'മകൻ്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം, അഞ്ച് മാസം മുമ്പ് കണ്ടതിനേക്കാൾ ഉല്ലാസവതിയായിരിക്കുന്നു ശാന്തയാൻ്റി'
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇന്ന് പ്രിയ താരം മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. അർധരാത്രി മുതൽ സോഷ്യൽമീഡിയകളിലെല്ലാം മോഹൻലാലിന്റെ ഫോട്ടോയും മാഷപ്പ് വീഡിയോകളും കൊണ്ട് നിറഞ്ഞു. വർഷങ്ങൾ എത്ര കഴിഞ്ഞാലും ലാലേട്ടനോടുള്ള മലയാളികളുടെ സ്നേഹത്തിന് ഒട്ടും തന്നെ കുറവ് വരില്ല. ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു താര രാജാവിന്റെ അറുപത്തിനാലാം പിറന്നാൾ ആഘോഷം. പിറന്നാള്‍ കേക്ക് നല്‍കുന്ന ഭാര്യ സുചിത്രയെയും വീഡിയോയില്‍ കാണാവുന്നതാണ്.
മോഹന്‍ലാലിന്‍റെ ഫോട്ടോ പതിപ്പിച്ച മനോഹരമായ കേക്കാണ് സുഹൃത്തുക്കൾ താരത്തിനായി ഒരുക്കിയിരുന്നത്. അതേസമയം മലയാളത്തിന്‍റെ പ്രിയനടന് ആശംസകളറിയിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ഫാന്‍സിനു മുമ്പ് ആശംസയറിച്ചു കൊണ്ട് മമ്മൂട്ടിയുടെ പോസ്റ്റാണ് ആദ്യം എത്തിയത്. മമ്മൂട്ടിയെ കൂടാതെ മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ടോവിനോ തോമസ്, ദിലീപ് ഉള്‍പ്പെടെയുള്ളവരും ആശംസ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നവരുടെ കൂട്ടത്തിൽ അന്തരിച്ച സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭനുമുണ്ട്. മോഹൻലാലുമായും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയുമായും തനിക്കും കുടുംബത്തിനുമുള്ള ആത്മബന്ധത്തെ കുറിച്ച് കുറിപ്പിൽ അനന്തപത്മനാഭൻ എഴുതി. കഴിഞ്ഞ ആഴ്ച്ചയും അമ്മ കൊച്ചിയിൽ വന്നപ്പോൾ എളമക്കര ശ്രീ ഗണേശിൽ പോയിരുന്നു. ശാന്ത ആൻ്റിയെ കണ്ടിരുന്നു.
(അമ്മ ഇവിടെ വരുമ്പോഴൊക്കെ പോവും. ആറ് വർഷം മുമ്പ് എൺപതാം പിറന്നാളിന് ക്ഷണിക്കപ്പെട്ട മൂന്ന് സതീർത്ഥ്യകളിൽ ഒന്ന് അമ്മയായിരുന്നു). അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാൾ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആൻ്റി. രഘുപതി രാഘവ രാജാറാ പാടി. കുറെ ചിരിച്ചു. ഇടയ്ക്ക് ഇറങ്ങാം അമ്മേ എന്ന് പറഞ്ഞപ്പോൾ അനങ്ങിപ്പോവരുതെന്ന് കാണിച്ച് തമാശക്ക് എന്നെ തല്ലാൻ കൈ ഉയർത്തി.
എത്ര തമാശകൾ പറഞ്ഞിരുന്ന ആളാണ്... മകൻ്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാ എന്ന് പിന്നെയും മനസിൽ പറഞ്ഞു. കുറേ പലഹാരങ്ങൾ കഴിപ്പിച്ചു. കൈ പിടിച്ച് ഉമ്മവെച്ചു. പടി വരെ വന്ന് യാത്രയാക്കി. ചിത്രങ്ങൾ പുറത്ത് കൊടുക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് അത് ചെയ്യുന്നില്ല. ഇറങ്ങുമ്പോൾ ഓർത്തു... എത്ര സൗഭാഗ്യവതിയായ അമ്മ. ആ സുകൃതിയായ മകന്... പ്രിയപ്പെട്ട ലാലേട്ടന് ഇനിയും ഒത്തിരി പിറന്നാളുകൾ നേരുന്നു എന്നായിരുന്നു അനന്തപത്മനാഭന്റെ കുറിപ്പ്. അമ്മയെന്നാൽ ജീവനാണ് മോഹൻലാൽ എന്ന വ്യക്തി.
അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് മലയാളികൾ കണ്ടിട്ടുള്ളതാണ്. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കം വാക്കുകളിൽ ഒതുക്കുകയാണ് താരരാജാവിന്റെ പതിവെങ്കിലും അദ്ദേഹത്തിന്റെ അമ്മ നമുക്ക് സുപരിചിതയാണ്. പ്രായത്തിന്റേതായ അവശതകൾ മൂലം താരത്തിന്റെ അമ്മയിപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.

തണലും തണുപ്പും ഏകുന്ന ആൽമരം പോലെയാണ് അമ്മമാർ. ഓരോ തവണയും തളരുമ്പോൾ ഞാൻ ആ മാറിലേക്ക് മനസ് കൊണ്ട് മുഖം ചേർത്ത് വെയ്ക്കും. അവിടെ സ്നേഹത്തിന്റെ പാലാഴി ഇരമ്പുന്നത് കേൾക്കും. ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ എല്ലാ അമ്മമാരും ഒരുപോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഛായകൊണ്ടും സ്നേഹം കൊണ്ടും എല്ലാം എന്റെ ഏറ്റവും ലോലമായ മാനസിക ഭാവങ്ങൾ പോലും തൊട്ടറിയാൻ എന്റെ അമ്മയ്ക്ക് സാധിക്കും.
എന്റെ മനസൊന്ന് നൂലിട മാറിയാൽ മതി വേദനിച്ചാൽ മതി അമ്മ കൃത്യമായി ചോദിക്കും എന്ത് പറ്റി മക്കളേ എന്ന്... എന്തേ ലാലു എന്ന്. അമ്മ എനിക്ക് വാക്കുകൾക്ക് അതീതമായ ഒരനുഭവമാണ് എന്നാണ് മോഹൻലാൽ അടുത്തിടെ മാതൃദിനത്തിൽ അമ്മയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
2007 ലാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ മരിക്കുന്നത്. മോഹൻലാലിന്റെ ജേഷ്ഠ സഹോദരൻ പ്യാരിലാലും 2000ൽ മരണപ്പെട്ടിരുന്നു. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്ത കുമാരിയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ നിരവധി സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട് മോഹൻലാൽ.


Click it and Unblock the Notifications