'സബ്ജക്ടിന് പുതുമയുണ്ടെങ്കിൽ മുകേഷിനെ വെച്ച് സിനിമ ചെയ്താലും വിജയിക്കും, കോമഡി ചെയ്യണമെന്നായിരുന്നു ജയറാമിന്'
ഒരു കാലത്ത് ലോ ബഡ്ജറ്റ് കോമഡി പടങ്ങളുടെ രാജാവായിരുന്ന സംവിധായകനായിരുന്നു നിസാർ. 1994ൽ ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ സുദിനം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടായിരുന്നു നിസാറിന്റെ സ്വതന്ത്ര്യ സംവിധായകനായുള്ള മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ജയറാം, ദിലീപ്, മാധവി, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒട്ടനവധി സിനിമകളിൽ നായകനായി ജയറാം പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒട്ടുമിക്ക മലയാളികൾക്കും പ്രിയപ്പെട്ട ജയറാം സിനിമയാണ് സുദിനം.
ഈ സിനിമ നിസാറിന്റെ കരിയറിലും വലിയ നാഴികകല്ലായി മാറിയിട്ടുണ്ട്. ഇന്റസ്ട്രിയിൽ ഇപ്പോഴും സുദിനം നിസാറെന്ന പേരിലാണ് ഈ സംവിധായകൻ അറിയപ്പെടുന്നത്. സുദിനത്തിനുശേഷം ത്രീ മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, പടനായകൻ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളും നിസാറിന്റെ സംവിധാനത്തിൽ പിറന്നു.

ഇരുപത്തിയഞ്ചോളം സിനിമകൾ ചെയ്തിട്ടുള്ള നിസാറിന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമ ടു മെൻ ആർമിയാണ്. അതേസമയം ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുദിനം സിനിമയെ കുറിച്ചും താരങ്ങൾക്കൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങളും നിസാർ പങ്കുവെച്ചു. സുദിനം സിനിമയുടെ സ്ക്രിപ്റ്റുമായി ജയറാമിനെ സമീപിച്ചപ്പോൾ കോമഡി പടം ചെയ്യണമെന്ന് താരം ആദ്യം നിർബന്ധം പിടിച്ചിരുന്നുവെന്ന് നിസാർ പറയുന്നു.
സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ദിലീപിനെ വെച്ച് മൂന്ന്, നാല് സിനിമകൾ ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ കൂടെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ ഒന്ന് ഇറങ്ങിയിട്ടില്ല. ആദ്യം ഒരു സിനിമ സുരേഷ് ഗോപിയെ വെച്ച് പ്ലാൻ ചെയ്തിരുന്നു. പക്ഷെ അത് നിർമാതാവിനെ കിട്ടാനുള്ള പ്രശ്നങ്ങൾ കൊണ്ട് നടന്നില്ല.
ബാബു ജനാർദ്ദനന്റെ സ്ക്രിപ്റ്റായിരുന്നു. പിന്നെ ആ പടമാണ് വർണ്ണപകിട്ടായിട്ട് വന്നത്. പിന്നീട് ബുള്ളറ്റെന്നൊരു സിനിമ സുരേഷേട്ടനെ വെച്ച് ചെയ്തു. കൂടാതെ മറ്റൊരു വലിയ പടം കൂടി ചെയ്തു. പ്രൊഡ്യൂസറുടെ സാമ്പത്തിക പ്രശ്നം കൊണ്ട് പുറത്ത് വന്നില്ല. വസുന്ദര ദാസായിരുന്നു ഹീറോയിൻ. അതുപോലെ അടുത്തിടെ ഒരു സിനിമ ഞാൻ ചെയ്തിരുന്നു. 2മെൻ ആർമി എന്നായിരുന്നു സിനിമയുടെ പേര്. ഇന്ദ്രൻസും സിദ്ദിഖിന്റെ മകനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു റൂമിൽ ഒരു രാത്രിയിലുള്ള കഥയാണ്. ത്രില്ലറാണ്. വെറും നാല് ദിവസമെ ആ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളു. അത് ഉടനെ റിലീസ് ചെയ്യും. സബ്ജക്ട് ജനത്തിന് സ്വീകാര്യമാണെങ്കിൽ അവിടെ ന്യൂജനറേഷനെന്നോ ഓൾഡ് ജനറേഷനെന്നോ ഇല്ല. നല്ലതാണെങ്കിൽ ജനം സ്വീകരിക്കും. സബ്ജക്ടിന് പുതുമയുണ്ടെങ്കിൽ മുകേഷിനെ വെച്ച് സിനിമ ചെയ്താലും വിജയിക്കും.

സുദിനം എന്നൊരു സിനിമയാണ് ഞാൻ ജയറാമിനെ വെച്ച് ആദ്യമായി ചെയ്തത്. അധ്യാപിക എന്നൊരു സിനിമയുടെ വേറൊരു രൂപമായിരുന്നു സുദിനം. ഇന്നും സുദിനം ചെയ്ത നിസാർ എന്ന പേരിലാണ് ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. ജയറാമിന് കോമഡി പടം ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. വേണ്ട കുടുംബ കഥ ചെയ്യാമെന്ന് ഞാനാണ് പറഞ്ഞത്. പിന്നീട് കോമഡിയും ആക്ഷനുമെല്ലാം ജയറാമിനൊപ്പം ചെയ്തിട്ടുണ്ട്.
തുളസീദാസിനൊപ്പം വർക്ക് ചെയ്തിട്ടുള്ളതുകൊണ്ടാണ് ജയറാമുമായൊക്കെ സൗഹൃദമുണ്ടായത്. നല്ലൊരു സബ്ജെക്ട് കിട്ടിയാൽ ലാലേട്ടന്റെയും മമ്മൂക്കയുടെയും അടുത്ത് പോയി സംസാരിക്കുമെന്ന് നിസാർ പറയുന്നു. അതേസമയം കുറച്ച് വർഷം മുമ്പ് നിസാർ സംവിധായകനായി തമിഴിലേക്ക് അരങ്ങേറുന്നതായി വാർത്തകൾ വന്നിരുന്നു.
മാത്രമല്ല സിനിമയുടെ ട്രെയിലർ അടക്കമുള്ളവ റിലീസ് ചെയ്യയുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. റാം കുമാര്‍, ഇനിയ, വിദ്യാ പിള്ള മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലെെവാസല്‍ വിജയ് തുടങ്ങിയവരും കളേഴ്സിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











