക്തമാക്കി. ആനന്ദ വികടനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
അതേസമയം ഒരുപാട് വഴക്കുകളുണ്ടായിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. ബൃന്ദ സാറാണ് ഇടയിൽ നിന്ന് എന്നെ രക്ഷിച്ചത്. സിനിമ നന്നായി വരും സർ എന്ന് അദ്ദേഹം മമ്മൂട്ടി സാറോട് പറഞ്ഞ് കൊണ്ടിരുന്നു. എപ്പോൾ ഷൂട്ടിംഗ് തീരും, എപ്പോൾ റിലീസ് ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ഡബ്ബിംഗ് സമയത്ത് അദ്ദേഹത്തിന് ദേഷ്യം വരുമായിരുന്നു. ഇടയ്ക്ക് ഇറങ്ങിപ്പോകുമായിരുന്നു. തനിക്ക് തൃപ്തി വരാത്തതിനാൽ ഒരു സീനിൽ ഡബ്ബിംഗ് വീണ്ടും വീണ്ടും ചെയ്യിച്ചു.

സിനിമ റിലീസ് ചെയ്തപ്പോൾ അന്നത്തെ ഒരു മാധ്യമത്തിൽ മമ്മൂട്ടിയുടെ ഡബ്ബിംഗിനെക്കുറിച്ച് പരാമർശിച്ചിരുന്നെന്നും ലിംഗുസാമി ഓർത്തു. തമിഴ് നടൻമാർ ഡബ്ബിംഗിൽ സംസാരിക്കുന്നത് മലയാള നടൻ മമ്മൂട്ടിയിൽ നിന്ന് പഠിക്കണമെന്നാണ് ആ മാധ്യമത്തിൽ പറഞ്ഞത്. ഇത് മമ്മൂട്ടിയെ കാണിച്ചിരുന്നെന്നും ലിംഗുസാമി പറയുന്നു. മനസിലൊന്നും വെക്കാത്ത ആളാണ് മമ്മൂട്ടിയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി ആനന്ദത്തിൽ അഭിനയിച്ചതെന്ന പ്രചരണം തെറ്റാണെന്നും ലിംഗുസാമി പറയുന്നുണ്ട്. ശമ്പളമില്ലാതെയല്ല. സിനിമയുടെ കേരളത്തിലെ റെെറ്റ്സ് അദ്ദേഹം വാങ്ങി. വലിയ പ്രതിഫലം ആ കാലത്ത് അദ്ദേഹം വാങ്ങുന്നുണ്ട്. പക്ഷെ ശമ്പളം വാങ്ങാതെ കേരള റൈറ്റ്സ് വാങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അഞ്ച് ലക്ഷം രൂപ ശമ്പളവും കേരള റൈറ്റ്സും മമ്മൂട്ടിക്ക് നൽകി. മമ്മൂട്ടി ശമ്പളം വാങ്ങിയില്ലെന്ന് പറഞ്ഞ് ആരോ അഭിമുഖം കൊടുത്തു. അത് സത്യമല്ലെന്ന് ലിംഗുസാമി വ്യക്തമാക്കി.


Click it and Unblock the Notifications