വന്ന വഴി മറക്കാത്ത നന്ദിയുള്ള മനുഷ്യൻ, ഉണ്ണി മുകുന്ദനിലെ നടനേക്കാൾ ഇഷ്ടം വ്യക്തിയെ; നടന് പിന്തുണയുമായി ഒമർ
സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും വന്ന് മലയാള സിനിമയുടെ മുൻനിരയിൽ എത്തി പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന താരമായി കഴിഞ്ഞു ഉണ്ണി മുകുന്ദൻ. എന്നാൽ കഴിഞ്ഞ ദിവസം നടനെ കുറിച്ച് പുറത്തുവന്ന വാർത്തകൾ ഉണ്ണി മുകുന്ദനെ സ്നേഹിക്കുന്നവർക്ക് വിശ്വാസിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.
ഇന്റസ്ട്രിയിലുള്ള മറ്റൊരു താരത്തിന്റെ സിനിമയെ കുറിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതിന് നടൻ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മുൻ മാനേജർ ഉണ്ണി മുകുന്ദന് എതിരെ നൽകിയ പരാതിയിൽ പറയുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ പ്രമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറാണ് ഉണ്ണി മുകുന്ദന് എതിരെ പരാതിയുമായി രംഗത്ത് എത്തിയത്.

മാർക്കോയ്ക്കുശേഷം ഇറങ്ങിയ ഗെറ്റ് സെറ്റ് ബേബി വിജയമാകാതിരുന്നതിനാൽ നടൻ വലിയ നിരാശയിലായിരുന്നുവെന്നും വിപിൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. മുൻ മാനേജരും ഉണ്ണി മുകുന്ദനും തമ്മിലുള്ള കേസ് വിവാദമായ സാഹചര്യത്തിൽ സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ ഒമർ ലുലു നടനെ പിന്തുണച്ച് രംഗത്ത് എത്തി.
ഉണ്ണി മുകുന്ദനിലെ നടനേക്കാൾ തനിക്ക് ഇഷ്ടം അദ്ദേഹത്തിലെ വ്യക്തിയെയാണന്നും വന്ന വഴി മറക്കാത്ത താരമാണെന്നും അതിനാൽ നടൻ വിജയിക്കുമെന്നുമാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. എനിക്ക് ഉണ്ണിമുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതൽ ഇഷ്‌ടം. ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ.
ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും 'കോൻ ഏ തൂ?' എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാൽ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ... അയാൾ വിജയിച്ചിരിക്കും എന്നായിരുന്നു ഒമർ ലുലുവിന്റെ വാക്കുകൾ. വിഷയത്തിൽ സിനിമാ മേഖലയിൽ നിന്നും നടനെ പിന്തുണച്ച് രംഗത്ത് വന്ന ഒരേയൊരാൾ ഒമർ ലുലു മാത്രമാണ്.
എന്നാൽ ഒമർ ലുലുവിന്റെ കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഡേറ്റിന് വേണ്ടിയാണ് സംവിധായകൻ പിന്തുണച്ച് പോസ്റ്റിട്ടതെന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. ഇങ്ങനെ ഒന്നും പറഞ്ഞതുകൊണ്ട് ഉണ്ണിയുടെ ഡേറ്റ് ഒമറിന് കിട്ടാൻ പോകുന്നില്ല, മറ്റുള്ളവരുടെ ഒരു സിനിമ വിജയിച്ചതിന് അഭിനന്ദിച്ചപ്പോൾ കേറി അടിക്കുന്നത് ശരിയാണോ?.

അൽപത്തരത്തിനും സപ്പോർട്ട് കഷ്ടം തന്നെ, ഉണ്ണിയുടെ പ്രതികരണം കൂടെ വരട്ടെ. ബാല വിഷയത്തിൽ കണ്ടതാണ്. അവസാനം വാദി പ്രതിയാവുന്നത് എന്നിങ്ങനെയാണ് കമന്റുകൾ. കഴിഞ്ഞ ദിവസം രാത്രിയാണ് ഉണ്ണി മുകുന്ദന് എതിരെ മനേജർ കേസ് കൊടുത്ത വിവരം വാർത്തയായത്. എന്നാൽ നടൻ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നരിവേട്ട സിനിമയെ പ്രശംസിച്ച് വിപിനിട്ട പോസ്റ്റാണ് ഉണ്ണി മുകുന്ദനെ ചൊടിപ്പിച്ചതത്രെ. അവസാനമായി ഉണ്ണി മുകുന്ദൻ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ ഗെറ്റ് സെറ്റ് ബേബിയായിരുന്നു. നിഖില വിമലയായിരുന്നു നായിക. സിനിമ പരാജയമായശേഷം നായികയുമായും ഉണ്ണിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും മനേജർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മാർക്കോയായിരുന്നു ഉണ്ണിയുടെ ഹിറ്റായ അവസാന സിനിമ.
സിനിമാ നിർമ്മാണത്തിലേക്ക് ഉണ്ണി ഇറങ്ങിയിട്ട് കുറച്ച് വർഷങ്ങളേയാകുന്നുള്ളു. മൾട്ടിസ്റ്റാർ ചിത്രങ്ങളിലേക്കും വില്ലൻ വേഷങ്ങളിലേക്കും താൻ ഒതുക്കപ്പെട്ട് തുടങ്ങിയതോടെയാണ് സിനിമ നിർമിച്ച് അഭിനയിച്ച് തുടങ്ങിയതെന്ന് മുമ്പൊരിക്കൽ നടൻ പറഞ്ഞിരുന്നു. അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയാണ് നരിവേട്ട.


Click it and Unblock the Notifications











